തിരുവനന്തപുരം: അദാനി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ സൈനിക വിമാനത്തെ പറപ്പിക്കാനാകുമോ എന്ന് പരിശോധിക്കാനുള്ള വിദഗ്ധര്‍ തിരുവനന്തപുരത്ത്. രാജകീയമായി അവരെത്തിയ എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി. യുദ്ധ വിമാനം എയര്‍ ലിഫ്റ്റ് ചെയ്തു കൊണ്ടു പോകുന്നതിന് പ്രഥമ പരിഗണനയില്ലെന്നാണ് സൂചന. അറ്റ്‌ലസ് 400 എം ശ്രേണിയിലുള്ള പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് സംഘം എത്തിയത്. 17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന. ബ്രിട്ടീഷ് വിദഗ്ദ്ധസംഘം തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. വിമാനം നിര്‍മിച്ച ലോക്ഹീഡ് മാര്‍ട്ടിന്റെ എയറോനോട്ടിക് വിദഗ്ദ്ധരുള്‍പ്പെടെ 25 അംഗ സംഘമാണ് എത്തിയത്.

എഫ് 35 ബി വിമാനം പറത്തി തിരുവനന്തപുരത്ത് എത്തിയ പൈലറ്റ് നേരത്തെ തിരിച്ചു പോയിരുന്നു. വിമാനം നിലത്തിറങ്ങിയ ശേഷം തൊട്ടടുത്ത് തന്നെ കസേരയിട്ട് ആ പൈലറ്റിരുന്നു. പിന്നാലെ യുദ്ധ കപ്പലില്‍ നിന്നും രണ്ടു പേരെത്തി. അവര്‍ വിമാനം പരിശോധിച്ചു. ഇവര്‍ മടങ്ങിയ ശേഷം എല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ സുരക്ഷയിലായിരുന്നു ആ യുദ്ധ കപ്പല്‍. പക്ഷേ രഹസ്യ ചോര്‍ച്ചയിലെ സംശയങ്ങള്‍ ഉയരുമെന്നതിനാല്‍ ഇന്ത്യാക്കാര്‍ ആരും വിമാനത്തിന് അടുത്ത് പോയില്ല. ബ്രിട്ടണ്‍ വിമാനത്തില്‍ ഉപഗ്രഹ നിരീക്ഷണവും നടത്തി. അങ്ങനെ മഴയും വെയിലും കൊണ്ട് ആരും അടുത്തു പോലും പോകാതെ കിടന്ന യുദ്ധ വിമാനത്തെ ശരിയാക്കാനാണ് അമേരിക്കന്‍-ബ്രിട്ടീഷ് വിദഗ്ധര്‍ തിരുവനന്തപുരത്ത് എത്തിയത്. എയര്‍ബസിന്റെ പറന്നിറങ്ങല്‍ അത്യപൂര്‍വ്വ കാഴ്ചയുമായി.

യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും. എഫ് 35 എന്ന ശ്രേണിയിലെ യുദ്ധ വിമാനത്തെ നന്നാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ബ്രിട്ടീഷ് നാവിക സേനയുടെ പ്രതീക്ഷ. മൂന്ന് സാദ്ധ്യതകളാണ് പരിഗണിക്കുന്നത്. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ബേയില്‍ വച്ച് തകരാര്‍ പരിഹരിക്കുക, എയര്‍ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുക, രണ്ടും സാദ്ധ്യമായില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചുമാറ്റി ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ എയര്‍ലിഫ്റ്റ് നടത്തുക. വിമാനം എയര്‍ലിഫ്റ്റിംഗ് നടത്തുകയാണെങ്കില്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ്, ഹാന്‍ഡ്‌ലിംഗ്, ലാന്‍ഡിംഗ് ഫീസുകള്‍ ബ്രിട്ടീഷ് സേന അടയ്ക്കും. ഏതായാലും ഈ തുകകള്‍ക്ക് വേണ്ടി ഇന്ത്യ നിര്‍ബന്ധം പിടിക്കില്ല. സൈനിക വിമാനമായതു കൊണ്ടാണ് ഇളവുകള്‍ നല്‍കാനുള്ള ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ തീരുമാനം. ഇക്കാര്യം അദാനി കമ്പനിയേയും അറിയിച്ചിട്ടുണ്ട്.

എഫ്-35 ബിയുടെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനികവിമാനത്തില്‍ ബ്രിട്ടണിലേക്കു കൊണ്ടുപോകാനാണ് തീരുമാനം എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷേ കാര്യങ്ങള്‍ അങ്ങനെ അല്ല എന്നാണ് സൂചന. അറ്റ്‌ലസ് 400 എം ശ്രേണിയിലുള്ള പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് സംഘം എത്തിയത്. ഈ വിമാനത്തില്‍ യുദ്ധ വിമാനത്തെ കൊണ്ടു പോകാന്‍ കഴിയില്ല.. ആദ്യം ഇവര്‍ യുദ്ധ വിമാനത്തെ തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനും ശ്രമം നടത്തും. ഇതിനായി ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണു സൂചന. യുദ്ധ വിമാനത്തിന്റെ തകരാറു പരിഹരിക്കല്‍ ആകെ വീഡിയോയില്‍ പകര്‍ത്തും. ഈ സമയം മറ്റാരേയും ആ ഭാഗത്തേക്ക് കൊണ്ടു പോകില്ല. വിവര ചോര്‍ച്ച ഉണ്ടാകാതിരിക്കാനാണ് ഇത്.

എഫ്35ബിയെ ശരിയാക്കാന്‍ ദിവസങ്ങളെടുക്കും. വിമാനം നന്നാക്കാന്‍ കഴിയുമെന്നു തന്നെയാണ് ബ്രിട്ടീഷ് സേന കരുതുന്നതെന്ന് വ്യക്തമാണെന്നാണ് വിലയിരുത്തലുകള്‍. ബ്രൈസ് നോര്‍ട്ടന്‍ എയര്‍ബേസിലാണ് ബ്രിട്ടന്റെ പക്കലുള്ള എട്ട് സി-17 ഗ്ലോബ് മാസ്റ്റര്‍ കടത്തു വിമാനങ്ങളുടേയും താവളം. ഇവിടെ നിന്നാണ് അറ്റ്‌ലസ് വിമാനം പറന്നുയര്‍ന്നത്. എഫ്35ബി വിമാനം നന്നാക്കാനാവാത്ത അവസ്ഥയില്‍ ചിറകും വാലും ഇളക്കിമാറ്റി കയറ്റിക്കൊണ്ടുപോകുന്നതിന് ഏറ്റവും യോജിച്ച വിമാനമാണ് സി-17 ഗ്ലോബ്മാസറ്റര്‍. ഇതിലും ചെറുതാണ് അറ്റ്ലസ്. ഈ സാഹചര്യത്തിലാണ് യുദ്ധ വിമാനം തകരാറു പരിഹരിച്ച് പറത്തി കൊണ്ടു പോകാനാണ് ബ്രിട്ടന്റെ ശ്രമമെന്ന വിലയിരുത്തല്‍ സജീവമാകുന്നത്.

പക്ഷേ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ ചരക്കുവിമാനമായ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമെത്തിച്ച് എയര്‍ലിഫ്റ്റ് ചെയ്യും. യുദ്ധവിമാനത്തെ ഗ്ലോബ്മാസ്റ്ററില്‍ കയറ്റണമെങ്കില്‍ ചിറകുകള്‍ അഴിച്ചുമാറ്റേണ്ടി വരും. 14 മീറ്റര്‍ നീളവും 11 മീറ്റര്‍ ചിറകുവിസ്താരവുമാണ് എഫ്-35 ബി വിമാനത്തിന്. ഈ പ്രക്രിയ ചെയ്യാന്‍ വിമാന നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പരിശീലിപ്പിച്ച എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ കഴിയൂ. വിമാന ഭാഗങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ ബ്രിട്ടീഷ് സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കും. റെക്കോഡും ചെയ്യും. 2019ല്‍ അമേരിക്കയിലെ എഫ്-35 വിമാനത്തിന്റെ ചിറക് അഴിച്ചുമാറ്റി വ്യോമമാര്‍ഗം കൊണ്ടുപോയിട്ടുണ്ട്. ഫ്ലോറിഡയിലെ എഗ്ലിന്‍ എയര്‍ഫോഴ്‌സ് ബേസില്‍നിന്ന് ഒരു എഫ്-35 ലൈറ്റ്നിങ് 2 വിമാനം സി-17 ഗ്ലോബ്മാസ്റ്റര്‍ ഉപയോഗിച്ച് യൂട്ടായിലെ ഹില്‍ എയര്‍ഫോഴ്‌സ് ബേസിലേക്കാണ് അന്ന് മാറ്റിയത്. 2025-ല്‍ ദക്ഷിണ കൊറിയയില്‍ ഒരു എഫ്-35എ വിമാനം റോഡ് മാര്‍ഗം മാറ്റാനും ചിറകുകള്‍ നീക്കിയിരുന്നു.

ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കന്‍ നിര്‍മിത എഫ്-35ബി സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഇത്രയും ദിവസം സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ഫീസ് പൂര്‍ണമായും നല്‍കിയാകും വിമാനം കൊണ്ടുപോകുക. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്. 50,000 അടിവരെ ഉയരത്തില്‍ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറില്‍ 1200 മൈല്‍ വേഗത്തില്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍, തിരുവനന്തപുരത്തെ ഇന്റഗ്രേറ്റഡ് എയര്‍കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍സിസ്റ്റം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ ഉടന്‍ എഫ്-35 വിമാനത്തെ കണ്ടെത്തിയിരുന്നു. ശംഖുമുഖത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ വിമാനം ദിവസങ്ങളായി പാര്‍ക്ക് ചെയ്തിരിക്കുന്നത്.