- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികബന്ധം വേദനാജനകമാവും; ഒപ്പം ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ തൊട്ട് മാനസിക പ്രശ്നങ്ങള്‍വരെ; ആഗോളതലത്തില്‍ 23 കോടി സ്ത്രീകള്‍ക്ക് ഈ ദുരാചാരം മൂലം ആരോഗ്യപ്രശ്നങ്ങള്‍; സ്ത്രീകളിലും ചേലാകര്‍മ്മം വേണമെന്ന് വാദിക്കുന്ന ഇസ്ലാമിക പണ്ഡിതര്‍ ഈ റിപ്പോര്‍ട്ട് വായിക്കണം
സ്ത്രീകളിലും ചേലാകര്‍മ്മം വേണമെന്ന് വാദിക്കുന്ന ഇസ്ലാമിക പണ്ഡിതര്‍ ഈ റിപ്പോര്‍ട്ട് വായിക്കണം
ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ എന്ന പെണ്‍ ചേലാകര്‍മ്മത്തിനെതിരെ, ആഗോളവ്യാപകമായി വനിതാ അവകാശ സംഘടനകളും, ആരോഗ്യ പ്രവര്‍ത്തകരും ശക്തമായ കാമ്പയില്‍ നടത്തുന്നുണ്ട്. പക്ഷേ അപ്പോഴും, ലോകത്ത് 23 കോടിയോളം സ്ത്രീകള്‍ ഈ ദുരാചാരം മൂലം കഷ്ടപ്പെടുകയാണ്. ലൈഗിക അവയവഛേദം ചെയ്യപ്പെട്ട സ്ത്രീകള്‍ കടന്നുപോകുന്നത് കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളിലൂടെയെന്ന് ലോകാരോഗ്യസംഘടന സംഘടന ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ പ്രോഗ്രാമും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ബിഎംസി പബ്ലിക് ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പതോളം രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച എഴുപത്തിയഞ്ചോളം പഠനങ്ങളെ ആധാരമാക്കിയാണ് വിലയിരുത്തലിലെത്തിയത്. എഫ്ജിഎം( ഫീമെയില്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന്‍) എന്നറിയപ്പെടുന്ന ചേലാകര്‍മത്തിന് വിധേയരാകുന്ന പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണെന്ന് പഠനത്തില്‍ കണ്ടെത്തി.
അതിഗുരുതര പ്രശ്നങ്ങള്‍
ലോകാരോഗ്യസംഘടന പെണ്‍ ചേലാകര്‍മ്മത്തെ ഇങ്ങനെ നിര്‍വചിക്കുന്നു: 'സ്ത്രീകളുടെ ബാഹ്യമായി കാണപ്പെടുന്ന യോനി വൈദ്യശാസ്ത്രപരമായ ആവശ്യങ്ങള്‍ക്കല്ലാതെ, പൂര്‍ണ്ണമോ ഭാഗികമോ ആയി നീക്കം ചെയ്യുന്നതോ, മുറിവേല്‍പ്പിക്കുന്നതോ ആയ എല്ലാ രീതിയിലുള്ള പ്രവര്‍ത്തിയും ഇതില്‍പ്പെടുന്നു''. ലോകാരോഗ്യ സംഘടനയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പെണ്‍ സുന്നത്തിനെതിരെ ശക്തമായ കാമ്പയിന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ നടത്തി വരുന്നുണ്ട്. അതിന്റെ ഫലമായി വലിയ തോതില്‍ ഈ അനാചാരത്തെ ഇല്ലാതാക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ എന്നിട്ടും ലോകത്തിലെ പല ഭാഗങ്ങളിലും ഇത് നടക്കുന്നുണ്ട്.
ആഗോളതലത്തില്‍ 23 കോടി സ്ത്രീകള്‍ ഇതുസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ഡബ്ലയുഎച്ച്ഒയുടെ പഠനത്തില്‍ വ്യക്തമാക്കുന്നത്. ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മുപ്പതോളം രാജ്യങ്ങളില്‍ ലിംഗഛേദം സാധാരണമായി നടന്നുവരുന്നുണ്ട്. സാംസ്‌കാരിക സംബന്ധമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലയിടങ്ങളിലും ഇന്നും ഈ രീതി അനുവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതിലൂടെ കടന്നുപോയ പെണ്‍കുട്ടികള്‍ ആജീവനാന്തം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരികയാണെന്ന് പഠനത്തില്‍ പറയുന്നു.
പെണ്‍ ചേലാകര്‍മ്മത്തിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ച് കുടുംബങ്ങള്‍ക്ക് അവബോധം പകരേണ്ടതും ലിംഗഛേദത്തിനുശേഷം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് പിന്തുണ നല്‍കേണ്ടതും പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടനയുടെ സെക്ഷ്യല്‍&റീപ്രൊഡക്റ്റീവ് ഹെല്‍ത്ത്& റിസര്‍ച്ച് വിഭാ?ഗം ഡയറക്ടറായ ഡോ. പാസ്‌കെയ്ല്‍ അല്ലോട്ടി പറഞ്ഞു.
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍, മൂത്രാശയരോഗങ്ങള്‍, വേദനാജനകമായ ലൈംഗികബന്ധം, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ചേലാകര്‍മത്തിന് വിധേയരായ സ്ത്രീകള്‍ കടന്നുപോകുന്നതാണെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.പ്രസവസംബന്ധമായ സങ്കീര്‍ണതകളും ഇക്കൂട്ടരില്‍ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. അണുബാധകളും മറ്റും അടിക്കടി വരികയും സാധാരണക്കാരെ അപേക്ഷിച്ച് വിഷാദം, ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനത്തിലുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രാശയ അണുബാധ,വജൈനല്‍ ഡിസ്ചാര്‍ജ്, ബാക്ടീരിയല്‍ വജൈനോസിസ്, ജനനേന്ദ്രിയഭാഗത്ത് ചൊറിച്ചില്‍ വേദനാജനകമായ ആര്‍ത്തവം, തുടങ്ങിയവയും ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്.
കേരളത്തിലും വേണമെന്ന് ഒരു വിഭാഗം
ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം, ദാവൂദി ബോഹ്‌റാ വിഭാഗക്കാരുടെ ഇടയിലും മറ്റു ചെറുബോഹ്‌റാ വിഭാഗങ്ങളുടെയും ഇടയില്‍ മാത്രമാണ് ആചരിച്ചു വരുന്നത് എന്നാണു പൊതുവെ കരുതിയിരുന്നത്. എന്നാല്‍, സഹിയോ എന്ന സംഘടന, 2017ല്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍ സുന്നത്ത് കേരളത്തിന്റെ ചിലഭാഗങ്ങളില്‍ നടത്തുന്നതായി സൂചന ലഭിക്കുകയുണ്ടായി. കോഴിക്കോട് നിന്ന് അത്തരം പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു ക്ലിനിക്ക് അടച്ചുപൂട്ടിയിരുന്നു. ഇത് മാതൃഭുമി പത്രം വലിയ വാര്‍ത്തയാക്കിയതും വന്‍ വിവാദമായി.
2017 ഫെബ്രുവരിയില്‍ നടത്തിയ ഒരു അണ്ടര്‍കവര്‍ അന്വേഷണത്തില്‍, സഹിയോയുടെ പ്രവര്‍ത്തകര്‍, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കില്‍, പെണ്‍ചേലാകര്‍മ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടര്‍മാരെ പരിചയപ്പെടുകയുണ്ടായി. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ചേലാകര്‍മ്മം അവരുടെ ക്ലിനിക്കില്‍ സ്ഥിരമായി നടക്കാറുണ്ടെന്നാണ് പറഞ്ഞത്. അവരുടെ വാദമനുസരിച്ച് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെണ്‍മക്കളെയും, മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടെന്ന് അവര്‍ പറയുന്നു.
ഡോക്ടര്‍ വിശദീകരിക്കുന്നത് പ്രകാരം, പെണ്‍സുന്നത്തില്‍ സ്ത്രീകളുടെ യോനീഛദത്തിന്റെ അറ്റത്തുള്ള തോല്‍ നീക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ പറയുന്നത് ഇത് വൈവാഹികജീവിതം അത്യാഹ്ലാദകരമാക്കുന്നു എന്നാണ്. മാത്രമല്ല ചില ഭര്‍ത്താക്കന്മാരും, ഭാര്യമാരും ഇതിനു നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നുണ്ട്. സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും ഇത് സര്‍വ്വസാധാരണമാണെന്നും ഇതില്‍ യാതൊരു അപകടം ഇല്ലെന്നും അവര്‍ സാക്ഷ്യപെടുത്തുന്നു. ഇത് വാര്‍ത്ത ആയതോടെയാണ് കേസ് ആവുകയും ക്ലിനിക്ക് അടച്ചുപൂട്ടേണ്ടിയും വന്നത്.
കേരളത്തില്‍ പൊതുവേ പെണ്‍ചേലാകര്‍മ്മം സാധാരണമല്ലെങ്കിലും അത് കേരളത്തിലും വേണമെന്നാണ് ഒരു വിഭാഗം മതപണ്ഡിതര്‍ വാദിക്കുന്നത്. രണ്ടുവര്‍ഷംമുമ്പ് ഉസ്താദ് നവാസ് മന്നാനി എന്ന സുന്നി പ്രാസംഗികന്‍, പെണ്‍ ചേലാകര്‍മ്മത്തെ ന്യായീകരിച്ചിരുന്നു. അത് ആണിനും പെണ്ണിനും ഒരുപോലെ ചെയ്യേണ്ട ദീന്‍ നിര്‍ബന്ധമാക്കിയ കാര്യമാണെന്നാണിതെന്നാണ് അദ്ദേഹം പറയുന്നത്. നവാസ് മന്നാനിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ, ഇദ്ദേഹം വലിയ വിമര്‍ശനങ്ങളും നേരിട്ടു.
കേരളത്തില്‍ പൊതുവേ, നമ്മള്‍ ഒക്കെ അംഗീകരിക്കുന്നത് മഹാനായ, സെയ്നുദ്ദീന്‍ മഹ്ദുമിന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം പറയുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 'ആണിനും പെണ്ണിനും നിര്‍ബന്ധമായ, എന്നാല്‍ മിക്ക ഇമാമീങ്ങളുടെ അടുത്തും പെണ്ണുങ്ങള്‍ക്ക് സുന്നത് ആണ് എന്ന് പറയുന്ന, ഒരു കാര്യമാണ് ചേലാകര്‍മ്മം. എത് ഭാഗത്താണ് കര്‍മ്മം നടത്തേണ്ടത് എന്നും, അതിന്റെ ഭാഗങ്ങള്‍ എങ്ങനെയാണ് ശരീരത്തില്‍നിന്ന് നീക്കം ചെയ്യേണ്ടത്, എന്നൊക്കെ വളരെ വ്യക്തമായിട്ട് കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ചേലാകര്‍മ്മം എന്ന് പറയുന്നത് പരസ്യമായി ചെയ്യുന്നത് സുന്നത്തും, സ്ത്രീകളുടെ ചേലാകര്‍മ്മം രഹസ്യമായി ചെയ്യുന്നത് സുന്നത്തും ആണ് എന്ന്, കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വളരെ വ്യവസ്ഥാപിതമായി വ്യക്തമായി പറയുന്നുണ്ട്''- മന്നാനി പറയുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു.
ലോകത്ത് നടന്ന വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്, ചേലാകര്‍മ്മം മൂലം പുരുഷനോ, സ്ത്രീക്കോ യാതൊരു ഗുണവും ഇല്ല എന്നതാണ്. പുരുഷനും അവന്റെ സെന്‍സിറ്റീവായ അഗ്രചര്‍മ്മം ഛേദിക്കപ്പെടുന്നതുകൊണ്ട് ലൈംഗികാനുഭൂതി കുറയുകയാണ് ചെയ്യുക. അതുതന്നെയാണ് പെണ്‍ ചേലാകര്‍മ്മത്തിന്റെ ലക്ഷ്യവും. സ്ത്രീകളുടെ ലൈംഗിക ആനന്ദം മരവിപ്പിക്കുന്നതിലുടെ അവളെ കാലാകാലവും ഒരു പുരുഷന്റെ അടിമയാക്കി വെക്കാം എന്നാണ് ഇവര്‍ കരുതുന്നത്. ഒരു ഇസ്ലാമിക ആചാരമല്ല, ഇതിനെ കുറിച്ച് ഖുര്‍ആനില്‍ എവിടെയും പ്രതിപാദിച്ചിട്ടുമില്ല. ഇത് മുസ്ലിംകളുടെ ഇടയില്‍ മാത്രം കണ്ടു വരുന്ന ഒരു ആചാരമല്ല താനും. ചില രാജ്യങ്ങളില്‍ ക്രിസ്ത്യാനികളും, യഹൂദന്മാരും, അനിമിസ്റ്റ് വിഭാഗക്കാരും ഇത് പിന്തുടരാറുണ്ട്. ലോകത്തെ 41 രാജ്യങ്ങളില്‍ പെണ്‍ചേലാകര്‍മ്മം നിയമവിരുദ്ധമാണ്. ഇന്ത്യയില്‍ ഇതിനെതിരെ നിലവില്‍ ഒരു നിയമങ്ങള്‍ ഇല്ലെന്നാണ് അറിയുന്നത്.