തിരുവനന്തപുരം: കമ്മ്യൂണിസത്തെ അതിരൂക്ഷമായി വിമർശിച്ചു തള്ളിക്കളഞ്ഞും 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്‌ക്കാര ജേതാവ്. ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സംസ്ഥാന സർക്കാർ സമ്മാനിച്ച പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബേല താറാണ് കമ്മ്യൂണിസത്തെ രൂക്ഷമായി വിമർശിച്ചു രംഗത്തുവന്നത്. സാംസ്‌കാരിക മന്ത്രി വി എൻ വാസവനാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. കമ്മ്യൂണിസ്റ്റുകളെയും കമ്മ്യൂണിസത്തെയും ശക്തമായി എതിർക്കുന്ന വ്യക്തികൂടിയാണ് ബേല താർ. കമ്മ്യൂണിസം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണെന്നും കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണെന്നും അദ്ദേഹം തുറന്നടിച്ചു. മാധ്യമം ദിനപത്രത്ിതന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.

''ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം. കമ്മ്യൂണിസത്തെ നെഞ്ചോട് ചേർത്തുപിടിച്ച എന്റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസ്സുവരെ ഞാനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പിൽക്കാലത്ത് ഞാൻ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളിൽ തിരിഞ്ഞുനടക്കാൻ പഠിച്ചത്. ഇന്നുവരെ ഞാനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും മനുഷ്യത്വ ധ്വംസനങ്ങൾക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസം ലോകനേതാക്കൾ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാർക്‌സിസവും എന്താണ് തിരിച്ചറിയാത്തവരാണ് ഇവരിൽ നല്ലൊരു വിഭാഗവും. കേരളത്തിലെ കാര്യം എനിക്കറിയില്ല''- അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

കമ്മ്യൂണിസത്തെ ഇത്രയും ശക്തമായി എതിർക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- ''കമ്മ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ നിങ്ങൾക്കറിയാമോ എനിക്കറിയില്ല. ചൈനയുടെ പേര് നിങ്ങൾ പറയുമായിരിക്കും. പക്ഷേ, ചൈന മുതലാളിത്ത രാജ്യമാണ്. രാഷ്ട്രീയ പാർട്ടിയുടെ ബാനറിൽ കമ്മ്യൂണിസം ഉണ്ടെന്ന് കരുതി ഭരണത്തിൽ ആ തഴമ്പില്ല. ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് കാരണം മുതലാളിത്തമാണെന്ന് ഞാൻ പറയും. കമ്മ്യൂണിസത്തിലൂടെ തകർന്നടിഞ്ഞ രാജ്യങ്ങളുടെ ഒരു നിരതന്നെ നമുക്ക് മുന്നിലില്ലേ. പോളണ്ട്, ഹംഗറി, ഈസ്റ്റ് ജർമനി, റഷ്യ; സോഷ്യലിസത്തിൽ കെട്ടിപ്പൊക്കിയ യുഎസ്എസ്ആറിന്റെ ഗതി എന്തായി.

പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ഇന്ന് ദാരിദ്ര്യത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളെല്ലാം പുരോഗമിച്ചപ്പോഴും പോളണ്ട് മാത്രം പുരോഗമിച്ചില്ല. എന്തുകൊണ്ട് ഇന്ന് ഇവിടെയുള്ള ചെറുപ്പക്കാർ കൂടുതലും തൊഴിൽതേടി പോകുന്നത് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. റുമേനിയയിൽ പട്ടിണിയും തൊഴിലില്ലായ്മയും കാരണം പെൺകുട്ടികൾ വ്യഭിചരിക്കാൻ വേണ്ടി ഹംഗറി അടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ ആവേശമായിരുന്ന വെനിസ്വേലയുടെയും ക്യൂബയുടെയും ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ എല്ലാവർക്കും അറിയാവുന്നതല്ലേ. കമ്മ്യൂണിസത്തിന്റെ ഒപ്പം വരുന്നതാണ് ഏകാധിപത്യം. സ്റ്റാലിന്മുതൽ കിം ജോങ് ഉൻവരെ എത്രയെത്ര ക്രൂരന്മാരായ ഭരണാധികാരികൾ. ഭരണം നേടിയെടുക്കാൻ മതവിശ്വാസികളെ പ്രീണിപ്പിക്കുകയും അധികാരത്തിലെത്തിയാൽ വിശ്വാസദർശനങ്ങൾ നിഷ്‌കാസനം ചെയ്തും പദ്ധതികൾ നടപ്പിലാക്കിയ കമ്മ്യൂണിസത്തിന്റെ വളർച്ച ചരിത്രത്തിലെ കറുത്ത ഏടാണ്''.

കമ്മ്യൂണിസത്തെ വെറുക്കുന്ന താങ്കൾ എന്തുകൊണ്ട് ഇടത് സർക്കാർ സമ്മാനിക്കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നിരസിച്ചില്ല എന്ന ചോദ്യത്തിന്, എന്റെ രാഷ്ട്രീയത്തിനല്ല, സിനിമകൾക്കാണ് പുരസ്‌കാരം നൽകിയതെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു മറുപടി. ''എന്റെ രാഷ്ട്രീയം ഈ സർക്കാർ അംഗീകരിച്ചതുകൊണ്ടാണല്ലോ പുരസ്‌കാരം നൽകുന്നത്. വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും അംഗീകരിക്കുമ്പോഴാണ് നാട് സ്വതന്ത്രമാണെന്ന് ജനത്തിന് അനുഭവപ്പെടുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സർക്കാറിന് കീഴിൽ ഇത്തരം ചലച്ചിത്രമേളകൾ സംഘടിപ്പിക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട്. ഇവിടെ വിമർശനത്തിനും പ്രതിഷേധങ്ങൾക്കും വിലക്കില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ പുരസ്‌കാരം സ്വീകരിക്കാൻ അവശതയിലും ഞാനെത്തിയത്''- ബേല താർ പറയുന്നു.