റോം: ഇറ്റലിയില്‍ കഴിഞ്ഞ ദിവസം പാരാഗ്ലൈഡിംഗിന് ഇടയില്‍ പ്രമുഖ സ്‌ക്കൈഡൈവറായ ഫെലിക്സ് ബോംഗാര്‍ട്ട്നര്‍ മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഒരു തിരക്കേറിയ ഹോട്ടലിന്റെ പൂളില്‍ ഇടിച്ചാണ് അദ്ദേഹം മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് അദ്ദേഹം വീഴുന്നതിന് മുമ്പ് തന്നെ മരിച്ചിരിക്കാം എന്നാണ്. പറക്കുന്നതിനിടയില്‍ തന്നെ അദ്ദേഹത്തിന് ഹൃദയാഘാം ഉണ്ടായി എന്നും അപ്പോള്‍ തന്നെ മരിക്കുകയായിരുന്നു എന്നുമാണ് പലരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്നലെ ഇറ്റലിയിലെ സമയം വൈകുന്നേരം നാലരയോടെയാണ് ഇറ്റലിയിലെ പോര്‍ട്ടോ സാന്റ് എല്‍പിഡിയോയില്‍ മോട്ടോര്‍ പവര്‍ഡ് പാരാഗ്ലൈഡര്‍ പറത്തുന്നതിനിടെ ബോംഗാര്‍ട്ട്നര്‍ മരിച്ചത്. ഫിയര്‍ലെസ് ഫെലിക്സ്' എന്നും അറിയപ്പെടുന്ന ഇദ്ദേഹത്തിന്

പറന്നുയരുന്നതിന് മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതായും തുടര്‍ന്ന് ക്രാഫ്റ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്ട്രിയക്കാരനാണ് ഫെലിക്സ് ബോംഗാര്‍ട്ട്നര്‍. മരക്കൂട്ടത്തില്‍ ഇടിച്ചതിന് ശേഷമാണ് അദ്ദേഹവും ക്രാഫ്റ്റും താഴേക്ക് പതിച്ചത്. ഇറങ്ങുന്നതിനിടയില്‍, ബോംഗാര്‍ട്ട്നര്‍ ഒരു ഹോട്ടല്‍ ജീവനക്കാരിയെ ഇടിച്ചിരുന്നു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടക്കുന്ന സമയത്ത് ഇവിടെയുള്ള നീന്തല്‍ക്കുളത്തില്‍ നിരവധി കുട്ടികള്‍ ഉണ്ടായിരുന്നു. ഈ ദാരുണമായ രംഗം അവര്‍ കാണേണ്ടി വന്നു എന്നതാണ് ഏറെ ദുഖകരമായ കാര്യം.

വീണതിന് തൊട്ടു പിന്നാലെ ഫെലിക്സിന് അടിയന്തര ശുശ്രൂഷ നല്‍കിയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പറക്കുന്നതിനിടയില്‍ പവേര്‍ഡ് ഹാംഗ് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അപകടത്തിന് തൊട്ടു പിന്നാലെ ബോംഗാര്‍ട്ട്നറിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ എയര്‍ ആംബുലന്‍സ് വിളിച്ചിരുന്നു എങ്കിലും അദ്ദേഹം അതിനകം മരിച്ചിരുന്നു.

അവധിക്കാലം ആഘോഷിക്കുന്നത് കാരണം ഭാര്യ മിഹായേലയും ഒപ്പമുണ്ടായിരുന്നു. അപകടത്തിന് തൊട്ടു മുമ്പ് അദ്ദേഹം ഒരു വലിയ വയലിന് മുകളിലൂടെ പാരാഗ്ലൈഡിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ ബോംഗാര്‍ട്ട്നര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു. നഗരത്തിലെ മേയറായ മാസിമിലിയാനോ സിയാര്‍പെല്ലയാണ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ബൗംഗാര്‍ട്ട്നറുടെ മരണം സ്ഥിരീകരിച്ചത്. 2012 ല്‍ സ്ട്രാറ്റോസ്ഫിയറില്‍ നിന്നുള്ള ഒരു ഗ്ലൈഡിംഗിലൂടെ അദ്ദേഹം ഏറെ പ്രശസ്തനായി മാറി. അതില്‍ അദ്ദേഹം മൂന്ന് ലോക റെക്കോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.