തിരുവനന്തപുരം: കോവിഡ് ഭീതി മാറിയെങ്കിലും പനി കേരളത്തെ വിട്ടൊഴിയുന്നില്ല. കോവിഡ് പരിശോധന ഇപ്പോൾ വ്യാപകമല്ല. കണക്കുകളും പുറത്തു വരുന്നില്ല. ഇതിനിടെയും കേരളമാകെ പനിയാണ്. വൈറൽ പനി എന്ന നിരീക്ഷണത്തിലാണ് ചികിൽസ

ചില കുടുംബങ്ങളിൽ ഒരാൾക്ക് പനി വന്നാൽ പിന്നീട് വീട്ടിലുള്ള എല്ലാവരും പനി ബാധിതർ ആകുന്നു. പിന്നീട് ആദ്യം പനി വന്നയാൾക്കു തന്നെ വീണ്ടും പനി വരുന്നു. കേരളത്തിൽ ഉടനീളം ഈ പനി പ്രശ്‌നമായി തുടരുന്നു. കുട്ടികളിലാണ് പനി കൂടുതൽ. രണ്ടു ദിവസങ്ങൾ കൊണ്ട് പനി മാറിയാൽ തന്നെ ചുമയും കഫക്കെട്ടും ആഴ്ചകൾ നീണ്ടു നിൽക്കുന്നു. കോവിഡ് വന്നു പോയവർക്കും പനി വരുന്നു. ഇവർക്ക് ഗുരുതരമായ അവസ്ഥയും ഉണ്ടാകുന്നു. കേരളത്തിൽ ഉടനീളം പനി ക്ലീനിക്കുകൾ നിറയുകയാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ നീണ്ട ക്യൂ ആണ്. ഇതിനൊപ്പം ഡങ്കിപ്പനിയും എലിപ്പനിയും അടക്കം ഭീതി ഉയർത്തുന്നു.

കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. മറ്റേതെങ്കിലും വകഭേദ വൈറസ് പടരുന്നുണ്ടോ എന്ന കാര്യത്തിലും നിശ്ചയമില്ല. മാറി മാറി വരുന്ന മഴയും വെയിലും പനി ബാധിതരുടെ എണ്ണം കൂട്ടുന്നു. രണ്ടോ മൂന്നോ ദിവസം കൊണ്ട് പനി മാറുന്നതിനാൽ ആരും കോവിഡ് പരിശോധന നടത്താൻ തയാറാകുന്നില്ല. ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും ദിവസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യുന്നു. വയറിളക്കവും കൂടുതലായി കാണുന്നു.

കേരളത്തിൽ പലയിടങ്ങളിലും പനി കേസുകൾ വ്യാപകമായി വർധിക്കുന്നുണ്ട്. പ്രതിദിനം ഓരോ ആശുപത്രികളിലും എത്തുന്ന പനി കേസുകളിൽ കാര്യമായ വർധനവ് കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ജലദോഷവും മൂക്കടപ്പും തൊണ്ടവേദനയുമാണ് അധികം കേസുകളിലും പനിക്കൊപ്പം കണ്ടുവരുന്നത്. ഇതിൽ എച്ച് വൺ എൻ വൺ സാധ്യതയും ഡെങ്കിപ്പനി സാധ്യതയും ഒരുപോലെ വരാം. രണ്ട് ദിവസം മുമ്പാണ് തമിഴ്‌നാട്ടിൽ മുന്നൂറോളം വിദ്യാർത്ഥികളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച വാർത്ത വന്നത്. പനി, ജലദോഷം, ചുമ, തലവേദന, തൊണ്ടവേദന, തളർച്ച എന്നിവയാണ് എച്ച് വൺ എൻ വൺ ലക്ഷണമായി കാര്യമായി കാണുന്നത്.

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനികളിൽ ഡെങ്കുവും ഉൾപ്പെടുന്നുണ്ട്. എച്ച് വൺ എൻ വൺ- ഡെങ്കു എന്നിവയ്‌ക്കൊപ്പം തന്നെ സംസ്ഥാനത്ത് എലിപ്പനിയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന പനിയാണ് ഡെങ്കിപ്പനിയുടെ ഒരു പ്രധാന ലക്ഷണം. കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ഓക്കാനം, ഛർദ്ദി, ഗ്രന്ഥികളിൽ വീക്കം, ചർമ്മത്തിൽ നിറവ്യത്യാസം എന്നിവയെല്ലാം ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. അസഹനീയമായ തളർച്ചയും ഇതിന്റെ ഭാഗമായി വരാം. പക്ഷേ തളർച്ച വൈറൽ പനികളുടെയെല്ലാം പൊതു ലക്ഷണമാണ്.

ഡെങ്കിപ്പനി ഗുരുതരമാകുമ്പോൾ അത് രക്തത്തിന്റെ നോർമൽ അവസ്ഥയെ ബാധിക്കുകയോ ശ്വാസകോശത്തെ ബാധിക്കുകയോ രക്തസ്രാവത്തിന് ഇടയാക്കുകയോ നീര് കെട്ടിക്കിടക്കാൻ കാരണമാകുകയോ ചെയ്യാം. ഇതെല്ലാം ജീവന് പോലും ഭീഷണിയായേക്കാമെന്നതിനാലാണ് ഡെങ്കിപ്പനി തുടക്കത്തിലേ സൂക്ഷിക്കണമെന്ന് പറയുന്നത്. അസഹനീയമായ വയറുവേദന, അസ്വസ്ഥത, ഛർദ്ദിലിലോ മലത്തിലോ രക്തം, ശ്വാസം വേഗത്തിലാവുക, മോണയിൽ നിന്നോ മൂക്കിൽ നിന്നോ രക്തം വരിക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം കണ്ടാൽ ഡെങ്കിപ്പനി അധികരിച്ചുവെന്ന് മനസിലാക്കാം. ഈ ഘട്ടത്തിൽ അടിയന്തര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമാകാനുള്ള സാധ്യതകളേറെയാണ്.

കോവിഡിനും പനിക്കുമെല്ലാം ഒരേരീതിയിൽത്തന്നെയാണ് ലക്ഷണങ്ങൾ. ഇപ്പോൾ കോവിഡ് ടെസ്റ്റും പൊതുവെ കുറഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിനിടെ ദിവസം 60-100 പേർക്കൊക്കെ കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. 1200-ൽ ഏറെപ്പേർക്കാണ് ഈമാസം കോവിഡ് ബാധിച്ചത്. പത്തിലേറെപ്പേർ മരിച്ചു. കോവിഡ് വ്യാപനസമയത്ത് പ്രതിരോധകുത്തിവെപ്പെടുക്കാൻ മുന്നോട്ടുവന്ന പലരും ഇപ്പോൾ കരുതൽഡോസിന് താത്പര്യം കാണിക്കുന്നില്ല.