ലണ്ടന്‍: അമേരിക്കയില്‍ ജയിലിലായ ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ കഥ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയിലെ ഫ്ളോറിഡയിലെ ഡെവന്‍പോര്‍ട്ട് പട്ടണത്തിലെ ആഡംബര റിസോര്‍ട്ടായ സോള്‍ട്ടേറായിലേക്ക് ഒരുകുടുംബം എത്തുന്നു. അതി സമ്പന്നര്‍ക്ക് മാത്രം താമസിക്കാന്‍ സാധിക്കുന്ന ഇവിടുത്തെ പടുകൂറ്റന്‍ വില്ലയിലാണ് അവര്‍ താമസിക്കുന്നത്. ഇവിടുത്തെ ഓരോ കോട്ടേജിനും പ്രതിയേകമാിയ സ്വിമ്മിംഗ് പൂളുകള്‍ പോലുമുണ്ട്.

ബ്രിട്ടനിലെ പ്രമുഖ ലൈറ്റിംഗ് കമ്പനി ഉടമയായ 62 കാരനായ മാര്‍ക്ക് ഗിബണും മുന്‍ മരുമകളും നിലവിലെ കാമുകിയുമായ ജാസ്മിന്‍ വൈല്‍ഡും ഗിബണിന്റെ രണ്ട് പേരക്കുട്ടികളുമാണ് ഇവിടെ ഒഴിവുദിനം ചെലവഴിക്കാന്‍ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ജാസ്മിനെ വില്ലയുടെ കുളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതിന് ഗിബ്ബണ്‍ അറസ്റ്റിലായതോടെയാണ് ഇവരുടെ കുടുംബത്തില്‍ നടക്കുന്ന അന്തഛിദ്രങ്ങള്‍ ലോകം അറിഞ്ഞത്. ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ തല വെള്ളത്തിനടിയില്‍ പിടിച്ചിരിക്കുന്നത് കണ്ട അടുത്ത കോട്ടേജുകളിലെ താമസക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്.

തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ നന്നായി മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ജാസ്മിനും മദ്യലഹരിയില്‍ ആയിരുന്നു. ഗിബ്ബണ്‍ തന്റെ വില്‍പത്രത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായിട്ടാണ് കരുതപ്പെടുന്നത്. ജാസ്മിനും കുട്ടികളും നാട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ഗിബണ്‍ ജയിലില്‍ തുടരുകയാണ്. ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ജാസ്മിനെ വെള്ളത്തിലേക്ക് തള്ളിയിട്ടതായി സമ്മതിച്ചു എങ്കിലും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് ഗിബണ്‍ മൊഴി നല്‍കിയത്. ഇയാളെ അടുത്ത ദിവസം വീണ്ടും കോടതിയില്‍ ഹാജരാക്കും. ഗിബണിന്റെ മകന്‍ അലക്സിന്റെ മുന്‍ ഭാര്യയാണ് ജാസ്മിന്‍. ജാസ്മിനും ഗിബണുമായുളള അവിഹിത ബന്ധം കൈയ്യോടെ പിടികൂടിയതിനെ തുടര്‍ന്നാണ് അലക്സ് അവരുമായി വിവാഹമോചനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 2023 ല്‍ അലക്സിനെ അച്ഛനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്ന കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. ആറ് മാസം മുമ്പാണ് ഇയാള്‍ ജയില്‍മോചിതനായത്.






അലക്സ് ഇപ്പോള്‍ അമ്മയും ഒത്താണ് താമസിക്കുന്നത്. അലക്സിന്റെ അമ്മയും ഗിബണില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. നാല് വര്‍ഷം മുമ്പാണ് പിതാവിന് തന്റെ ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന കാര്യം അലക്സ് മനസിലാക്കുന്നത്. കുടുംബ ബിസിനസും തകര്‍ച്ചയുടെ വക്കിലാണ്. നേരത്തേ കുടുംബത്തിന്റെ വകയായ അള്‍ട്രാലൈറ്റ് യു.കെ എന്ന കമ്പനിയുടെ ഡയറക്ടറായിരുന്ന അലക്സ് പിന്നീട് പദവി ഉപേക്ഷിക്കുകയായിരുന്നു. ഗിബണ്‍ സ്വത്ത് മുഴുവന്‍ പേരക്കുട്ടികളുടെ പേരില്‍ എഴുതിവെച്ചു എന്നും തനിക്ക് സ്വത്തൊന്നും തരാത്തത് ജാസ്മിനെ ചൊടിപ്പിച്ചു എന്നുമാണ് പറയപ്പെടുന്നത്.