- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ അവധി നാളുകളിലും കുടുംബത്തെ കൂട്ടി ജന്മനാട്ടിലേക്ക് ഒരു യാത്ര പതിവ്; ഇത്തവണ പയ്യാമ്പലം ബീച്ചിലെ ഉല്ലാസം കലാശിച്ചത് തീരാ ദുഃഖത്തിലും; മകനു വേണ്ടിയുള്ള ശശികുമാറിന്റെ കാത്തിരിപ്പ് വിഫലമായി; കടലിൽ അകപ്പെട്ട സുജൻ ഇനി ഓർമ ചിത്രം
കണ്ണൂർ: ഏറെ പ്രതീക്ഷയോടെ ശശികുമാർ മകനെ കാത്തിരുന്നെങ്കിലും, വിഫലമായി. പയ്യാമ്പലം ബീച്ചിൽ കടലിൽ കാണാതായ പതിനഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയതോടെ പിതാവ് കടൽതീരത്തുനിന്ന് പൊട്ടിക്കരഞ്ഞു .കർണാടക മടിക്കേരി സോമവാർ പേട്ടയിലെ ശശികുമാറിന്റെ മകൻ സുജനാണ് മരിച്ചത്. പള്ളിയാംമൂല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്
മറൈൻ എൻഫോഴ്‌സ്മെന്റ് നടത്തിയ തിരച്ചലിലാണ് തിങ്കളാഴ്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്. വിഷു ആഘോഷത്തിനായാണ് മടിക്കേരിയിൽ നിന്ന് ശശികുമാറും ബന്ധുക്കളുമടങ്ങുന്ന പന്ത്രണ്ടംഗ സംഘം പയ്യാമ്പലത്തേക്ക് വന്നത്. പാട്ടുപാടിയും ചിരിച്ചും കളിച്ചുമായിരുന്നു യാത്ര. എന്നാൽ ഈദുരന്തം അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കണ്ണീരിന്റെ ഉപ്പുകലർന്നാണ് തിരിച്ചു പോക്ക്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശശികുമാറും ഭാര്യ കവിതയും മക്കളും ബന്ധുക്കളും അടങ്ങുന്ന സംഘം പയ്യാമ്പലത്തെത്തിയത്. പറശിനിക്കടവിൽ ദർശനം നടത്തിയ ശേഷമായിരുന്നു സംഘം പ്രത്യേക വാഹനത്തിൽ ഞായറാഴ്ച കണ്ണൂരിലേക്ക് യാത്ര തിരിച്ചത്.
കടലിൽ ആർത്തുല്ലസിച്ചു കളിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു വൻതിര കുടുംബത്തിലെ നാലുപേരെ കടലിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മൂന്നു പേരെ അവിടെയുണ്ടായിരുന്ന ലൈഫ് ഗാർഡ് അത്ഭുതകരമായി രക്ഷപ്പെടുത്തിയപ്പോൾ ശശികുമാറിന്റെ പതിനഞ്ചുവയസുകാരനായ സുജനെ തിര കവരുകയായിരുന്നു. സന്തോഷവും ആഹ്ളാദവും പൊട്ടിക്കരച്ചിലിന് വഴിമാറുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കണ്ണൂർ കോർപറേഷൻ മേയർ ടി. ഒമ മോഹനനും വാർഡ് കൗൺസിലർ ജയസൂര്യൻ എന്നിവർ ഇടപെട്ട് പയ്യാമ്പലം ബീച്ചിനുത്തുള്ള ചോയ്സ് ബീച്ച് ഹൗസ് ഹോസ്റ്റെയിലാണ് ശശികുമാറിനെ പാർപ്പിച്ചിരുന്നത്. മറ്റുകുടുംബാംഗങ്ങളെ പ്രത്യേക വാഹനത്തിൽ നാട്ടിലേക്ക് പറഞ്ഞയച്ചു. മമ്പറം സ്വദേശിയായ ശശികുമാർ ജോലി സൗകര്യാർത്ഥം മടിക്കേരിയിലേക്ക് കുടിയേറുകയായിരുന്നു. എന്നാൽ എല്ലാ അവധി ദിനങ്ങളിലും മക്കളെയും ഭാര്യയെയും കൊണ്ടു ജന്മനാട്ടിലേക്ക് ടൂർ പോകുന്നത് ശശികുമാറിന്റെ ശീലമായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്