- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആദിലയും നൂറയും വീട് പാലുകാച്ചലിനെത്തിയത് തന്റെ അറിവോടെയല്ല; സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നല്‍കി; സമൂഹത്തോട് ക്ഷമ ചോദിക്കുന്നു'; ഫേസ്ബുക്ക് പോസ്റ്റിട്ട് മലബാര്‍ ഗോള്‍ഡ് മുതലാളി; ക്വീര്‍ കമ്മ്യൂണിറ്റിയെ അധിക്ഷേപിച്ചെന്ന ആക്ഷേപം വന്നതോടെ പോസ്റ്റ് മുക്കി ഫൈസല്‍ എ കെ മലബാര്‍
'ആദിലയും നൂറയും വീട് പാലുകാച്ചലിനെത്തിയത് തന്റെ അറിവോടെയല്ല'
കൊച്ചി: മലബാര്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകനും നിലവിലെ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് എ. കെ. ഫൈസല്‍. അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞ ആഴ്ച്ച വളരെ ആഘോഷപൂര്‍വ്വമാണ് നടന്നത്. മലയാളം സിനിമയിലെയും ടെലിവിഷന്‍ രംഗത്തെയും സോഷ്യല്‍ മീഡിയയിലെയും അടക്കം സമൂഹത്തിലെ മിക്ക സെലബ്രിറ്റികളെയും ക്ഷണിച്ചുകൊണ്ടാണ് പാലുകാച്ചല്‍ ചടങ്ങ് നടന്നത്.
ഇങ്ങനെ പ്രമുഖര്‍ പാലുകാച്ചല്‍ ചടങ്ങിന് എത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് താനും. ഇതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ സെലബ്രിറ്റി ലെസ്ബിയന്‍ ദമ്പതികളായ നൂറയും ആദിലയും എത്തിയതാണ്. ഇരുവരും എത്തിയപ്പോള്‍ സ്വീകരിച്ച ഫൈസല്‍ എകെ പിന്നീട് അവരെ തള്ളിപ്പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായി. ആദിലയുടെയും നൂറയുടെയും ചിത്രങ്ങള്‍ പ്രചരിക്കുകയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയും ചെയ്തതോടെയാണ് ഫൈസല്‍ വിശദീകരണ പോസ്റ്റുമായി രംഗത്തുവന്നത്.
ഇവര്‍ വന്നത് തന്റെ അറിവോടെയല്ലെന്ന ഫൈസല്‍ എകെ മലബാറിന്റെ നിലപാട് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാടറിയിച്ചത്. ഗൃഹപ്രവേശന ചടങ്ങുകളില്‍ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തെന്നും ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങളെ സംബന്ധിച്ച് സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍, രണ്ട് പെണ്‍കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ല.
പൊതു സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യത്തില്‍ താറടിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുകയാണ്. വിഷയത്തില്‍ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു.
ഫൈസല്‍ എകെ മലബാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ ഗൃഹപ്രവേശന ചടങ്ങുകളില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ആഗോള തലത്തില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം സൗഹൃദങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍, എന്റെ പരിപാടിയില്‍ രണ്ട് പെണ്‍കുട്ടികള്‍ പങ്കെടുത്തത് എനിക്ക് മുന്‍കൂട്ടി അറിവുണ്ടായിട്ടല്ല. പൊതു സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മധ്യത്തില്‍ താറടിച്ചും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് എന്റെ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
അതേസമയം പോസ്റ്റ് വിവാദമായതോടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിവാദ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്വീര്‍ കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്നതാണ പോസ്‌റ്റെന്ന വിധത്തിലാണ് ഉയരുന്ന വിമര്‍ശനം. മലബാര്‍ ഗ്രൂപ്പ് സഹസ്ഥാപകന്റെ വീടിന്റെ പാലുകാച്ചലിന് അതിഥികളെ ക്ഷണിച്ചത് പിആര്‍ ഏജന്‍സി വഴിയാണ് എന്നാണ് സൂചനകള്‍.
അതേസമയം വ്യവസായി എന്നതില്‍ ഉപരിയായി നിര്‍ധനരായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതില്‍ അടക്കം സജീവമാണ് ഫൈസല്‍ എ കെ. നിരവധി പേര്‍ക്ക് വീടുവെച്ചു നല്‍കുകയും സമൂഹ വിവാഹങ്ങള്‍ നടക്കുകയും അടക്കം ചെയ്യുന്ന സെസിബ്രിറ്റി വ്യവസായി കൂടിയാണ് അദ്ദേഹം.




