- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിളിയന്തറയിലെ 2 ഏക്കറിൽ ടാപ്പ് ചെയ്യുന്ന റബർ മരങ്ങളുണ്ട്; കൂടാതെ തെങ്ങും കുരുമുളകു കൃഷിയുമുണ്ട്; പേരട്ട കെപി മുക്കിലെ 30 സെന്റ് പുരയിടത്തിൽ വാഴയും കമുകും; മൈസൂരിലും കൃഷി; ബിജു കുര്യൻ വേണ്ടെന്ന് വയ്ക്കുന്നത് നാട്ടിലെ ഈ സൗകര്യങ്ങൾ! മുങ്ങിയ മലയാളി കർഷകനെ കണ്ടെത്താൻ മൊസാദ് ഇറങ്ങുമോ?
ഇരിട്ടി: ഇസ്രയേലിൽ കൃഷി രീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ പേരട്ട കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യൻ ഉടൻ ഇസ്രയേലിൽ നിന്ന് മടങ്ങില്ല. എന്തു വന്നാലും ഇസ്രയേലിൽ തുടരാനാണ് തീരുമാനം. സ്‌പോൺസറെ കിട്ടിയെന്നാണ് സൂചന. വിസ ഉള്ളതു കൊണ്ട് തന്നെ മറ്റ് നിയമ പ്രശ്‌നങ്ങളില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ രാഷ്ട്രീയ അഭയത്തിനുള്ള സാധ്യതയും ബിജു തേടുന്നുണ്ട്. കിട്ടുന്ന എന്തു ജോലിയും സ്വീകരിക്കാനാണ് തീരുമാനം.
അതിനിടെ ബിജുവിനെ കണ്ടെത്തുന്നതിനായും പഠന സംഘത്തിൽ ഉൾപ്പെട്ടതു സംബന്ധിച്ചും അന്വേഷണം ഊർജിതമാണ്. എന്നാൽ ഇസ്രയേൽ ഏജൻസികളൊന്നും അന്വേഷണത്തിൽ പങ്കാളിയല്ല. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ കണ്ടെത്താനാണ് കേരളത്തിന്റെ ശ്രമം. അതിനിടെ മന്ത്രിയുടെ ഓഫിസ് അടക്കം നൽകിയ നിർദേശ പ്രകാരം പായം കൃഷി ഓഫിസർ കെ.ജെ.രേഖ കഴിഞ്ഞ ദിവസം പ്രാഥമികാന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഓൺലൈനായി ലഭിച്ച അപേക്ഷ പരിശോധിച്ചു കർഷകനാണെന്ന് ഉറപ്പു വരുത്തിയിരുന്നതായാണു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
കിളിയന്തറയിലെ 2 ഏക്കറിൽ ടാപ്പ് ചെയ്യുന്ന റബർ മരങ്ങളുണ്ട്. കൂടാതെ തെങ്ങും കുരുമുളകു കൃഷിയുമുണ്ട്. പേരട്ട കെപി മുക്കിലെ 30 സെന്റ് പുരയിടത്തിൽ വാഴയും കമുകും ഉള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. വൈവിധ്യമായ വിളകൾ കണ്ടുബോധ്യപ്പെട്ട ശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്നും കൃഷി ഓഫിസർ വ്യക്തമാക്കി. മൈസൂരുവിൽ ഉൾപ്പെടെ സ്ഥലം പാട്ടത്തിനെടുത്ത് മരച്ചീനി, വാഴ, ഇഞ്ചി കൃഷികൾ നടത്തിയ പാരമ്പര്യവും ബിജു കുര്യന് ഉള്ളതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നിട്ടും ബിജു മുങ്ങിയെന്നതാണ് വസ്തുത.
ഇസ്രയേലിൽ പോകാനുള്ള ആഗ്രഹം നേരത്തേ മുതൽ പ്രകടിപ്പിച്ചിരുന്നതായും ഇവർ സൂചിപ്പിച്ചു. അതേസമയം ബിജു കുര്യനെ കാണാതായതിൽ കുടുംബവും ദുഃഖത്തിലാണെന്ന് സഹോദരൻ ബെന്നി കുര്യൻ പറഞ്ഞു. നിലവിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്നു കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടർച്ചയായി ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ല. സന്ദേശങ്ങൾക്കും മറുപടിയില്ല. അവസാനമായി ബിജു ഓൺലൈനിലുണ്ടായിരുന്നതും കഴിഞ്ഞ വ്യാഴാഴ്ചയാണ്.
കേരളത്തിലെ വിവാദങ്ങൾ ബിജു അറിയുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കുടുംബവുമായി ബന്ധപ്പെടാത്തത്. ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്നു സഹോദരൻ ബെന്നി പറഞ്ഞു. ഇസ്രയേലിൽ പോയാൽ തിരിച്ചുവരില്ലെന്നോ അവിടെത്തുടരാൻ പദ്ധതിയുണ്ടെന്നോ ബിജു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനെതിരെ മന്ത്രി പ്രസാദ് വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അവരുടെ വിശദീകരണം.
വെറും 90ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലിൽ ഇത്തരം ജോലികൾക്ക് ആളുകളെ ആവശ്യമുണ്ട്്. അതുകൊണ്ടുതന്നെ ജീവൻ പണയം വെച്ച് തങ്ങളുടെ രാജ്യത്ത് എത്തുന്ന ബിജുവിനെ പോലുള്ളവരോട് ഒരു സോഫ്റ്റ് കോർണർ ഇസ്രയേൽ വെച്ചു പുലർത്തുന്നുണ്ട്. മാത്രമല്ല ഇസ്രയേലിലേക്ക് വിസ കിട്ടണമെങ്കിൽ നിങ്ങളുടെ അപ്പൂപ്പന്റെ ജാതകംവരെ അവർ കണ്ടുപിടിച്ചിരിക്കും. ആ രാജ്യത്തിന് യാതൊരു ഭീഷണിയും ഇല്ലാത്തവർക്കേ അങ്ങോട്ട് കയറാൻ കഴിയൂ. പിന്നെ അതിൽ ഒരാൾ മുങ്ങിയാലും അത് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാവില്ലെന്ന് അവർക്ക് നന്നായി അറിയാം.
നിലവിൽ ഇന്ത്യ ഇസ്രയേലിന്റെ സൗഹൃദ രാഷ്ട്രമാണ്. അതുകൊണ്ട് തന്നെ ഒരു ചാരൻ ഉള്ളിൽ പ്രവേശിച്ചതുപോയുള്ള നടപടികൾ ആ രാജ്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. പക്ഷേ ബിജു കുടുങ്ങാൻ പോവുന്നത് ഇയാളുടെ വിസ റദ്ദ് ചെയ്ത്, നടപടി എടുക്കണം എന്ന് രാജ്യം ഇസ്രയേലിനോട് അഭ്യർത്ഥിച്ചപ്പോൾ ആണ്. അങ്ങനെയാണെങ്കിൽ ബിജുവിനെ പിടികൂടി നാട്ടിലേക്ക് അയക്കുകയാണ് ഇസ്രയേൽ ചെയ്യുക. അതിന് അപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ല. ഇതിനുള്ള കത്ത് വിദേശകാര്യ വകുപ്പ് നൽകിയോ എന്നും അറിയില്ല.
നിലവിൽ വിസാ കാലാവധി ഒരു മാസം കൂടി ഉണ്ടെന്നിരിക്കേ, അയാൾക്ക് അവിടെ സ്‌പോൺസർ ഉണ്ടെന്ന് ഇരിക്കേ, ബിജു ഇസ്രയേലിന്റെ കണ്ണിൽ കുറ്റം ചെയ്തിട്ടില്ല. നേരത്തെ തായ് വാനിൽ നിന്നുള്ള ഒരു കലാകാരന്മാരുടെ സംഘത്തിലെ രണ്ടുപേർ സമാനമായ രീതിയിൽ മുങ്ങിയിരുന്നു. ഇവരെ കണ്ടെത്തി നാട്ടിലേക്ക് കയറ്റിവിടുകയാണ് ഇസ്രയേൽ ചെയ്തത്. രാജ്യമെങ്ങും ക്യാമറക്കണ്ണുകളും ചാരക്കണ്ണുകളും ഉള്ള ഇസ്രയേലിന് നിഷ്പ്രയാസം ഇവരെ കണ്ടെത്താനും കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ