ടെക്‌സാസ്: അമേരിക്കയിലെ ടെക്സാസില്‍ ഒരു പിതാവ് മൂന്ന് മാസം പ്രായമുള്ള കുട്ടിയെ കാറിലെ മഞ്ഞ് തുടയ്ക്കാനായി ഉപയോഗിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോര്‍ട്ട്ആര്‍തറിലുള്ള 25 വയസ് തോന്നിപ്പിക്കുന്ന ഒരാളാണ് തന്റെ ഹ്യുണ്ടായി കാറിലെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറായി സ്വന്തം കുഞ്ഞിനെ തന്നെ ഉപയോഗിച്ച് മഞ്ഞ് തുടച്ചത്.

ഈ മാസം 21ന് ഈ മേഖലയില്‍ വന്‍ തോതില്‍ ശീതക്കാറ്റ് വീശിയിരുന്നു. കാറിന്റെ മുന്‍ഭാഗത്തേയും പിന്‍ഭാഗത്തേയും ഗ്ലാസുകള്‍ കുട്ടിനെ എടുത്തുയര്‍ത്തി തുടയ്ക്കുന്നതായിട്ടാണ് ടിക്-ടോക്ക് വീഡിയോയില്‍ കാണുന്നത്. പിതാവ് ചിരിച്ചു കൊണ്ടാണ് ഇക്കാര്യം ചെയ്യുന്നത്. പോര്‍ട്ട ആര്‍തര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയുടെ പിതാവ് തന്നെയാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇവിടെയുള്ള പ്രമുഖനായ ഒരു അഭിഭാഷകനാണ് ഈ ദൃശ്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

പോലീസ് കുട്ടിയുടെ പിതാവിനൈ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ മറ്റ് ചിലരും അവിടെയുണ്ടായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. രണ്ട് സ്ത്രീകളായിരുന്നു ഇവര്‍. ഇതില്‍ ഒരാള്‍ കുട്ടിയുടെ അമ്മയാണ്. കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച വിദഗ്ധര്‍ കുട്ടിയുടെ സ്ഥിതി തൃപ്തികരമാണെന്നാണ് വ്യക്തമാക്കിയത്. കുട്ടി ഇപ്പോഴും മാതാപിതാക്കളോടൊത്ത് തന്നെയാണ് കഴിയുന്നത്. കുട്ടിയുടെ അച്ഛന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്.


അടുത്തയാഴ്ച തന്നെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിക്കും. കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളതായി പോലീസ് സ്ഥിരീകരിച്ചു. കാറിലെ മഞ്ഞെല്ലാം തുടച്ചു കഴിഞ്ഞതിന് ശേഷം കുട്ടിയുടെ ശരീരമാകെ മഞ്ഞ് കൊണ്ട് മൂടിയിരിക്കുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സമൂഹ മാധ്യമങ്ങളില്‍ കുട്ടിയുടെ അച്ഛനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കുട്ടിയുടെ അച്ഛനെ മാത്രമല്ല ഒപ്പമുണ്ടായിരുന്ന സ്ത്രീകളേയും ശിക്ഷിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കുട്ടിയുടെ അച്ഛനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത് അത് കുട്ടിയല്ല കുട്ടിയെ പോലെയിരിക്കുന്ന ഒരു പാവയാണ് എന്നാണ്.