തിരുവനന്തപുരം: സംസ്ഥാന വിവിധ തരം പനികള്‍ അതിവേഗം പടരുന്നു. സ്‌കൂള്‍ കുട്ടികളിലാണ് പനി ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിക്കുന്നത്. സിബിഎസ്ഇ അടക്കം സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ക്ലാസുകള്‍ ഭാഗികമായോ ഏറെക്കൂറെ പൂര്‍ണമായോ നിര്‍ത്തി വച്ചു. കുട്ടികള്‍ സ്‌കൂളുകളില്‍ കൂഴഞ്ഞു വീഴുന്ന സാഹചര്യം വരെയുണ്ടായി. ആശുപത്രികളിലേക്ക് പനി ബാധിച്ചവരുടെ പ്രവാഹമാണ്. എന്നിട്ടും സംസ്ഥാന സര്‍ക്കാരോ ആരോഗ്യവകുപ്പോള്‍ ഇതിന്റെയൊന്നും കണക്ക് എടുക്കാന്‍ തയാറായിട്ടില്ല. പനിക്കണക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട എന്ന നിര്‍ദേശം സ്വകാര്യ ആശുപത്രികള്‍ക്ക് അടക്കം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ഡെങ്കി, എച്ച് വണ്‍ എന്‍ വണ്‍, ഫ്ളു, ഇന്‍ഫ്ളുവന്‍സ അടക്കം വിവിധ തരം വൈറല്‍ പനികളാണ് പടര്‍ന്നു പിടിക്കുന്നത്. സ്‌കൂള്‍ കുട്ടികളിലാണ് ഏറെയും പനി കണ്ടു വരുന്നത്. ഇത് അതിവേഗം പടരുകയാണ്. പനിയുടെ ലക്ഷണങ്ങളോടെ വരുന്ന കുട്ടികള്‍ സ്‌കൂളുകളില്‍ തളര്‍ന്നു വീഴുന്ന അവസ്ഥയുമുണ്ട്. വിവിധ തരം പനികള്‍ക്ക് വ്യത്യസ്തമായ രോഗലക്ഷണങ്ങളാണ് ഉള്ളത്. ദിവസങ്ങളോളം ശരീരത്തിലെ താപനില ഉയര്‍ന്നു നില്‍ക്കുക, ഛര്‍ദിയും വയറിളക്കവും, ചൂടുകൂടി അപസ്മാരം പോലെ വരിക എന്നിവയാണ് കുട്ടികളില്‍ കണ്ടു വരുന്ന പനിയുടെ മുഖ്യലക്ഷണങ്ങള്‍. ശ്വാസകോശത്തിലെ അണുബാധയും കഫക്കെട്ടും പലപ്പോഴും ന്യൂമോണിയയിലേക്കും വഴി മാറുന്നു. കുട്ടികളെ ദിവസങ്ങളോളം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ആന്റിബയോട്ടിക് അടക്കം നല്‍കിയെങ്കില്‍ മാത്രമേ പനി കുറയുന്നുള്ളൂവെന്നതാണ് സ്ഥിതി.

മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമാകാത്തതും നിര്‍ത്താതെ പെയ്യുന്ന മഴയും കൊതുകു പെരുകാന്‍ കാരണമായിട്ടുണ്ട്. ഇതാണ് മിക്ക പനികള്‍ക്കും കാരണമായിരിക്കുന്നത്. വായുവിലൂടെ പകരുന്ന വൈറസുകള്‍ പനി ബാധിതരുടെ എണ്ണം കൂട്ടുന്നു. മാസ്‌ക് ഉപയോഗിക്കുന്നവരില്‍ മാത്രമാണ് പനിയെത്താതെ ഇരിക്കുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുന്നില്ല. ചെറിയ പനി ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ പോലും സ്‌കൂളില്‍ എത്തുന്നുണ്ട്. ഇതും പനി പടരുന്നതിന് കാരണമാകുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടക്കം ക്ലാസുകള്‍ അടച്ചിട്ടുണ്ട്. അടൂരിലെ ഒരു സിബിഎസ്ഇ സ്‌കൂളില്‍ ഒരു ബ്ലോക്ക് പൂര്‍ണമായും അടച്ചു. ചങ്ങനാശേരിയിലെ ഒരു സ്‌കൂളിലും ഇതാണ് അവസ്ഥ. കൊല്ലം ജില്ലയിലെ പല സ്‌കൂളുകളിലും കുട്ടികള്‍ പനി കാരണം എത്തുന്നില്ല. മുതിര്‍ന്നവരിലും പനി പടരുന്നുണ്ട്. കോവിഡിന് ശേഷം സംസ്ഥാനത്ത് പടരുന്ന പനി മിക്കപ്പോഴും മാരകമാണ്. നിലവില്‍ കോവിഡ് പരിശോധനയും കുറവാണ്. മഴക്കാലത്ത് പനി ക്ലിനിക്ക് തുറക്കുന്ന പതിവ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ട്. പനി ബാധിതരുടെ എണ്ണവും എടുക്കാറുണ്ട്.

എന്നാല്‍, ഇക്കുറി അങ്ങനെ ഒരു പരിപാടി ആരോഗ്യവകുപ്പിനില്ല. സ്വകാര്യ ആശുപത്രികളോട് അടക്കം പനിക്കണക്ക് ചോദിക്കുന്നില്ല. പനി ബാധിതരുടെ എണ്ണം പുറത്തു വരുന്നത് സര്‍ക്കാരിന്റെയും വകുപ്പു മന്ത്രിയുടെയും പ്രതിഛായ മോശമാക്കുമെന്നതാണ് കണക്കെടുപ്പിന് തടസമാകുന്നത്.