കണ്ണൂർ: കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിൽ സസ്പെഷനിൽ കഴിയുന്ന അദ്ധ്യാപകന്റെ നിരപരാധിത്വം തെളിഞ്ഞു. സ്‌കൂൾ മാനേജ്മെന്റിന്റെ ഒത്താശയോടെ അദ്ധ്യാപകനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു, അദ്ധ്യാപകനെതിരെ ഗൂഢാലോചന നടത്തി ഹൈക്കോടതിയിൽ പോക്സോ കേസ് ഫയൽ ചെയ്ത വിദ്യാർത്ഥിനിയുടെ മാതാവിനെതിരെയും മറ്റുള്ളവർക്കെതിരെയുമാണ് എടക്കാട് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

സസ്പെൻഷനിൽ കഴിയുന്ന അദ്ധ്യാപകനെതിരെ തെറ്റായ പരാതി നൽകിയതിനാണ് എടക്കാട് പൊലിrസ് സ്വമേധയാ കേസെടുത്തത്. ഇവർക്ക് പുറമെ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ കടമ്പൂർ സഹസ്രപൂർണിമയിലെ സുധാകരൻ മഠത്തിൽ അദ്ധ്യാപകൻ കോളയാട് ഐശ്വര്യയിലെ പി. എം സജി, പി.ടി. എ പ്രസിഡന്റ്, തണ്ടയാംപറമ്പ് ഗാന്ധി നഗർ ഹൗസിങ് കോളനിയിലെ കെ.രഞ്ചിത്ത് എന്നിവരും കേസിലെ പ്രതികളാണ്.

കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായ കോഴിക്കോട് സ്വദേശി പി.ജി സുധിയെ കള്ളക്കേസിൽ കുടുക്കുന്നതിനാണ് വ്യാജ പരാതി നൽകിയതെന്നു പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. എടക്കാട് സി. ഐ സുരേന്ദ്രൻ കല്യാടൻ, എസ്. ഐ എൻ.വിജേഷ്, എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അദ്ധ്യാപകനെ സ്‌കൂളിൽ നിന്നും പുറത്താക്കാൻ ഗൂഢാലോചന നടത്തിയതാണെന്ന് വ്യക്തമായത്.

കഴിഞ്ഞ ഒരുവർഷമായി കുറ്റാരോപിതനായ അദ്ധ്യാപകൻ സസ്പെൻഷനിലാണ്. 2022-ഒക്ടോബർ 21-ന് ഉച്ചയ്ക്ക് രണ്ടേകാൽ മണിയോടെ സുധി മാസ്റ്റർ സ്‌കൂൾ ഗ്രൗണ്ടിനു സമീപത്തെ വിദ്യാർത്ഥിനികളുടെ വസ്ത്രം മാറുന്ന മുറിയിൽ കടന്നു ചെന്ന് പതിമൂന്ന് വിദ്യാർത്ഥിനികൾക്കു നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

അന്ന് ഒരുവിദ്യാർത്ഥിനിയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സംഭവം വസ്തുതാപരമല്ലെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ പൊലിസ് കേസെടുത്തിരുന്നില്ല. എന്നാൽ സ്‌കൂൾ മാനേജ്മെന്റ് സുധി മാസ്റ്ററെ ധൃതിയിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. പിന്നീട് ഇതുവരെ തിരിച്ചെടുത്തുമില്ല. അടുത്ത വർഷം സ്‌കൂളിൽ നിന്നും പുറത്താക്കേണ്ട അദ്ധ്യാപകനെ സ്‌കൂളിൽ നിന്നും പുറത്താക്കലായിരുന്നു ലക്ഷ്യം. ഹൈക്കോടതിയിൽ അദ്ധ്യാപകനെതിരെ പൊലിസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന്ചൂണ്ടിക്കാട്ടി ഹരജി നൽകിയ വിദ്യാർത്ഥിനിയുടെ മാതാവിന്റെ പരാതിയിൽ വീണ്ടും പുനർ അന്വേഷണം നടത്തിയ എടക്കാട് പൊലിസ് സംഭവത്തിനു പിന്നിൽ വൻഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

നേരത്തെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു കള്ളക്കേസിൽ കുടുക്കി മറ്റൊരു അദ്ധ്യാപകനെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കെ. എസ്.ടി. എയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തിയെങ്കിലും തിരിച്ചെടുക്കാൻ തയ്യാറായിട്ടില്ല. ഈ നടപടിയിൽ ഇപ്പോൾ കോടതിയിൽ കേസ് നടക്കുകയാണ്. ഭരണകക്ഷി പാർട്ടിയിലെ ചില ഉന്നതരിലുള്ള സ്വാധീനമുള്ള കടമ്പൂർ സ്‌കൂൾ മാനേജ്മെന്റ് അദ്ധ്യാപകർക്കെതിരെയുള്ള അച്ചടക്കനടപടിയെന്ന വ്യാജേന തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ വേട്ടയാടുകയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.