- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുമാസം, ദിവസവും അച്ഛൻ ഊണുകഴിക്കാൻ വീട്ടിലേക്ക് വന്നപ്പോൾ സീറ്റ് ബെൽറ്റിടാതെ കാറോടിച്ചത് 149 തവണ; എഐ ക്യാമറ മിഴി തുറന്നപ്പോൾ പിഴ നോട്ടീസ് കിട്ടിയത് മകൾക്കും; പിഴയായി അടയ്ക്കേണ്ടത് 74,500 രൂപ; സംഭവം കാസർകോട്ട്
കാസർകോട്: എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായാണ് ഗതാഗത വകുപ്പ് അവകാശപ്പെടുന്നത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ, എ ഐ ക്യാമറയുടെ പങ്കിനെ കുറച്ചുകാണേണ്ടതില്ലെങ്കിലും, നിയമം നടപ്പാക്കുന്നതിനിടെ, ചില വിചിത്ര ഉത്തരവുകളും വരുന്നുണ്ട്. അച്ഛൻ കാറോടിച്ചതിന് മകൾക്ക് പിഴ കിട്ടിയ സംഭവമാണ് കാസർകോട്ടേത്.
സീറ്റ് ബൽറ്റിടാതെ 149 തവണ കാറോടിച്ചെന്ന പേരിൽ മകൾക്ക് കിട്ടിയത് 74,500 രൂപ. കാസർകോട് ബദിയടുക്ക സ്വദേശിനി ഉമൈറ ബാനുവിനാണ് പിഴ. ഉമൈറ ഒരുതെറ്റേ ചെയ്തുള്ളു, കാറിന്റെ ഉടമയായി പോയി. കാറോടിച്ചത് യുവതിയുടെ അച്ഛൻ അബൂബക്കർ ഹാജിയാണ്. ഉമൈറയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകിയിരിക്കുകയാണ് ഗതാഗതവകുപ്പ്.
വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലെയുള്ള സ്വന്തം മരമില്ലിലേക്ക് ദിവസം, രണ്ട് മൂന്നും തവണയാണ് അബൂബക്കർ സീറ്റ് ബെൽറ്റിടാതെ കാറിൽ യാത്ര ചെയ്തത്. ഇതൊക്കെ എഐ ക്യാമറയിൽ പതിയുകയും ചെയ്തു. രാവിലെ മില്ലിലേക്ക് പോകുന്ന അബൂബക്കർ പത്ത് മണിയോടെ തിരിച്ചെത്തി കുറച്ച് സമയത്തിനുളിൽ തിരിച്ചുപോകും. പിന്നീട് ഉച്ചയ്ക്ക് ഊണുകഴിക്കാൻ വരും. തിരിച്ചുപോയശേഷം വൈകിട്ട് വീണ്ടുമെത്തും.
ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ 149 തവണ നിയമം ലംഘിച്ചു. ഒക്ടോബർ 30 ന് ശേഷമുള്ള കണക്ക് വരാനിരിക്കുന്നതേയുള്ളൂ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫോണിൽ സന്ദേശമയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് തപാലിൽ നോട്ടീസയച്ചത്.
അതേസമയം, എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്.
ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളിൽ 273 ജീവൻ നഷ്ടപ്പെട്ടു. എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്. അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണ നിരക്കിൽ ഇനിയും വ്യത്യാസം വരാം.
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-23,296, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 25,633, മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബർ മാസം കണ്ടെത്തിയ നിയമ ലംഘനങ്ങൾ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്