കോട്ടയം: സോഷ്യൽ മീഡിയ ചിലപ്പോൾ ചിരിപ്പിക്കും, ചിലപ്പോൾ കരയിക്കും, ചിലപ്പോൾ വഴക്കുപറയും, അങ്ങനെ പലതരത്തിലാണ് ഭാവമാറ്റം. എങ്കിലും നമ്മുടെ ശരീരത്തിന്റെ ഒരുഅവയവം പോലെയായി മാറിക്കഴിഞ്ഞതുകൊണ്ട് മിക്കതും പൊറുത്തുകളയും. ഇപ്പോൾ, ചൂടേറിയ സംവാദ വിഷയം, ഒരാൾ മരിച്ചാൽ, ബന്ധുക്കൾ ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കാമോ എന്നതാണ്. സന്തപ്ത കുടുംബാംഗങ്ങൾക്ക് എങ്ങനെ ഈ സന്ദർഭത്തിൽ ചിരിക്കാനാവും.

മരണ വീട്ടിൽ മൃതദേഹത്തിന് ചുറ്റുമിരുന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ക്രിസ്ത്യൻ കുടുംബത്തെ കുറിച്ചാണിപ്പോൾ സംവാദം. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് 95ാം വയസ്സിൽ നിര്യാതയായത്. അവരുടെ കുടുംബാംഗങ്ങളാണ് ഒരുമിച്ചിരുന്ന് ഫോട്ടോ എടുക്കുകയും പിന്നീടത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തത്.

പരേതനായ വൈദികൻ പി ഒ വർഗീസിന്റെ ഭാര്യയാണ് മറിയാമ്മ. കുടുംബത്തിലെ സ്വകാര്യ സംഭവം സോഷ്യൽ മീഡിയ വഴി പ്രചരിക്കപ്പെട്ടപ്പോൾ പല തരത്തിലുള്ള അഭിപ്രായമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്. മരണ സമയത്ത് സന്തോഷം പങ്കിടുന്ന തരത്തിൽ കുടുംബം പെരുമാറുന്നത് ശരിയല്ലെന്ന തരത്തിലും അഭിപ്രായങ്ങൾ ഉയർന്നു. ഇതിനെല്ലാം വിശദീകരണം നൽകുകയാണ് മരണപ്പെട്ട ആളുടെ കുടുംബാംഗം.

മറിയാമ്മയുടെ കുടുംബാംഗവും ഡോക്ടറുമായ ഉമ്മൻ പി നൈനാന്റെ വാക്കുകൾ ഇങ്ങനെ

'എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് മരിച്ച മറിയാമ്മ. ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്. തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ. അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി, പ്രാർത്ഥിച്ചു. അമ്മച്ചി ജീവിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങൾ മക്കളും കൊച്ചുമക്കളും മറ്റ് കുടുംബാംഗങ്ങളും എല്ലാവരും ചേർന്ന് പങ്കുവച്ചു.

കുറച്ച് നേരം വിശ്രമിക്കാനായി എല്ലാവരും പിരിയാൻ നേരത്താണ് ഈ ഫോട്ടോ എടുത്തത്. ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയിൽ മാത്രം ഒതുങ്ങേണ്ട ഈ ചിത്രം എങ്ങനെയോ പുറത്തെത്തി. അത് പിന്നെ വൈറലായി. അതിനെ മോശം രീതിയിൽ ചിലർ പ്രചരിപ്പിച്ചു. പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്രയാക്കാൻ കാരണം.

കഴിഞ്ഞ ഒരു വർഷമായി പൂർണമായി കിടപ്പിലായിരുന്നു. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതിലൊരാൾ മരിച്ചു. ബാക്കി എല്ലാവരും ചേർന്ന് നന്നായി നോക്കി. കൃത്യമായി ശുശ്രൂഷിച്ചു. ഇവിടെ പരിഹസിക്കാൻ എന്തിരിക്കുന്നു?. മോശം പ്രചരണം നടത്തുന്നവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടപ്പെടുന്നത്. മരിച്ചാൽ കരയുക മാത്രമേ ചെയ്യാവൂ എന്ന് പറയുന്നവരോട് എന്ത് പറയാനാണ്. കുടുംബാംഗം എന്ന നിലയിൽ ഒരു അപേക്ഷയുണ്ട്. ഈ ചിത്രം ഇത്തരത്തിൽ കൂടുതൽ പ്രചരിപ്പിക്കരുത്. മറ്റുള്ളവരെ കളിയാക്കുന്നതിൽ നിന്ന് എന്ത് സന്തോഷമാണ് ഇവർക്ക് കിട്ടുന്നത്?. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഏറെ ഉണ്ടെന്ന് അറിയുന്നതിൽ സമാധാനം'.

ചിരിക്കാതെ ചിത്രമെടുക്കാമായിരുന്നുവെന്നും മോശം കമന്റുകൾ അവജ്ഞയോടെ തള്ളണമെന്നും ഒരുകൂട്ടം അഭിപ്രായപ്പെട്ടപ്പോൾ, തമിഴ്‌നാട്ടിൽ പാട്ടും കൊട്ടുമായി തുള്ളാറുണ്ടെന്നും അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണെന്നും നിരവധി കമന്റുകളുണ്ടായി. ഈ വിഷയത്തിൽ കുടുംബത്തെ അനുകൂലിച്ച് കൊണ്ട് എഴുത്തുകാരി എസ്.ശാരദക്കുട്ടി ഇട്ട പോസ്റ്റും ശ്രദ്ധേയമാണ്. ഈ ചിത്രത്തിലേത് പോലാകണം എന്റെ മരണവും എന്ന് ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ഒരു ദിവസം, ഞാൻ മരിച്ചു പോയാൽ എന്റെ മക്കൾ അടുത്തിരുന്ന് കരയുന്നതാലോചിച്ചപ്പോൾ എനിക്ക് കരച്ചിൽ അടക്കാനായില്ല. അവരെ സമാധാനിപ്പിക്കാനെനിക്കാവില്ലല്ലോ എന്നോർത്ത് ഞാൻ പിന്നേം പിന്നേം കരഞ്ഞു. അവർ കരയാതിരിക്കാൻ എനിക്കെന്തു ചെയ്യാനാകും ? അവർ കരയാതിരിക്കാനല്ലേ ഞാൻ ജീവിച്ചതത്രയും . അപ്പോഴാണ് ഈ ചിത്രം മുന്നിൽ വന്നത്.

ഈ ചിത്രത്തിലേതു പോലെയാകണം എന്റെ മരണവും. അമ്മ സാർഥകമായി ജീവിച്ചു, സംതൃപ്തയായി മരിച്ചു എന്ന് എന്റെ മക്കൾക്ക് സന്തോഷിക്കാൻ കഴിയണം. അവർ ചിരിച്ചു കൊണ്ട് എന്നെ പറഞ്ഞയക്കണം. ഇതൊരു മാതൃകയാണ്. ഇതൊരു മികച്ച ആശയവുമാണ്. I love and respect it.