ന്യൂഡൽഹി: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏഴംഗ ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക പരിശോധന ഫലത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ. സൈറസ് മിസ്ത്രിയും സംഘവും യാത്ര ചെയ്ത മെഴ്സിഡസ് ബെൻസ് ജിഎൽസി സ്പോർട്സ് യൂട്ടിലിറ്റി വാഹനം ഞായറാഴ്ച അപകടത്തിൽപ്പെട്ട സൂര്യനദിക്ക് കുറുകയുള്ള പാലത്തിന്റെ രൂപകൽപ്പനയിലെ അപാകതയാണ് സംഘം വെളിപ്പെടുത്തിയത്. പാലത്തിന്റെ പാരപെറ്റ് മതിൽ ഷോൾഡർ ലെയിനിലേക്ക് നീണ്ടുകിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇതിനാലാണ് ഇവർ സഞ്ചരിച്ച അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള മെഴ്‌സിഡസ് ബെൻസ് അപകടത്തിൽപെട്ടതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പാലം നിർമ്മാണത്തിലെ അപാകം അപകടത്തിലേക്ക് നയിച്ചു എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. പാലം നിർമ്മിച്ചിരിക്കുന്നത് അപകടകരമായ നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാറിന്റെ അമിതവേഗവും മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ കണക്കുകൂട്ടൽ തെറ്റിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ച രണ്ടു പേരും സീറ്റ് ബെൽറ്റുകൾ ധരിച്ചിരുന്നില്ല. ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഉച്ചയ്ക്ക് ശേഷം 2.21-നാണ് കാർ ചെക്ക് പോസ്റ്റ് കടന്നത്. 2.30ന് 20 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ഒമ്പത് മിനിറ്റിലാണ് കാർ 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അപകടത്തിന് പിന്നാലെ വാഹനത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഫീച്ചറുകൾ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുൻവശത്തെ എയർബാഗുകൾ തുറന്നു. എന്നാൽ പിൻസീറ്റിലിരുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുന്നില്ല. ഇതാണ് മരണത്തിന് ഇടയാക്കിയത്.മഹാരാഷ്ട്ര പൊലീസും സംസ്ഥാന ഗതാഗത വകുപ്പും നിയോഗിച്ച സംഘം സോഫ്റ്റ്‌വെയർ സിമലേഷനുകളും മോഡലിംഗും നടത്തി അപകടത്തിൽ പെട്ട വാഹനത്തിന്റെ കൃത്യമായ വേഗത നിർണ്ണയിച്ചു. പരിശോധനയിൽ കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് നിഗമനം. ക്രാഷ് ഇൻവെസ്റ്റിഗേഷനിൽ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് അപകടസ്ഥലത്ത് എത്തി പരിശോധന നടത്തിയത്.

ഇവരെ കൂടാതെ ഐഐടി ഖരഗ്പൂരിൽ നിന്നുള്ള രണ്ട് മെക്കാനിക്കൽ, സിവിൽ എഞ്ചിനീയർമാരും സിമലേഷനുകളിലും മോഡലിംഗിലും വൈദഗ്ദ്ധ്യമുള്ള അംഗവും ഉൾപ്പെടുന്നു.അപകടത്തിൽ പെട്ട കാറിന്റെ പുറംഭാഗങ്ങളിലെ പരിശോധനയിൽ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമായി തിരിച്ചറിഞ്ഞു. പിൻസീറ്റുകളിലെ സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്നും അവ ശരിയായ അവസ്ഥയിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. കാറിന്റെ മുൻഭാഗം നേരിട്ട് ഇടിച്ചതിനാൽ മുൻവശത്തെ എയർബാഗുകൾ പ്രവർത്തനക്ഷമമായി.

വലതുവശത്തുള്ള കർട്ടൻ എയർബാഗ് പോലും പ്രവർത്തിച്ചതായി കണ്ടെത്തി. എന്നാൽ പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ, അവർ വളരെ വേഗത്തിൽ സീറ്റിൽ നിന്ന് തെറിച്ചുവീണു,കാറിന്റെ മേൽക്കൂരയിലും മറ്റ് ഭാഗങ്ങളിലും ഇടിച്ചു, ഇത് മാരകമായ പരിക്കുകൾക്ക് കാരണമായി. മിസ്ത്രിയുടെ മരണകാരണം തലയ്ക്കും ഹൃദയത്തിനുമേറ്റ പരിക്കുകളുൾപ്പെടെ ആന്തരികാവയവങ്ങളിൽ ഒന്നിലധികം പരിക്കുകൾ ഉണ്ടാകുന്ന പോളിട്രോമയാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഗുജറാത്തിലെ ഉദ്വാഡയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സൈറസ് മിസ്ത്രിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് ശേഷം പാൽഘർ ജില്ലയിലെ ചറോട്ടി നാകയിൽവച്ചായിരുന്നു അപകടമുണ്ടായത്. സൈറസ് മിസ്ത്രിയും കുടുംബ സുഹൃത്തുക്കളായ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. അനഹിത പൻഡോൾ, ഇവരുടെ ഭർത്താവും ജെ.എം. ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി മാനേജിങ് ഡയറക്ടറുമായ ഡാരിയസ് പൻഡോൾ, ജഹാംഗീർ ബിൻഷാ പൻഡോൾ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതിൽ സൈറസ് മിസ്ത്രിയും ജഹാംഗീർ ബിൻഷാ പൻഡോളും അപകടസ്ഥലത്തു തന്നെ മരിച്ചു.

മുംബൈയിലെ ഗൈനോക്കളജിസ്റ്റായ അനഹിത പണ്ടോളയാണ് കാർ ഓടിച്ചിരുന്നത്. ഇവർക്കൊപ്പം മുൻനിരയിലുണ്ടായിരുന്നത് ഭർത്താവായ ഡാരിയസ് പണ്ടോളയാണ്. അപകടത്തിൽ പരിക്കേറ്റ ഇരുവരും ഇപ്പോൾ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സൂര്യനദിക്ക് കുറുകയുള്ള പാലത്തിന്റെ അപ്രോച്ച് റോഡിൽ വച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് ഇടതുവശത്തൂടെ മറികടക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയും ഡിവൈഡറിൽ ഇടിച്ച് മലക്കം മറിയുകയുമായിരുന്നു. ഈ സമയത്ത് കാറിനകത്ത് ഉണ്ടായിരുന്ന സൈറസ് മിസ്ത്രി പുറത്തേക്ക് തെറിച്ചു പോയി. ഈ വീഴ്ചയിലുണ്ടായ പരിക്കാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്.

ഒരു ബ്ലാക്ക് സ്‌പോട്ട് എന്നത് ഒരു റോഡ് സ്‌ട്രെച്ച് അല്ലെങ്കിൽ ഒരു ഭാഗമാണ്, അവിടെ ഡിസൈൻ പിഴവ് കാരണം അപകടങ്ങൾ പതിവായി സംഭവിക്കുകയും പിന്നീട് തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. 2016 മുതൽ 2018 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ പാതകളിൽ 5,803 ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതിൽ, മഹാരാഷ്ട്രയിൽ 25 ഓളം ബ്ലാക്ക് സ്‌പോട്ടുകളുണ്ട്. അപകടം നടന്ന ദേശീയപാതയിൽ രണ്ടെണ്ണമുണ്ട്.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മെഴ്‌സിഡസ് ബെൻസ് ജി.എൽ.സി. വാഹനത്തിന്റെ ചിപ്പ് ജർമ്മനിയിലേക്ക് അയക്കും. അന്വേഷണത്തിനാവശ്യമായ എല്ലാ വിവരങ്ങളും ഈ ചിപ്പിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

'വാഹനത്തിലെ എല്ലാ വിവരങ്ങളും ചിപ്പിൽ റെക്കോർഡ് ചെയ്യും. ഇതിൽ നിന്ന് വിവരങ്ങൾ എടുക്കാൻ വേണ്ടി ജർമ്മനിയിലേക്ക് അയക്കും. ഈ ആഴ്ചക്കുള്ളിൽ തന്നെ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.' പാൽഘർ എസ്‌പി. ബാലാസാഹെബ് പാട്ടിൽ പറഞ്ഞു.

കാറപകടത്തിൽ കൊല്ലപ്പെട്ട മുൻ ടാറ്റാ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ സംസ്‌കാരം ഇന്നലെ രാവിലെ മുംബയിൽ നടന്നു. സെൻട്രൽ മുംബയിലെ വർലിയിൽ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ജെ.ജെ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരം അർപ്പിക്കാനായി ഇന്നലെ രാവിലെ ശ്മശാനത്തിൽ സൗകര്യം ഒരുക്കി.

പാഴ്‌സി വിഭാഗത്തിലുള്ളവരും വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.സൈറസ് മിസ്ത്രിയുടെ ജ്യേഷ്ഠൻ ശപൂർ മിസ്ത്രി, ഭാര്യാപിതാവും മുതിർന്ന അഭിഭാഷകനുമായ ഇക്‌ബാൽ ചഗ്ല, വ്യവസായ പ്രമുഖരായ അനിൽ അംബാനി, അജിത് ഗുലാബ്ചന്ദ്, എൻ.സി.പി എംപി സുപ്രിയ സുലേ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.