- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളയിലുള്ളത് രാജവെമ്പാലയാണെന്നും കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറിയത് ചേരയാണെന്നും തിരിച്ചറിഞ്ഞത് നാട്ടുകാര്‍; പിന്നാലെ പാഞ്ഞെത്തി ഫൈസല്‍ വിളക്കോടും സംഘവും; ഇരിട്ടി: കാട്ടാന ഭീഷണി മൂലം തുടിമരത്തെ സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് താമസം മാറ്റിയിട്ടും കോണ്‍ഗ്രസ് നേതാവിന്റെ കഷ്ടകാലം മാറുന്നില്ല; ജോസിന്റെ വീട്ടിലെത്തിയ രണ്ട് അതിഥികളുടെ കഥ
ഇരിട്ടി: കാട്ടാന ഭീഷണി മൂലം തുടിമരത്തെ സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് താമസം മാറ്റിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയംഗം ജോസ്. ജോസിന് വാടക വീട്ടില്‍ നേരിടേണ്ടി വന്നത് രാജവെമ്പാലയെ. ഇരയെ പിന്തുടര്‍ന്ന് വീടിന്റെ അടുക്കളയിലേക്ക് ഇഴഞ്ഞുകയറിയ രാജവെമ്പാല എല്ലാ അര്‍ത്ഥത്തിലും ഭീതി പടര്‍ത്തി. വാണിയപ്പാറ തുടിമരത്തെ പുതുപ്പറമ്പില്‍ ജോസിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി എട്ടോടെ പാമ്പെത്തിയത്. ഇരയെ കിട്ടാതെ അടുക്കളയിലെ തട്ടിനുള്ളില്‍ ചുരുണ്ട രാജവെമ്പാല വീട്ടുകാരെയും നാട്ടുകാരേയും മണിക്കൂറുകളോളം ആശങ്കയിലാക്കി.
ജോസും മക്കളും അത്താഴം കഴിക്കുന്നതിനിടെ, തുറന്നിട്ട അടുക്കളവാതിലിലൂടെ കയറിയ ഒരു പാമ്പ് മകന്റെ കിടപ്പുമുറിയിലേക്കാണ് നേരേയെത്തിയത്. ഇതിനെ പിന്തുടര്‍ന്ന് മറ്റൊരു പാമ്പ് കൂടിയെത്തി. പാമ്പിനെ പേടിച്ച് കുട്ടികള്‍ ഭക്ഷണമേശയ്ക്കും കസേരയ്ക്കും മുകളില്‍ കയറിനിന്നു. അടുക്കളയിലെത്തിയ പാമ്പ് തട്ടിനടിയിലെ മൂലയില്‍ ചുരുണ്ടു. വീട്ടുകാരുടെ ബഹളം കേട്ട് സമീപവാസികളെത്തി. പരിശോധനയില്‍ കാര്യം മനസ്സിലായി. അടുക്കളയിലുള്ളത് രാജവെമ്പാലയാണെന്നും കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറിയത് ചേരയാണെന്നും കണ്ടെത്തി.
'മാര്‍ക്ക്' പ്രവര്‍ത്തകരായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍, അജില്‍കുമാര്‍, സാജിദ് ആറളം എന്നിവര്‍ സ്ഥലത്തെത്തി ആദ്യം രാജവെമ്പാലയെ പിടിച്ചു. പന്നിലെ കിടപ്പുമുറയില്‍നിന്ന് ചേരയെയും പിടികൂടി. വീട്ടില്‍ ജോസിന്റെ ഭാര്യ ഓമനയും മകന്‍ റോയിയും റോയിയുടെ മക്കളായ എയ്ഞ്ചല്‍, ആന്‍ഡ്രിയ എന്നിവരുമാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ച മുന്‍പ് ജോസിന്റെ വീടിന്റെ 30 മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടില്‍നിന്ന് ഫൈസല്‍ വിളക്കോടിന്റെ നേതൃത്വത്തില്‍ രാജവെമ്പാലയെ പിടിച്ചിരുന്നു.
ഒന്നര വര്‍ഷത്തിനിടെ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി 87 രാജവെമ്പാലകളെ ഉള്‍പ്പെടെ 3200 പാമ്പുകളെ പിടികൂടി കാട്ടില്‍ വിട്ട് വ്യക്തിയാണ് ഫൈസല്‍ വിളക്കോട്. വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോടും സംഘവും മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി വിളിപ്പുറത്തുണ്ട്. മലയോരത്ത് എവിടെനിന്നും ഏതു സമയത്തു വിളിച്ചാലും ഓടിയെത്തും. പലതവണ അപകടകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പാമ്പുകളെ പിടികൂടി ഉള്‍വനത്തില്‍ തുറന്നുവിടുകയാണ് ചെയ്യുന്നത്.
ഫൈസല്‍ പിടികൂടുന്ന 89ാമത്തെ രാജവെമ്പാലയാണ് ഇത്. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്നും രാജവെമ്പാലയെ പിടികൂടുന്നത്. നേരത്തെ തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.അടുത്തിടെ, കാസര്‍കോട് മുള്ളേരിയയില്‍ അടുക്കളയില്‍ ആറടിയിലേറെ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. രാത്രി ഏഴരയോടെ അടുക്കളയില്‍ നിന്ന് അസാധാരണ ശബ്ദംകേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുപ്പിനുതാഴെ അരിയും മറ്റുസാധനങ്ങളും സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്.
വേനല്‍ കടുത്തതോടെ പാമ്പുകള്‍ ഈര്‍പ്പംതേടി ഇറങ്ങുമ്പോള്‍ ഫൈസലും തിരക്കിലാണ്. ചൂട് വര്‍ധിക്കുന്നതോടെ ഫൈസല്‍ വിളക്കോടിന്റെ ഫോണിനും വിശ്രമമുണ്ടാകില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്നെ സമീപിക്കുന്ന ആളുകളുടെ പരിഭ്രാന്തി അകറ്റാന്‍ ഫൈസല്‍ റെഡി. കണ്ണൂര്‍ മാര്‍ക്ക് സംഘടനയുടെ പ്രവര്‍ത്തകനായ ഫൈസല്‍ വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറായി ജോലി ചെയ്തുവരുകയാണ്. മാര്‍ച്ച് മാസം രാജവെമ്പാലകള്‍ ഇണചേരുന്ന സമയം കൂടിയാണ്. അതിനാലാണ് ഈ സമയങ്ങളില്‍ രാജവെമ്പാലകളെ കൂടുതലായി കാണുന്നത്.
കടുവയും കാട്ടുപോത്തും കാട്ടാനകളും കാട്ടുപന്നികളും കുരങ്ങുകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാട് ഇറങ്ങുന്നതിനെ തുടര്‍ന്നു പൊറുതിമുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്പാലകള്‍ കൂടി എത്തിത്തുടങ്ങിയത് മലയോര വാസികളുടെ ഉറക്കം കെടുത്തുകയാണ്. ആളുകള്‍ ഇറങ്ങാന്‍ ഭയക്കുന്ന ഈ മേഖലയില്‍ ജീവന്‍ പണയം വെച്ചും ഇറങ്ങുന്നത് പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഫൈസല്‍ പറഞ്ഞു. പിന്നീട് വീടിനടുത്തുള്ള ചെറു പാമ്പുകളെ പിടിച്ചു തുടങ്ങിയ ഫൈസല്‍ രണ്ടുവര്‍ഷമായി രാജവെമ്പാലകളെ പിടിക്കാന്‍ തുടങ്ങിയിട്ട്. പിന്തുണയുമായി ഭാര്യ ശബാനയും മക്കളായ മുഹമ്മദ് ഷാസിലും, ആയിഷ ഐമിനും കൂടെയുണ്ട്.