ദുബായ്: ദുബായിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം. കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിനെയാണ് (25) ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനുമാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. അനഘ് ജോലി ചെയ്തിരുന്ന കമ്പനി ഉടമയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വീട്ടുകാർ ഉന്നയിച്ചിരിക്കുന്നത്. അനഘിനെ കമ്പനി ഉടമ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും കേസിൽ കുടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 11നാണ് മൊകേരി വള്ള്യായിലെ പോയന്റവിട വാസുവിന്റെയും വത്സലയുടേയും മകനായ അനഘിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർഗോ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനഘ് ജോലി ചെയ്തിരുന്നത്. കമ്പനിയുടെ കാർഗോ ഇടപാടുമായി ബന്ധപ്പെട്ട് ഇയാൾ ഒരു കേസിൽ അകപ്പെട്ടിരുന്നു. ഇതേ കേസിൽ പ്രതികളായിരുന്ന കമ്പനിയുടെ മാനേജരും എംഡിയുടെ സഹോദരനുമായ വ്യക്തികളെ രക്ഷിക്കാൻ അനഘിനെ കേസിൽ കുടുക്കിയെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

കേസ് നടത്താനും മകനെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാനും വീട് പണയപ്പെടുത്തിയും കടം വാങ്ങിയും ഏകദേശം 13 ലക്ഷത്തോളം രൂപ ദുബായിലേക്ക് അയച്ചിരുന്നുവെന്നാണ് സൂചന. കേസിന്റെ വിചാരണ നടക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസമാണ് അനഘ് മരിക്കുന്നത്. ഇതിൽൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം കേസ് നടത്തിപ്പിനും മൃതദേഹം നാട്ടിലെത്തിക്കാനും ചെലവായ പണം ആവശ്യപ്പെട്ട് കമ്പനി ഉടമ കുടുംബത്തെ ബന്ധപ്പെട്ടതായും അനഘിന്റെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

നാല് മാസത്തെ ശമ്പളവും നാല് വർഷത്തിലേറെ ജോലി ചെയ്തതിന്റെ സെറ്റിൽമെന്റ് തുകയും കമ്പനി നൽകാനുണ്ടെന്നാണ് കുടുംബം പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി നോർക്കയ്ക്കും പരാതി നൽകിയിട്ടുണ്ട്. കമ്പനി ഉടമയും ഭാര്യയും അനഘിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നു.