കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ മലയാളത്തിലെ പ്രമുഖ നടൻ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്. ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്.

കൊച്ചിയിലെ ആദായ നികുതി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നടന്റെ മൊഴി രേഖപ്പെടുത്തിയത്. സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുകകളുമായി ബന്ധപ്പെട്ടും മറ്റു ഇതര ഭാഷാ, ഒ.ടി.ടി. സിനിമകൾക്കു ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ടുമുള്ള വ്യക്തത ലഭിക്കാനാണ് ഐ.ടി. വകുപ്പ് ഫഹദിനെ വിളിച്ചുവരുത്തിയത്. കണക്കുകളിൽ വ്യക്തത വരുത്താനാണ് വിളിപ്പിച്ചതെന്ന് ഫഹദ് ഫാസിൽ പ്രതികരിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് പല വിഭാഗങ്ങളിൽനിന്നുമായി ഫഹദ് വലിയ തുക അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ തിരക്കുകാരണം പല സിനിമകളിലും ഫഹദിന് അഭിനയിക്കാനായില്ല. കോടിക്കണക്കിനു രൂപ വരുന്ന അഡ്വാൻസ് തുക വരുമാനത്തിൽ ചേർത്തിട്ടില്ല എന്നതാണ് ആദായ നികുതി വകുപ്പ് ഫഹദിനെതിരേ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ഫഹദ് കൊച്ചിയിലെ ഐ.ടി. വകുപ്പ് ഓഫീസിലെത്തിയത്.

കഴിഞ്ഞ മാസം പ്രമുഖ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പിന്നാലെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മലയാള സിനിമാ രംഗത്തുനിന്ന് ഏകദേശം 70 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. വരും ദിവസങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൂടുതൽ പേരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് സാധ്യത.

രണ്ടുമാസം മുൻപ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്റെ തുടർച്ചയായിട്ടാണ് നടപടികൾ. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരിൽ നിന്ന് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മോഹൻലാലിനെ നേരിൽ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

മലയാള സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വിദേശത്തെ സ്വത്തുവകകൾ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഐ ടി വിഭാഗം അന്വേഷിക്കുന്നുണ്ട്. ഓവർസീസ് വിതരണാവകാശത്തിന്റെ മറവിലാണ് കോടികളുടെ സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും മലയാള സിനിമാ മേഖലയിൽ നടക്കുന്നതെന്നാണ് അന്വേഷണത്തിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.