തൃശ്ശൂർ: മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് ഇന്നലെ സംഘർഷമുണ്ടായത്. സഭാ ബന്ധം ഉപേക്ഷിച്ച കുടുംബത്തെ തല്ലിചതച്ചതായി പരാതി. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിയേയും കുടുംബത്തെയും ആണ് ആക്രമിച്ചത്.

കാറിൽ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തിൽ ഷാജി, മകൻ സാജൻ, ഭാര്യ ആഷ്‌ലിൻ, ബന്ധുക്കളായ എഡ്വിൻ, അൻവിൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. ഷാജിക്കും മകനും മരുമകൾക്കും ഗുരുതര പരിക്കുണ്ട്.തൃശ്ശൂർ മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാന കേന്ദ്ര വിശ്വാസികളാണ് കുടുംബത്തെ ആക്രമിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഷാജിയും കുടുംബവും ഫാം ഹൗസിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം. അറുപതോളം സ്ത്രീകൾ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റ ഷാജിയും കുടുംബവും പറഞ്ഞു. പെപ്പർ സ്‌പ്രേയും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടുണ്ട്.

സാജൻ എംപറർ ഇമ്മാനുവൽ സഭയിൽ നിന്ന് പുറത്തുപോന്ന ശേഷം അവിടത്തെ ഒരു സത്രീയുടെ മോർഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഒരുകൂട്ടം സ്ത്രീകൾ കാറിൽ സഞ്ചരിച്ചിരുന്ന സാജനെ തടഞ്ഞത്.

അതേസമയം ആളൂർ പൊലീസ് ഈ കേസ് പരിശോധിച്ചുവരികയാണ്. അതിനിടെയാണ് കൂട്ടയടി നടന്നത്. ഇരു വിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.