- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയുടെ റാലിയിൽ പ്രതിഷേധിക്കരുതെന്ന് കർഷകരോട് ബിജെപി
ഛണ്ഡിഗഢ്: കർഷക സമരം നൂറ് ദിനം പിന്നിടുകയാണ് ഇന്ന്. ഇതോടെ സമരത്തിന്റെ ശൈലി മാറ്റുകയാണ് കർഷകർ ബിജെപി നേതാക്കളുടെ വസതിക്ക് മുന്നിലേക്ക് അടക്കം സമരം ചെയ്യുക എന്നതാണ് പുതിയ രീതി. മിനിമം താങ്ങുവില പ്രഖ്യാപനം അടക്കമുള്ള ആവശ്യം ഉന്നയിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ശംഭു അതിർത്തിയിൽ നടത്തിവന്ന റെയിൽ തടയൽ സമരം അവസാനിപ്പിച്ചിരുന്നു. പകരം ബിജെപി നേതാക്കളുടെ വസതിക്ക് മുന്നിൽ കർഷകർ സമരം ആരംഭിച്ചു. പഞ്ചാബ്- ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ വസതിക്ക് മുന്നിലാകും ഇനി സമരം തുടരുകയെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.
സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം ) കർഷകരാണ് ഹരിയാനയിലെ ശംഭു റെയിൽവേ സ്റ്റേഷനിലെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായി നടത്തി വന്ന റെയിൽ തടയൽ സമരമാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കർഷക സമരം ആരംഭിച്ചതിന്റെ 100-ാം ദിനം പ്രമാണിച്ച് ശംഭു അതിർത്തിയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും ഇരു സംഘടനാ നേതാക്കളും അറിയിച്ചു.
ലോക് സഭ തെരഞ്ഞെടുപ്പിൽ ഫരീദ്‌കോട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഹൻസ് രാജ് ഹൻസ്, ലുധിയാന മണ്ഡലത്തിലെ രവ്‌നീത് സിങ് ബിട്ടു എന്നിവർ കർഷക സംഘടനാ പ്രവർത്തകരെയും നേതാക്കളെയും ഭീഷണിപ്പെടുത്തുന്ന വിധം പെരുമാറുന്നത് അംഗീകരിക്കില്ല. കർഷക സമരത്തെ അടിച്ചമർത്തനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നത്. ശംഭുവിലെയും ഖനൗരിയിലെയും സമരം തുടർന്നു കൊണ്ട് തന്നെ ബിജെപി നേതാക്കളുടെ വസതിക്ക് മുന്നിൽ സമരം ചെയ്യാനാണ് തീരുമാനം.
കർഷക സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങൾ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും സംയുക്ത കിസാൻ മോർച്ച കോ ഓർഡിനേറ്റർ ജഗജിത് സിങ് ധാലിവാൾ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയിൽ പ്രതിഷേധിക്കരുതെന്ന് കർഷകരോട് അഭ്യർത്ഥിച്ച് ബിജെപി പഞ്ചാബ് നേതൃത്വം രംഗത്തുണ്ട്. കർഷകർ അവർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ബിജെപിക്ക് മെമോറാണ്ടം സമർപ്പിച്ചാൽ അത് പ്രധാനമന്ത്രിക്ക് കൈമാറാമെന്നും പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
മെയ് 23ന് പഞ്ചാബിലെ പട്യാലയിലും 24ന് ഗുരുദാസ്പൂർ, ജലന്ധർ എന്നിവിടങ്ങളിലുമാണ് മോദിയുടെ റാലി നടക്കുന്നത്. ഈ സ്ഥലങ്ങളിൽ റാലി നടക്കുമ്പോൾ പ്രതിഷേധിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു. സ്വാമിനാഥൻ കമിറ്റി നിർദേശിച്ച മിനിമം താങ്ങുവില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘടനകളുടെ പ്രതിഷേധം.
കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയാൻ വേണ്ടി ഹരിയാന പൊലീസ് നടത്തിയ നടപടികളിലും സംഘടനകൾക്ക് പ്രതിഷേധമുണ്ട്. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മോദി പങ്കെടുക്കുന്ന റാലിയിൽ പ്രതിഷേധിക്കാൻ കർഷകർ തീരുമാനിച്ചത്.
കർഷകരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലെത്തിക്കുമെന്ന് തങ്ങൾ ഉറപ്പ് നൽകുകയാണെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം മനോരഞ്ജൻ ഖലിയ പറഞ്ഞു. പ്രധാനമന്ത്രി മെമോറാണ്ടത്തെ പോസിറ്റീവായി കണ്ട് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കും. റാലിക്കിടെ പ്രതിഷേധക്കുന്നത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങളിൽ ഏകസ്വരമുണ്ടാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കർ പറഞ്ഞു. ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് ആവശ്യങ്ങൾ സംബന്ധിച്ച് കർഷക സംഘടനകൾ ധാരണയിലെത്തണം. ഇപ്പോൾ കർഷക സംഘടന നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.