പത്തനംതിട്ട: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ എസ്എൻഡിപി ശാഖാ പ്രസിഡന്റ് പൊലീസ് കസ്റ്റഡിയിൽ. കൊടുമൺ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി യോഗം 171-ാം നമ്പർ ശാഖാ പ്രസിഡന്റ് രാഹുൽ ചന്ദ്രനെയാണ് കന്യാകുമാരിയിൽ നിന്ന് കൊടുമൺ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരേ കേസ് എടുത്ത വിവരം സിപിഎം ജില്ലാ നേതാവിന്റെ നിർദ്ദേശ പ്രകാരം കൊടുമൺ ഇൻസ്പെക്ടർ മാധ്യമങ്ങളിൽ നിന്ന് മറച്ചു വച്ചിരിക്കുകയായിരുന്നു. പണം നഷ്ടമായവർ നിരവധി പരാതി പൊലീസിൽ നൽകിയിട്ടും ജില്ലാ നേതാവിന്റെ നിർദ്ദേശ പ്രകാരം കേസെടുക്കുന്നത് വൈകിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവരം നൽകുകയുമാണ് ഇൻസ്പെക്ടർ ചെയ്തത്.

പണം നഷ്ടമായവർ കോടതിയെ സമീപിക്കുമെന്നായപ്പോൾ പെട്ടെന്ന് രാഹുലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ വിവരം സ്ഥിരീകരിക്കാനും ഇൻസ്പെക്ടർ മടി കാണിച്ചു. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇയാൾ ശാഖാ യോഗാംഗങ്ങളിൽ നിന്ന് പണം തട്ടിയത്. 171-ാം നമ്പർ ശാഖയ്ക്ക് കീഴിലുള്ള അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ്.എസിൽ ജോലി വാഗ്ദാനം ചെയ്ത് അന്യസമുദായക്കാരനിൽ നിന്ന് 17 ലക്ഷം രൂപയും ഇയാൾ കൈപ്പറ്റിയിരുന്നുവെന്ന് പറയുന്നു.

ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞാണ് പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളത്. പലിശ എല്ലാ മാസവും തരുമെന്നും എപ്പോൾ ആവശ്യപ്പട്ടാലും മുതൽ മടക്കി നൽകാമെന്നും വിശ്വസിപ്പിച്ചാണ് കൈപ്പറ്റിയത്. പണം ആവശ്യപ്പെട്ട് തിരികെ കിട്ടാതെ വന്നപ്പോൾ ചിലർ പൊലീസിലും മറ്റ് ചിലർ ശാഖായോഗത്തിലും ഇത് സംബന്ധിച്ച് പരാതി നൽകി. അങ്ങാടിക്കൽ തെക്ക് ശാഖയോഗത്തിലെ ഒരു അംഗം 17 ലക്ഷം രൂപയാണ് നൽകിയത്. അവർ ശാഖായോഗത്തിൽ പരാതി നൽകി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊടുമൺ പഞ്ചായത്ത് ഏഴാം രാഹുൽ സിപിഎം സ്ഥാനാർത്ഥിയായി വാർഡിൽ മൽസരിച്ചിരുന്നു. അന്ന് സിപിഎമ്മിന്റെ മറ്റു സ്ഥാനാർത്ഥികൾക്ക് അടക്കം ഇയാളാണ് പണം ചെലവഴിച്ചതെന്ന് പറയുന്നു.

ഇതു കാരണം ഇയാൾക്കെതിരേ കൊടുമൺ പൊലീസിൽ പരാതി ചെന്നിട്ടും കേസ് എടുത്തിരുന്നില്ല. ജില്ലാ നേതാവ് ഇടപെട്ടതാണ് കേസ് എടുക്കുന്നത് വൈകാൻ കാരണമായത്. സ്‌കൂളിൽ നിയമനവുമായി ബന്ധപ്പെട്ടും ഇയാൾ പണം വാങ്ങിയതായി ആരോപണമുണ്ട്. രണ്ടാഴ്ചയായി ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ശാഖായോഗം ഭാരവാഹികൾ അറിയിച്ചു. നാട്ടിൽ വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവെച്ചിട്ടുള്ളതായി പറയുന്നു. ഇത് ശാഖായോഗത്തിനും അങ്ങാടിക്കൽ തെക്ക് എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിന്റേയും പ്രവർത്തനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു. പരാതികൾ ഉയർന്ന സാഹചര്യത്തിൽ ശാഖായോഗം പ്രസിഡന്റ് സ്ഥാനത്തു നിന്നും രാഹുലിനെ അന്വേഷണ വിധേയമായി മൂന്നു മാസത്തേക്ക് മാറ്റിനിർത്തിയതായും പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് കെ.പി. മദനന് നൽകിയതായും അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ അറിയിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാൾ പുറമേ പറഞ്ഞിരുന്നു. ബന്ധം വ്യക്തമാക്കുന്നതിനായി അങ്ങാടിക്കൽ തെക്ക് ശാഖയിലെ ഗുരുമന്ദിര സമർപ്പണത്തിന് വന്ന വെള്ളാപ്പള്ളിക്ക് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി. ഇതു കണ്ടവർ സംശയലേശമന്യേ പണം കടം കൊടുക്കുകയും ചെയ്തു. അടൂർ റവന്യൂ ടവറിൽ കാർവി എന്ന പേരിൽ ഷെയർ ബ്രോക്കിങ് സ്ഥാപനം നടത്തുകയായിരുന്നു രാഹുൽ. ഇതിന്റെ പേരിലാണ് നാട്ടുകാരിൽ നിന്ന് വൻ തുക കൈപ്പറ്റിയത്. പരാതികൾ നിരവധി വന്നപ്പോൾ മറുനാടൻ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. അതിന്റെ ഭാഗമായി കൊടുമൺ എസ്.എച്ച്.ഓ, എസ്എൻഡിപി അടൂർ യൂണിയൻ സെക്രട്ടറി അഡ്വ. മണ്ണടി മോഹൻ, ആരോപണ വിധേയനായ രാഹുൽ ചന്ദ്രൻ എന്നിവരെ ബന്ധപ്പെട്ടു.

പരാതി കിട്ടിയിട്ടുണ്ടെന്നും കേസെടുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നുമാണ് കൊടുമൺ എസ്.എച്ച്.ഓ പറഞ്ഞത്. ഇത് എസ്എൻഡിപി സമുദായത്തിന്റെ ആഭ്യന്തര പ്രശ്നമാണെന്നും മറുനാടനോട് പറയേണ്ട കാര്യമില്ലെന്നുമാണ് അടൂർ യൂണിയൻ സെക്രട്ടറി മണ്ണടി മോഹൻ മറുനാടനോട് പറഞ്ഞത്. എന്നാൽ ഇതേ സെക്രട്ടറി യൂണിയന്റെ മീറ്റിങ്ങിൽ പറഞ്ഞതും രാഹുലിന്റേത് അയാളുടെ വ്യക്തിപരമായ കാര്യമാണെന്നാണ്. എന്നാൽ ശാഖായോഗം പ്രസിഡന്റ് എന്ന നിലയിൽ സമുദായത്തിന് നാണക്കേടുണ്ടാക്കിയതിനാൽ തൽക്കാലം മൂന്നു മാസത്തേക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന മാറ്റി നിർത്തുന്നുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. താൻ പണം വാങ്ങി ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും അത് ലാഭ നഷ്ടത്തിന് വിധേയമാണെന്നുമാണ് രാഹുൽ മറുനാടനോട് പറഞ്ഞത്. പണം ലഭ്യമാകുന്ന മുറയ്ക്ക് തിരികെ നൽകുമെന്നും തന്റെ സ്ഥാപനം മുഖേനെയാണ് പണം വാങ്ങിയതെന്നും രാഹുൽ പറഞ്ഞിരുന്നു.

നായർ സമുദായാംഗത്തിന്റെ മകന് എസ്എൻഡിപി സ്‌കൂളിൽ പ്യൂൺ പോസ്റ്റ് വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ ഇടനിലക്കാരൻ മുഖേനെ രാഹുൽ കൈപ്പറ്റിയിരുന്നു. ജോലി ലഭിക്കാതെ വന്നപ്പോൾ പണം നൽകിയയാൾ ഇടനിലക്കാരനെ ബന്ധപ്പെട്ടു. വിവരം അറിഞ്ഞ രാഹുൽ പണം നൽകിയയാളെ വിളിച്ച് പണം തിരികെ നൽകാമെന്ന് പറഞ്ഞു. എന്നാൽ, രാഹുലിന് താൻ പണം നൽകിയിട്ടില്ലെന്നും വാങ്ങിയ ഇടനിലക്കാരൻ തിരികെ നൽകട്ടെയെന്നുമുള്ള നിലപാടിലാണ് പണം കൊടുത്തയാൾ. സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് ശാഖാ പ്രസിഡന്റ് പണം തട്ടിയതോടെ ലോക്കൽ മാനേജരും വെട്ടിലായി. തങ്ങൾ അറിയാതെയാണ് രാഹുൽ പണം വാങ്ങിയതെന്ന് ഇവർ പറയുന്നു. പക്ഷേ, ആദ്യഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് ലോക്കൽ മാനേജരും അടൂർ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും സ്വീകരിച്ചത്. ഇരുവരും സിപിഎം നേതാക്കളാണ്. ജില്ലാ നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ രാഹുലിന് സംരക്ഷണമൊരുക്കിയതെന്ന് പറയുന്നു. കൂടുതൽ പരാതിക്കാർ എത്തിയതോടെ പൊലീസും സിപിഎം നേതൃത്വവും വെട്ടിലാവുകയും രാഹുലിനെതിരേ എഫ്ഐആർ ഇടുകയുമായിരുന്നു.