കുവൈറ്റ് സിറ്റി: ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'ക്കിടെ മിസൈലേറ്റ് 3 അമേരിക്കന്‍ എഫ്-15 പോര്‍ വിമാനങ്ങള്‍ തകര്‍ന്നത് എങ്ങനെയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുവൈറ്റ് വ്യോമസേനയുടെ എഫ്/എ-18 ഹോര്‍നെറ്റ് (F/A-18 Hornet) യുദ്ധവിമാനം അബദ്ധത്തില്‍ തൊടുത്തുവിട്ട മിസൈലുകള്‍ ഏറ്റാണ് മൂന്ന് അമേരിക്കന്‍ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ (F-15E Strike Eagle) വിമാനങ്ങള്‍ തകര്‍ന്നു വീണത്. നേരത്തെ കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വെടിയേറ്റാണ് വിമാനം തകര്‍ന്നത് എന്നായിരുന്നു ധാരണ. വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് പുതിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

അബദ്ധം പറ്റിയത് എങ്ങനെ?

യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച്, കുവൈറ്റ് പൈലറ്റ് ശത്രുവിമാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് തൊടുത്തുവിട്ട മൂന്ന് മിസൈലുകളാണ് അമേരിക്കന്‍ വിമാനങ്ങളെ വീഴ്ത്തിയത്. കുവൈറ്റ് വ്യോമാതിര്‍ത്തിയിലേക്ക് ഇറാനിയന്‍ ഡ്രോണുകള്‍ അതിക്രമിച്ചു കയറുന്നതിനിടെയാണ് ഈ 'ഫ്രണ്ട്ലി ഫയര്‍' (അബദ്ധത്തിലുള്ള ആക്രമണം) ഉണ്ടായത്.

വിമാനങ്ങള്‍ തകര്‍ന്നെങ്കിലും അതിലുണ്ടായിരുന്ന പൈലറ്റുമാരും ക്രൂ അംഗങ്ങളും പാരഷൂട്ട് വഴി അദ്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കന്‍ വിമാനം തീപിടിച്ച് ആകാശത്തുനിന്നും കറങ്ങി താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ വിമാനങ്ങള്‍ തങ്ങളെ ആക്രമിക്കാനെത്തുകയാണെന്ന ഭീതിയില്‍ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലായിരുന്നു. ഈ പരിഭ്രാന്തിക്കിടയിലാണ് അമേരിക്കന്‍ വിമാനങ്ങളെ കുവൈറ്റ് പൈലറ്റ് വെടിവെച്ചിട്ടതെന്നാണ് കരുതുന്നത്.

വിദഗ്ദ്ധര്‍ അമ്പരപ്പില്‍

സഖ്യകക്ഷികളായ രാജ്യങ്ങളുടെ വിമാനങ്ങളെ തിരിച്ചറിയാനുള്ള 'ഐഎഫ്എഫ്' (Identification Friend or Foe) സംവിധാനം നിലവിലുണ്ടായിട്ടും എങ്ങനെ ഇത്തരമൊരു അബദ്ധം സംഭവിച്ചു എന്നത് വ്യോമയാന വിദഗ്ദ്ധരെ കുഴപ്പിക്കുന്നുണ്ട്. അമേരിക്കന്‍ വിമാനങ്ങള്‍ ഈ സംവിധാനം ഓഫ് ചെയ്തിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

സംഭവത്തില്‍ അമേരിക്കയും കുവൈറ്റും പ്രത്യേക അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചു. വിമാനങ്ങള്‍ തങ്ങളാണ് വെടിവെച്ചിട്ടതെന്നായിരുന്നു ഇറാന്‍ ആദ്യം അവകാശപ്പെട്ടതെങ്കിലും, അത് അമേരിക്കന്‍ സൈന്യം തള്ളിക്കളഞ്ഞു. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) നല്‍കുന്ന വിവരമനുസരിച്ച് ഏകദേശം 200 യുദ്ധവിമാനങ്ങളാണ് നിലവില്‍ ഈ സൈനിക നീക്കത്തില്‍ പങ്കെടുക്കുന്നത്.

യുദ്ധം മുറുകുന്നു

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ യുദ്ധം രൂക്ഷമായത്. ഖമനേയിയുടെ വധത്തിന് പിന്നാലെ കുവൈറ്റിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വന്‍തോതില്‍ മിസൈലുകളും ഡ്രോണുകളും അയച്ചു.ശനിയാഴ്ച കുവൈറ്റിലെ ഷുഐബ തുറമുഖത്തുള്ള യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 6 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.