കോഴിക്കോട്: ജീവിതത്തിൽ ഒരിക്കൽ പോലും വിമാനത്തിൽ കയറാത്ത യുവാവിനെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചെന്ന കള്ളക്കേസിൽ കുടുക്കി സിപിഎം വേട്ടയാടുന്നതായി ആക്ഷേപം. നൊച്ചാട് ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും മുൻ സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ നൊച്ചാട് എ എൽ പി സ്‌ക്കൂൾ അദ്ധ്യാപകൻ സി കെ അജീഷിനെ നിരന്തരം വേട്ടയാടുന്നതായാണ് ആരോപണം.

അജീഷ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ചെന്ന വ്യാജ പരാതി ചമച്ച് വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡി പി ഐക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സ്‌ക്കൂൾ മാനേജർക്ക് ഡി പി ഐയിൽ നിന്നും നിർദ്ദേശം ലഭിച്ചിരിക്കുകയാണിപ്പോൾ. സിപിഎം വിട്ട അജീഷ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകനാണ്. ഇതാണ് പ്രതികാര നടപടിക്ക് പിന്നിലുള്ള കാരണമെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച വിഷയത്തിൽ അജീഷിനെതിരെ നടപടി വേണമെന്ന് ടി. പി രാമകൃഷ്ണൻ എം എൽ എയുടെ കത്തുൾപ്പെടെ ഹാജരാക്കിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ പി. രാമചന്ദ്രൻ നായർ അജീഷിനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്. വിമാനത്തിലെ പ്രതിഷേധത്തിലൂടെ സിവിൽ ഏവിയേഷൻ നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പി. രാമചന്ദ്രൻ നായർ പരാതി നൽകിയിരിക്കുന്നത്.

എന്നാൽ ജീവിതത്തിൽ ഇന്നേ വരെ വിമാനയാത്ര ചെയ്യാത്ത വ്യക്തിയാണ് താനെന്നും വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നൊച്ചാട് നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കാളിയായിരുന്നുവെന്നും അതിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറും മറ്റും കാട്ടിയാണ് സി പി എം വ്യാജ പരാതി ചമച്ച് തന്റെ ജോലി നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അജീഷ് പറയുന്നു.

2012ൽ സി പി എം വിട്ട താൻ 2021 ഒക്ടോബറിലാണ് കോൺഗ്രസിൽ ചേരുന്നത്. അന്ന് മുതൽ വധ ഭീഷണിയും മറ്റുമായി പാർട്ടി പ്രവർത്തകർ വിടാതെ പിന്തുടരുകയാണ്. മകന്റെ മുന്നിൽ നിന്നുൾപ്പെടെ തന്നെ അസഭ്യം പറയുകയും ടി പി ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് വിമാനത്തിലെ പ്രതിഷേധമെന്ന പേരിൽ ഇല്ലാത്ത കേസിന്റെ പേരിൽ തന്റെ പേരിൽ നടപടിയെടുക്കാൻ ഒരുങ്ങുന്നതെന്നും അജീഷ് പരാതിപ്പെടുന്നു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം മുദ്രാവാക്യം മുഴക്കിയ ഫർസീൻ മജീദിനെയും സിപിഎം വേട്ടയാടുന്ന സമീപനമാണ് സ്വീകരിച്ചത്. ഫർസീൻ ജോലിചെയ്ത സ്‌കൂളിനെതിരെ സിപിഎം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ഫർസീനെ ജോലിയിൽ നിന്നും മാറ്റി നിർത്തുകയും ഉണ്ടായി. കൂടാതെ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനും നീക്കം നടന്നു.

സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട സമരത്തിൽ ഇൻഡിഗോ വിമാനത്തിൽ മുഖ്യന്ത്രിക്കെതിരേ പ്രതിഷേധിച്ച കണ്ണൂർ ജില്ലയിലെ യൂത്ത്കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരേ കാപ്പ ചുമത്താൻ റേഞ്ച് ഐജി രാഹുൽ ആർ നായർ കമ്മീഷണർക്ക് കത്ത് നൽകിയത്. ഈ നടപടി വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വിമാന പ്രതിഷേധത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേയും കേസും വിമാന വിലക്കും വന്നതോടെയാണ് തനിക്കെതിരേ കാപ്പ ചുമത്തൽ നടപടികളിലേക്ക് പൊലീസ് പോയതെന്ന് പറയുന്നു ഫർസീൻ മജീദ്. 13 കേസുകൾ ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താനുള്ള നിർദ്ദേശം. അതേസമയം ഇതിൽ തന്നെ പല കേസും ഫർസീൻ പിഴയടച്ചു തീർത്ത പെറ്റിക്കേസുകളായിരുന്നു. വിമാനത്തിലെ പ്രതിഷേധത്തൽ നേരിട്ട യാത്രാവിലക്കിന്റെ കാലാവധിയും അടുത്തിടെ കഴിഞ്ഞതായി ഫർസീൻ മജീദ് വ്യക്തമാക്കിയിരുന്നു.