- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമോ ? ഭീകരവാദികളെ കൊല്ലരുത്; ജീവനോടെ പിടികൂടി ചോദ്യം ചെയ്യണം'; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള; ഭീകരര്‍ക്ക് പിന്നില്‍ പാകിസ്ഥാനെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് തിരിച്ചടിച്ച് ബിജെപി
ഭീകരരെ പിടികൂടാന്‍ സുരക്ഷാ സേനകള്‍ മുന്‍ഗണന നല്‍കണമെന്ന് ഫാറൂഖ് അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കശ്മീരിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ല. കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ നിരന്തരമുണ്ടാകുന്ന സായുധ ഏറ്റുമുട്ടലുകളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താന്‍ ഭീകരവാദികളെ കൊലപ്പെടുത്തുകയല്ല പകരം ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പിടികൂടുന്ന ഭീകരവാദികളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണം ആസൂത്രണം ചെയ്യുന്നവരെ കുറിച്ചുള്ള വിലയേറിയ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഡ്ഗാമില്‍ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഫാറൂഖ് ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഭീകരവാദികളെ പിടികൂടിയാല്‍ മാത്രമേ ആരാണ് ഇത് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും ഫാറൂഖ് പറഞ്ഞു.
സമീപകാലത്തെ ഏറ്റുമുട്ടലുകളിലും അതിന്റെ വര്‍ധനവുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ ഏറ്റമുട്ടലുകളുടെ വര്‍ധനക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന എന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് സ്വതന്ത്ര അന്വേഷണത്തില്‍ വ്യക്തമാകാന്‍ സാധ്യതയുണ്ടെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ ഈ രീതിയിലുള്ള കുതിച്ചുചാട്ടം ഉണ്ടായിരുന്നില്ല. ഈ സംഭവങ്ങള്‍ക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്താന്‍ സ്വതന്ത്ര അന്വേഷണം വേണം. തന്റെ മകന്‍ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ ചില ഏജന്‍സികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. മാരകമായ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെടുന്നതിന് പകരം ഭീകരരെ പിടികൂടാന്‍ സുരക്ഷാ സേനകള്‍ മുന്‍ഗണന നല്‍കണമെന്നും ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് നടന്ന ഏറ്റമുട്ടലിനെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, അറസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. അവരെ ജീവനോടെ പിടികൂടിയിരുന്നെങ്കില്‍ പ്രദേശത്തെ അസ്ഥിരപ്പെടുത്താന്‍ പ്രത്യേക ഘടകങ്ങള്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് മുമ്പ് ടൂറിസം അഭിവൃദ്ധിപ്പെടുകയും ദൈനംദിന വ്യാപാര പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കുകയും ചെയ്തിരുന്നു. പുതിയ സംഭവ വികാസങ്ങള്‍ പ്രദേശത്തിന്റെ പുരോഗതിയെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കും. ഭീകരാക്രമണം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. അതിനാലാണ് താന്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഫാറൂഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
അതേസമയം, ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നു. ഈ തീവ്രവാദം വരുന്നതെന്ന് പാകിസ്താനില്‍നിന്നാണെന്ന് ഫാറൂഖ് അബ്ദുല്ലക്ക് അറിയാമെന്ന് ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പറഞ്ഞു. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജമ്മു കശ്മീരില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതും ഫാറൂഖ് അബ്ദുല്ലക്ക് അറിയാം. പാകിസ്താനും തീവ്രവാദ സംഘടനകളും ഇതില്‍ പങ്കാളികളാണ്. നമ്മുടെ സൈന്യത്തെയും പൊലീസിനെയും സുരക്ഷാ സേനയെയും നമ്മള്‍ പിന്തുണക്കുകയാണ് വേണ്ടത്. മനുഷ്യത്വത്തിന്റെ ശത്രുക്കളായവര്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.
അതേസമയം, ഫാറൂഖ് അബ്ദുല്ലയുടെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ മുതിര്‍ന്ന വ്യക്തിത്വമാണ് ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ എനിക്ക് സംശയമില്ല. അങ്ങനെയുള്ള ഒരു നേതാവ് എന്തെങ്കിലും പ്രസ്താവന നടത്തുകയാണെങ്കില്‍ ആഭ്യന്തര മന്ത്രാലയമടക്കം അതിനെ ഗൗരവത്തോടെ സമീപിക്കണം. നിലവിലെ സാഹചര്യം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും ശരത് പവാര്‍ പറഞ്ഞു.
അനന്ത്‌നാഗില്‍ ശനിയാഴ്ച രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ച് കൊന്നതാണ് അവസാനത്തെ സംഭവം. ഒരാള്‍ വിദേശിയാണെന്നും മറ്റൊരാള്‍ പ്രദേശവാസിയാണെന്നും അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസത്തിനിടെ കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന നാലാമത്തെ തീവ്രവാദ സംഭവമാണിത്.
വെള്ളിയാഴ്ച ഉത്തര്‍ പ്രദേശില്‍നിന്നുള്ള രണ്ട് അതിഥിത്തൊഴിലാളികള്‍ക്കു നേരെ ബഡ്ഗാമില്‍ ഭീകരവാദികള്‍ വെടിയുതിര്‍ത്തിരുന്നു. സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയുമാണ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമായിരുന്നു വെള്ളിയാഴ്ചത്തേത്.