- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിബിത ബാബുവിനെ നേരിൽ കണ്ടിട്ടില്ലെങ്കിലും പലതവണയായി 15 ലക്ഷത്തോളം രൂപ നൽകി; സുഹൃത്തെന്ന നിലയിലാണ് പണം നൽകിയത്; വിബിതയും ആയുള്ള ചാറ്റുകൾ ഇതിന് തെളിവായി ഉണ്ടെന്നും അമേരിക്കൻ മലയാളി മാത്യു സെബാസ്റ്റ്യൻ; വിബിതയ്ക്ക് എതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത് തിരുവല്ല പൊലീസ്
തിരുവല്ല: കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയും ചാനലുകളും ജനപ്രിയ മാധ്യമങ്ങളും വൈറൽ ആക്കുകയും ഫലം വന്നപ്പോൾ എട്ടുനിലയിൽ പൊട്ടുകയും ചെയ്ത അഡ്വ. വിബിത ബാബുവിനെതിരേ തട്ടിപ്പ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. വിബിതയുടെ പിതാവ് ബാബു തോമസ് കൂട്ടുപ്രതിയാണ്.
അമേരിക്കയിൽ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോൽ ജീസസ് ഭവനിൽ മാത്യു സി. സെബാസ്റ്റ്യ(75)ന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പല തവണയായി വിബിതയുടെയും പിതാവ് ബാബു തോമസിന്റെയും അക്കൗണ്ട് വഴി 14,16,294 രൂപ കൈപ്പറ്റിയ ശേഷം തിരികെ നൽകാതെ കബളിപ്പിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
വിബിത തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴടക്കമാണ് പതിനഞ്ച് ലക്ഷത്തോളം രൂപ കടമായി നൽകിയതെന്ന് പ്രവാസി മലയാളിയായ മാത്യു ടി സെബാസ്റ്റ്യൻ പറയുന്നു. അഭിഭാഷക കൂടിയായ വിബിത ബാബുവിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. വിബിതയും താനും തമ്മിൽ സ്ഥിരമായി ഫോണിൽ സംസാരിച്ചുള്ള ബന്ധമാണ്. പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ പുറത്താണ് പണം നൽകിയതെന്നാണ് മാത്യു സെബാസ്റ്റ്യൻ പറയുന്നത്.
പല തവണയായി 15 ലക്ഷത്തോളം രൂപ നൽകി. വിബിത തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോഴും പണം നൽകി. ആ സമയത്ത് ബന്ധുവിന്റെയും സുഹൃത്തിന്റെയും പേരിലാണ് പണം നൽകിയത്. വിബിതയുടെ പേരിലും അമേരിക്കയിൽ നിന്ന് പലപ്പോഴായി പണമയച്ചു. നേരിൽ കണ്ടിട്ടില്ലെങ്കിലും സുഹൃത്ത് എന്ന നിലയിലാണ് പണം നൽകിയത്. വിബിതയുമായി നടത്തിയ ചാറ്റുകൾ ഇതിന് തെളിവെന്നും പരാതിക്കാരൻ വിശദീകരിച്ചു'. പൊലീസിൽ പരാതിപ്പെട്ടശേഷം തന്നെ കുടുക്കാൻ വിബിത ശ്രമിക്കുകയാണെന്നും മാത്യു സെബാസ്റ്റ്യൻ ആരോപിച്ചു.
ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെ കഴിഞ്ഞ ദിവസമാണ് മാത്യു സെബാസ്റ്റ്യൻ കേസ് നൽകിയത്.
എഫ്‌ഐആറിൽ പറയുന്നത്
വിബിത തന്റെ സുഹൃത്ത് വഴിയാണ് യുഎസ്എയിൽ താമസിക്കുന്ന മാത്യു സി. സെബാസ്റ്റ്യനെ പരിചയപ്പെട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു. തുടർന്ന് തന്റെ വസ്തു സംബന്ധമായ കേസുമായി ബന്ധപ്പെട്ട് 2020 ജൂലൈ 19 കഴിഞ്ഞ ജനുവരി ഏഴിനുമിടയിൽ മണി ട്രാൻസ്ഫർ വഴി 8,78,117 രൂപയും 2021 മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ 1,41,985 രൂപയും തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനെന്ന പേരിൽ പിതാവ് ബാബുവിന്റെ അക്കൗണ്ടിലേക്ക് 2020 നവംബർ 29 മുതൽ ഡിസംബർ 23 വരെ 2,91,984 രൂപയും 2020 നവംവർ 10 ന് വിബിതയുടെ നിർദ്ദേശാനുസരണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 1,04,208 രൂപയും അടക്കം 14,16,294 രൂപ തട്ടിയെടുത്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം പണം തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനമെന്ന് മാത്യു പറയുന്നു. തെരഞ്ഞെടുപ്പിന് മത്സരിക്കാനെന്ന് പറഞ്ഞാണ് ഒടുവിൽ പണം വാങ്ങിയത്. പണം കിട്ടില്ലെന്ന് മനസിലായപ്പോൾ കഴിഞ്ഞ ജൂൺ 17 ന് വിബിതയ്ക്ക് വക്കിൽ നോട്ടീസ് അയച്ചു. നിങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്‌തോ പണം ഞങ്ങൾ തിരികെ നൽകില്ല എന്നായിരുന്നു മറുപടി. ഇതേ തുടർന്നാണ് തിരുവല്ല പൊലീസിൽ കേസ് കൊടുത്തത്.
നിലവിൽ വിബിത മഹിളാ കോൺഗ്രസിന്റെ ജില്ലാ നേതാവാണ്. നേരത്തേ സിപിഎമ്മിനൊപ്പമായിരുന്ന വിബിത അവിടെ മത്സരിക്കാൻ സീറ്റ് കിട്ടാതെ വന്നപ്പോഴാണ് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാവാണ് ഇവർക്ക് സീറ്റ് വാങ്ങി നൽകിയത്. അങ്ങനെ മല്ലപ്പള്ളി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. ഇതോടെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ പ്രശ്‌നങ്ങൾ ഉടലെടുത്തു. പക്ഷേ, സകലരെയും ഞെട്ടിച്ചു കൊണ്ട് വിബിത വൈറൽ ആകുന്നതാണ് പിന്നീട് കണ്ടത്.
ചാനലുകളിൽ ദിവസം ഒന്നെന്ന കണക്കിൽ വിബിത പ്രത്യക്ഷപ്പെട്ടു. കോട്ടയത്തു നിന്നിറങ്ങുന്ന ജനപ്രിയ വാരികയുടെ മുഖചിത്രമായി. വേഷവിധാനങ്ങളിലൂടെയാണ് വിബിത ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിബിത ജയിക്കുമെന്ന് തന്നെ എല്ലാവരും കരുതി. പക്ഷ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ദയനീയ പരാജയം ഏറ്റുവാങ്ങി.
ബിജെപി സ്ഥാനാർത്ഥി അടക്കം മികച്ച പ്രകടനം കാഴ്ച വച്ച ഇവിടെ സിപിഎം സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇതോടെ സിപിഎം നേതാവിന്റെ വക്കീൽ ഓഫീസിൽ നിന്ന് വിബിത പടിയിറങ്ങി. ഇപ്പോൾ സ്വന്തം ഓഫീസിട്ടാണ് പ്രവർത്തിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ