- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മാസത്തോളം ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ വിട്ടുകൊടുക്കാൻ മനസുവന്നില്ല; കുഞ്ഞിനെ വളർത്തമ്മ കൈമാറിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ ഏറ്റെടുത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി; ഇനി കണ്ടെത്തേണ്ടത് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ
കൊച്ചി: ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ കളമശേരി മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ ദത്തെടുക്കുകയും കുട്ടിയുടെ പേരിൽ വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഏറ്റെടുത്തു. ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശിയും ഗായകനുമായ അനൂപ് കുമാറിനെയും ഭാര്യ സുനിതയെയും ഇന്ന് വിളിച്ചു വരുത്തിയാണ് കുഞ്ഞിനെ ഏറ്റെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇവരെ പൊലീസിന്റെ സഹായത്തോടെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ വിളിച്ചു വരുത്തിയത്.
പൊട്ടിക്കരഞ്ഞു കൊണ്ടാണ് അനൂപിന്റെ ഭാര്യ സുനിത കുഞ്ഞിനെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറിയത്. ഇരുവരും ഏറെ ദുഃഖിതരായിരുന്നു. കഴിഞ്ഞ ആറുമാസത്തോളം ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ വിട്ടു കൊടുക്കാൻ ഇരുവർക്കും മനസ്സില്ലായിരുന്നു. എന്നാൽ നിയമ നടപടികൾക്ക് വിധേയരായതിനാലാണ് വിട്ടു നൽകിയത്. ചൈൽഡ് ലൈൻ കമ്മറ്റി ഇരുവരെയും ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ആരുടെ കുഞ്ഞാണ്? എങ്ങനെയാണ് കുഞ്ഞിനെ സ്വന്തമാക്കിയത്? പണമിടപാട് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ഇവരിൽ നിന്നുവേണം അറിയാൻ. പക്ഷേ ഇരുവരുടെയും മാനസിക നില പരിഗണിച്ച് ചോദ്യം ചെയ്യൽ അടുത്ത ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്.
ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ കളമശേരി മെഡിക്കൽ കോളേജ് അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നായിരുന്നു നടപടി. അനിൽകുമാർ ഇവരെ സമീപിച്ച് ചില രേഖകൾ കാണിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുൻസിപ്പാലിറ്റി ജീവനക്കാരി പരാതിയിൽ പറയുന്നത്. ഇവർ നടത്തിയ പരിശോധനയിൽ ആശുപത്രിൽ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ ആശുപത്രിക്കുള്ളിൽ ഒരു അന്വേഷണം നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത് മറ്റൊരു വാദമാണ്. ആശുപത്രി ജീവനക്കാരനൊപ്പം പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആശുപത്രി സൂപ്രണ്ട് പൊലീസിൽ നൽകിയ രണ്ടാമത്തെ പരാതിയിലെ ആവശ്യം. അനിൽ കുമാർ കഴിഞ്ഞ ദിവസങ്ങളിൽ പ്രസവവാർഡുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നിടത്തെത്തി. തിരുവനന്തപുരത്ത് ജനനസർട്ടിഫിക്കേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കൊരു പരിശീലനമുണ്ടെന്ന വ്യാജേനെ ജനന സർട്ടിഫിക്കറ്റിന്റെ ഒരു അപേക്ഷാ ഫോം സംഘടിപ്പിച്ചുവെന്നാണ് മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തൽ. തട്ടിപ്പ് വിവരമറിഞ്ഞിട്ടും 24 മണിക്കൂറിനുള്ളിൽ ജീവനക്കാരി മെഡിക്കൽ കോളേജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും ആശുപത്രി അധികൃതരാണ് പിന്നീട് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയതെന്നുമാണ് മെഡിക്കൽ കോളജ് അധികൃതർ പരാതിയിൽ പറയുന്നത്. അതിനാൽ പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം. വ്യാജ ജനനസർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം കിട്ടിയപ്പോൾതന്നെ ആഭ്യന്തര അന്വേഷണം നടത്തി നടപടിയെടുത്തുവെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വിശദീകരിക്കുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.