തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയിൽ മകളുടെ ബസ് കൺസഷൻ കാർഡ് പുതുക്കാനെത്തിയപ്പോൾ മർദ്ദനമേറ്റ് ആശുപത്രിയിലായ അച്ഛനെ കാണാൻ പരീക്ഷ കഴിഞ്ഞയുടനെ പ്രേമനന്റെ മകൾ രേഷ്മ ഓടിയെത്തി. തനിക്കൊപ്പം കൺസഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനെ ജീവനക്കാർ കൂട്ടം ചേർന്ന് തല്ലി ചതയ്ക്കുന്നത് കണ്ടതിന്റെ ഷോക്കിലാണ് മകൾ ഉച്ചയ്ക്ക് ബിരുദ പരീക്ഷ എഴുതാൻ പോയത്. കേണപേക്ഷിക്കാൻ ഒരുങ്ങുമ്പോഴും അവർ തല്ലുകയായിരുന്നുവെന്നും തന്നെയും തല്ലിയേനെയെന്നും അടിയേറ്റ പ്രേമനന് ഒപ്പമുണ്ടായിരുന്ന മകൾ ആശുപത്രിയിലെത്തിയ ശേഷം വ്യക്തമാക്കി.

കൺസെഷൻ എടുക്കാൻ പോയ സമയത്ത് കോഴ്‌സ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള എന്തേ തർക്കമാണ് ജീവനക്കാരെ ചൊടിപ്പിച്ചതെന്നും പപ്പയെ ഒരുപാട് ഉപദ്രവിച്ചെന്നും മകൾ വാക്കുകൾ ഇടറികൊണ്ട് പറഞ്ഞു. തന്നെയും പിടിച്ചുതള്ളിയെന്നും ഉന്തുകയും തള്ളുകയും ചെയ്‌തെന്നും മകൾ വിവരിച്ചു. പപ്പയെ വല്ലാണ്ട് തല്ലി, വയ്യാണ്ടായപ്പോൾ ആരോ പറഞ്ഞിട്ടാ അടി നിർത്തിയതെന്നും മകൾ കൂട്ടിച്ചേർത്തു. അച്ഛനെ മർദ്ദിചത് കണ്ട ശേഷം നേരെ ചൊച്ചെ പരീക്ഷ പോലും എഴുതാനായില്ലെന്നും ആശുപത്രിയിൽ വച്ച് കുട്ടി പറഞ്ഞു. പരീക്ഷ എഴുതിയതിന് ശേഷം കാട്ടാക്കട ആശുപത്രിയിലെത്തിയപ്പോഴാണ് മകൾ രേഷ്മ കാര്യങ്ങൾ വിവരിച്ചത്.

ഒരു പെൺകുട്ടിയാണെന്നു പോലും നോക്കാതെ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ പിടിച്ചു തള്ളിയതായി രേഷ്മ പറഞ്ഞു. മർദനമേറ്റ അച്ഛനെ ആശുപത്രിയിലാക്കിയശേഷം പരീക്ഷയെഴുതാനാണു രേഷ്മ പോയത്. തടയാൻ ശ്രമിച്ച തനിക്കുനേരെ ജീവനക്കാർ ആക്രോശിച്ചു.

ബഹളം കേട്ടാണു തർക്കം നടന്ന സ്ഥലത്തേക്കു ചെന്നതെന്നു രേഷ്മ പറഞ്ഞു. അച്ഛനും ജീവനക്കാരും തമ്മിൽ തർക്കം നടക്കുകയായിരുന്നു. അച്ഛനെ ജീവനക്കാർ പിടിച്ചു തള്ളിയശേഷം അടിച്ചു. പിടിച്ചു മാറ്റാനെത്തിയ തന്നെയും തള്ളിമാറ്റി. തന്റെ കൈ തട്ടിമാറ്റി ബലംപ്രയോഗിച്ച് അടുത്തുള്ള മുറിയിലേക്ക് അച്ഛനെ വലിച്ചിഴച്ചു കൊണ്ടുപോയി.

അടിക്കരുതെന്നു പറഞ്ഞിട്ടും കേട്ടില്ല. അച്ഛനു വയ്യാതായപ്പോഴാണ് അവർ അടി നിർത്തിയത്. അച്ഛനെ അടിക്കുന്നതു കണ്ടപ്പോൾ വല്ലാതായി, കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. ജീവനക്കാർ ആരും ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. അച്ഛനു വയ്യെന്നു പറഞ്ഞിട്ടും സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. കൂടെയുണ്ടായിരുന്ന കൂട്ടുകാരിയുമായി പൊലീസ് സ്റ്റേഷനിൽപോയി വിവരം പറഞ്ഞു. പൊലീസ് ഉടനെതന്നെ സ്ഥലത്തെത്തി. ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ വിളിച്ചതും പൊലീസാണെന്നു രേശ്മ പറഞ്ഞു.

ഇന്നു രാവിലെയാണ് മകളുടെ കൺസെഷൻ ടിക്കറ്റ് എടുക്കാനായി പ്രേമനനും മകളും മകളുടെ സുഹൃത്തും കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെത്തിയത്. കോഴ്‌സ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കൺസിഷൻ നൽകൂഎന്ന് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സർട്ടിഫിക്കറ്റ് നേരത്തെ നൽകിയതാണെന്നും ഡിഗ്രിക്കു പഠിക്കുന്ന വിദ്യാർത്ഥി മൂന്നു മാസത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് തരണമെന്നു പറയുന്നത് ന്യായമല്ലെന്നും പ്രേമനൻ പറഞ്ഞു. ഉദ്യോഗസ്ഥൻ നിലപാടിലുറച്ചു നിന്നതോടെ വാക്കേറ്റമായി. കെഎസ്ആർടിസിയുടെ ഇന്നത്തെ സ്ഥിതിക്കു കാരണം ഇത്തരം പ്രവൃത്തിയാണെന്ന് പ്രേമനൻ പറഞ്ഞതാണ് സംഘർഷത്തിലേക്കു നയിച്ചത്.

അതേ സമയം മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ നടപടി സ്വീകരിച്ചു. നാല് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. സംഭവത്തിൽ ഹൈക്കോടതി കെഎസ്ആർടിസിയിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കെഎസ്ആർടിസി എംഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ജീവനക്കാർ ക്രൂരമായാണ് മർദിച്ചതെന്നും 15 മിനിറ്റോളം മുറിയിൽ ബന്ദിയാക്കിയെന്നും മർദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകളുടെ കൺസഷൻ പുതുക്കാനായാണ് ഡിപ്പോയിൽ പോയത്. പഴയ കൺസഷൻ കാർഡും ഫോട്ടോയും നൽകി. എന്നാൽ കൺസഷൻ അനുവദിക്കണമെങ്കിൽ വീണ്ടും കോഴ്സ് സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. മൂന്നുമാസം മുമ്പ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും മൂന്നുവർഷത്തെ കോഴ്സ് പഠിക്കുന്നയാളോട് ഇടയ്ക്കിടെ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. പക്ഷേ, നിയമം അങ്ങനെയാണെന്നായിരുന്നു അവരുടെ മറുപടി, പ്രേമനൻ കൂട്ടിച്ചേർത്തു.

മകൾക്ക് ഇപ്പോൾ പരീക്ഷയാണെന്നും മൂന്നുദിവസം കഴിഞ്ഞ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞിട്ടും അവർ കൺസഷൻ അനുവദിച്ചില്ല. ഇതോടെയാണ് അപ്പോഴുണ്ടായ രോഷത്തിൽ കെ.എസ്.ആർ.ടി.സി.യുടെ പ്രതിസന്ധിക്ക് കാരണം ഇത്തരം കാര്യങ്ങളാണെന്ന് പറഞ്ഞത്. ഇതുകേട്ടതോടെ ഒരു ജീവനക്കാരൻ തർക്കിച്ചു. പിന്നാലെ കൂടുതൽ ജീവനക്കാരെത്തി മർദിച്ചു. എന്റെ നെഞ്ചിലടക്കം ഇടിച്ചു.

പപ്പയെ തല്ലല്ലേ എന്ന് മകൾ നിലവിളിച്ചു. മകൾക്കൊപ്പം അവളുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. അപ്പോളേക്കും നാട്ടുകാർ ഓടിക്കൂടി. ഇതോടെ പല ജീവനക്കാരും ഇറങ്ങിപ്പോയി. എന്നാൽ 15 മിനിറ്റോളം എന്നെ അവർ മുറിയിൽ ബന്ദിയാക്കി. മകൾക്ക് പരീക്ഷയുള്ളതിനാൽ പിന്നീട് ഞാൻ മകളെ കോളേജിലേക്ക് വിട്ടു. അതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയതെന്നും പ്രേമനൻ പറഞ്ഞു.