- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസത്തെ സസ്പെൻഷൻ കാലാവധി അവസാനിച്ചു; മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഫർസീൻ മജീദ് തിരികെ ജോലിയിൽ പ്രവേശിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ യുപി സ്‌കൂൾ അദ്ധ്യാപകൻ
കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിനു സസ്‌പെൻഷനിലായ ഫർസീൻ മജീദ് തിരികെ ജോലിയിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് നേതാവായ ഫർസീൻ കണ്ണൂർ മട്ടന്നൂർ യുപി സ്‌കൂൾ അദ്ധ്യാപകനാണ്. ആറ് മാസത്തിനു ശേഷമാണ് ഫർസീൻ തിരികെ ജോലിയിൽ പ്രവേശിച്ചത്.
2022 ജൂൺ 13നു കണ്ണൂർ തിരുവനന്തപുരം ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോഴാണ് ഫർസീൻ മജീദും നവീൻ കുമാർ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇരുവരും യാത്രക്കാരായി വിമാനത്തിൽ കയറിയാണ് പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്. പിന്നാലെയാണ് ഫർസീനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതും ഫർസീനെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളി താഴെയിട്ടതും വലിയ ചർച്ചയായിരുന്നു.വിമാനത്തിലെ കയ്യാങ്കളിക്ക് പിന്നാലെ ഇ.പി. ജയരാജനെയും ഫർസീൻ മജീദിനെയും താൽക്കാലികമായി വിമാനയാത്രയിൽ നിന്നും ഇൻഡിഗോ വിലക്കിയിരുന്നു.ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല എന്ന ശപഥം ചെയ്തായിരുന്നു വിലക്കിനെ ഇ.പി. ജയരാജൻ നേരിട്ടത്.
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും,നവീൻ കുമാറും പ്രതിഷേധിച്ചത്.വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷമായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ മർദിച്ച് താഴെയിടുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു.
ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു.ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കത്തിൽ നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ഫർസീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. കമ്മീഷണർ ആർ ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടിന്മേൽ ഡിഐജി രാഹുൽ ആർ നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
നേരത്തേ വിമാനയാത്രാ പ്രതിഷേധത്തിന് പിന്നാലെ തന്നെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി ഫർസീൻ രംഗത്ത് വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ