തിരുവനന്തപുരം: സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കാൻ ലക്ഷ്യമിട്ട് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ വകവരുത്തിയ ഭർത്താവിന്റെ കൊടുംക്രൂരത മലയാളികളെ ആകെ ഞെട്ടിച്ച സംഭവമാണ്. കൊല്ലത്തെ ഉത്ര വധക്കേസ് ഇംഗ്ലീഷ് പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക് എത്തുകയാണ്. 'ഫാംഗ്സ് ഓഫ് ഡെത്ത്" എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ' എന്ന പേരിലുള്ള പുസ്തകം അമരില്ലീസ് പബ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മുൻ ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും ചേർന്നാണ് പുസ്തകമെഴുതിയത്. ആമസോണിൽ പുസ്തകം ലഭ്യമാണ്. 399 രൂപയാണ് വില.

അച്ഛനും മകനും ചേർന്നെഴുതുന്ന ആദ്യ പുസ്തകമല്ലിത്. ഐഐടിയിൽ നിന്ന് സ്വർണമെഡൽ നേടിയ ഉത്തരാഖണ്ഡ് മുൻ ഡിജിപിയായ അലോക് ലാൽ 1975 കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 37 വർഷത്തെ മികച്ച സേവനത്തിന് ഒടുവിലാണ് ഡിജിപിയായി വിരമിച്ചത്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ രണ്ട് പൊലീസ് മെഡലുകൾ കിട്ടിയിട്ടുണ്ട്. ' ദ ബാരബങ്കി നാർകോസ്: ബസ്റ്റിങ് ഇന്ത്യാസ് മോസ്റ്റ് നൊട്ടോറിയസ് ഡ്രഗ് കാർട്ടൽ എന്ന പുസ്തകം രചിച്ചു. മർഡർ ഇൻ ദി ബൈലെയ്ൻസ്: ലൈഫ് ആൻഡ് ഡെത്ത് ഇൻ എ ഡിവൈഡഡ് സിറ്റി, ഓൺ ദി ട്രെയിൽ ഓഫ് തഗ്‌സ് ആൻഡ് തീവ്‌സ്: ട്രൂ അക്കൗണ്ട്‌സ് ഓഫ് ക്രൈം ഫ്രം ദ ഹിന്ദി ഹാർട്ട്‌ലാൻഡ് എന്നിവയുടെ സഹചരചയിതാവാണ്. ടെഡ്എക്‌സ് പ്രഭാഷകനാണ്. ക്രൈം ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടറാണ്.

മകൻ മാനസ് ലാൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചയാളാണ്. സോഫ്റ്റ് വെയർ എഞ്ചിനീയറായ അദ്ദേഹം ഡിജിറ്റൽ പെയിന്റിങ്ങിൽ തനതായ ശൈലി സ്വീകരിച്ച കലാകാരനാണ്. ചിത്രകല, ഫോട്ടോഗ്രഫി, ഡിജിറ്റൽ ആർട്ട്‌സ് എന്നിങ്ങനെ പരന്നുകിടക്കുന്നു മാനസിന്റെ ലോകം. അച്ചടി പ്രസിദ്ധീകരണങ്ങളിൽ നൂറുകണക്കിന് കോളങ്ങൾ എഴുതി. ഇന്ത്യയിലെ പ്രമുഖ സ്‌കൂളുകളിലും പ്രൊഫഷണൽ സ്ഥാപനങ്ങളിലും സോഫ്റ്റ് സ്‌കിൽ ശിൽപശാലകൾ നടത്തിയിട്ടുണ്ട്. ഡൂൺ സ്‌കൂൾ കൾച്ചറൽ ആൻഡ് ലിറ്റററി സൊസൈറ്റി സെക്രട്ടറിയായ മാനസ് ലാൽ ടെഡ്എക്‌സ് പ്രഭാഷകൻ കൂടിയാണ്.

2020 മെയ്‌ ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു.

നിർണായകമായ മൊഴി നൽകിയ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കൈയിൽ നിന്നാണ് സൂരജ് മൂർഖനെ വാങ്ങിയത്. ഇതിന് മുൻപ് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം.

ഉത്രയെ ജനലിലൂടെ വീടിനുള്ളിൽ കയറിയ മൂർഖൻ കടിച്ചു എന്നായിരുന്നു സൂരജ് പറഞ്ഞത്. വീട്ടുകാർക്കോ ബന്ധുക്കൾക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഉത്രയുടെ മരണാനന്തര ചടങ്ങുകളിലെ സൂരജിന്റെ അമിതാഭിനയം ഉത്രയുടെ ബന്ധുക്കളിൽ സംശയം ജനിപ്പിച്ചു. മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഉത്രയുടെ സഹോദരൻ അഞ്ചൽ പൊലീസിന് മൊഴി നൽകിയിരുന്നു. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല.

ഉത്രയ്ക്ക് നൽകിയ സ്വർണവും പണവും കുഞ്ഞിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൂരജ് പ്രകോപിതനായി പിണങ്ങിപ്പോയി. ഇതോടെ ഉത്രയുടെ ബന്ധുക്കളുടെ സംശയം കൂടിയത്. 2020 മെയ്‌ 21 ന് ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റൂറൽ എസ് പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

മെയ്‌ 23ന് സൂരജിനെയും, സുരേഷിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജൂലായ് ഏഴിന് പബ്ലിക് പ്രോസിക്യൂട്ടർ ആയി ജി മോഹൻരാജിനെ നിയമിച്ചു. ജൂലായ് 14-ന് നടത്തിയ തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി സൂരജിന് വിധിച്ചത്.

കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട കല്ലുവാതുക്കൽ സ്വദേശി സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതുമാണ് സൂരജിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണം.

ഉത്രവധക്കേസ് അന്വേഷിച്ച സംഘത്തിലെ 11 പേർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം ലഭിച്ചിരുന്നു. മുൻ റൂറൽ എസ്‌പി. ഹരിശങ്കർ അടക്കമുള്ള 11 പേർക്കാണ് ബഹുമതി ലഭിച്ചത്. രാജ്യത്തുതന്നെ അപൂർവ സംഭവമാണെന്നും കേസ് അന്വേഷണത്തിൽ ഉയർന്ന നിലവാരമാണ് അന്വേഷണസംഘം പുലർത്തിയതെന്നുമാണ് ബാഡ്ജ് ഓഫ് ഓണർ പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത്.