- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഞാന്‍ മരിക്കുകയാണെങ്കില്‍, അത് എല്ലാവരും അറിയുന്ന ഒരു മരണമായിരിക്കണം; വെറുമൊരു ബ്രേക്കിംഗ് ന്യൂസ് ആകരുത്'; ആഗ്രഹം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ്; പിന്നാലെ ഗാസയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു; മരണം തന്റെ ജീവിതം ഡോക്യുമെന്റിയായി ഇറങ്ങാന്‍ ഇരിക്കെ
ഗാസ സിറ്റി: ഗാസയിലെ ആകാശത്ത് പ്രതിദിനം ചിറകു പടര്‍ത്തുന്ന യുദ്ധവിമാനങ്ങള്‍ക്കടിയില്‍, ക്യാമറ കൈവിടാതെ മുന്നോട്ട് നീങ്ങിയ യുവ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസ്സൂന. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും മരണത്തെ മുഖാമുഖം കണ്ടിരുന്നെങ്കിലും, തന്റെ വേദനയും സത്യവും ലോകം കണ്ടേമതിയാകൂവെന്ന ആത്മവിശ്വാസം മാത്രമാണ് അവളെ മുന്നോട്ട് നയിച്ചത്. 'ഞാന്‍ മരിക്കുകയാണെങ്കില്‍, അത് ചരിത്രത്തില്‍ ഓര്‍ത്തിരിക്കണം' എന്നത് മാത്രമായിരുന്ന ഹസ്സൂനയുടെ ആഗ്രഹം. അക്കാര്യം അവര്‍ സമൂഹത്തോട് വിളിച്ച് പറഞ്ഞത് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ്.
'ഞാന്‍ മരിക്കുകയാണെങ്കില്‍, അത് എല്ലാവരും അറിയുന്ന ഒരു മരണമായിരിക്കണം. വെറുമൊരു ബ്രേക്കിംഗ് ന്യൂസോ, ഒരു കൂട്ടത്തിലെ ഒരക്കമോ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലോകം അറിയുന്ന ഒരു മരണം, കാലത്തെ അതിജീവിക്കുന്ന ഒരു ശേഷിപ്പായി അത് മാറണം, കാലത്തിനോ സ്ഥലത്തിനോ മായ്ച്ചുകളയാന്‍ കഴിയാത്ത കാലാതീതമായ ഒന്നായിരിക്കണം, അതാണ് എനിക്ക് വേണ്ടത്' ഹസ്സൂന സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ച് വെച്ചു.
ഇത് കുറിക്കുമ്പോള്‍ ഹസ്സൂന അറിഞ്ഞിരുന്നില്ല അവളുടെ സമയം എഴുതപ്പെട്ടിരുന്നുവെന്ന്. എഴുതി വച്ച് അധികം സമയത്തിനുള്ളില്‍ അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു. ബുധനാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ആ 25-കാരി കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ അവരുടെ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗര്‍ഭിണിയായ സഹോദരി ഉള്‍പ്പെടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടു.
ഇസ്രായേല്‍ സൈന്യം ഇത് ഹമാസ് അംഗത്തെ ലക്ഷ്യംവെച്ചുള്ള ആക്ഷന്‍ ആയിരുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. വിവാഹം നടക്കാനിരിക്കെയാണ് ഹസ്സൂന മരണപ്പെട്ടത്. ഹസ്സൂനയുടെ ജീവിതം ആധാരമാക്കിയ ഡോക്യുമെന്ററി സിനിമ, കാനിന് സമാന്തരമായി നടക്കുന്ന ഒരു ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രോത്സവത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കുറിന് ശേഷമാണ് ഹസ്സൂനയുടെ ദാരുണ മരണം.
മരണത്തിന് തൊട്ടുമുമ്പ്, ഹസ്സൂന തന്റെ ജീവിതത്തിന്റെ കഥ ലോകവുമായി പങ്കുവെക്കാന്‍ ഒരുങ്ങിയിരുന്നതായിരുന്നു. 'പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്' എന്ന ചിത്രത്തിലൂടെ ഹസ്സൂനയുടെ അനുഭവങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തേണ്ടതായിരുന്നു. ഇറാനിയന്‍ സംവിധായിക സെപിദെ ഫാര്‍സിയുടെ സംവിധാനത്തിലുള്ള ഈ ഡോക്യുമെന്ററി ഹസ്സൂനയും ഫാര്‍സിയും തമ്മിലുള്ള വീഡിയോ സംഭാഷണങ്ങളിലൂടെ ഗാസയുടെ ദുരിതത്തിന്റെയും പലസ്തീന്‍കാരുടെ ദൈനംദിന ജീവിതത്തിന്റെയും കഥ പറയുന്നതായിരുന്നു.