നീലേശ്വരം: വെള്ളാട്ടം പുറപ്പാടിന് തൊട്ടു മുമ്പാണ് ആര്‍ത്തുള്ള കരച്ചിലും ബഹളവും കേട്ടാണ് മൂവാളംകുഴി ചാമുണ്ഡി തെയ്യം ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നിടത്തേക്ക് ഓടി എത്തിയത്. പെട്ടെന്നാണ് വെടിപ്പുര കത്തി അമര്‍ന്നത്. ചിതറി ഓടുന്ന ആളുകളെ വകഞ്ഞുമാറ്റി തെയ്യം കലാകാരനും പോലീസുകാരനുമായ നിധിന്‍ പണിക്കര്‍ പൊട്ടിത്തെറി ഉണ്ടായിടത്തേക്ക് ഓടി എത്തി.

നിധിന്റെ കണ്ണിലുടക്കിയ ആദ്യ കാഴ്ച ആളിക്കത്തുന്ന തീയ്ക്കിടയില്‍ കുടുങ്ങിപ്പോയ ഒരു കുരുന്നിന്റേത് ആയിരുന്നു. പിന്നെ ഒന്നും ചിന്തിക്കാതെ തീ കത്തുന്നതിനിടയിലേക്ക് എടുത്ത് ചാടി, അവിടെ കുടുങ്ങിക്കിടക്കുന്ന കുട്ടിയേയും കൊണ്ട് പുറത്തേക്കും. ഒരു കുരുന്നു ജീവന്‍ രക്ഷപ്പെടുത്താനായതിന്റെ നിര്‍വൃതിയാണ് നിധിന്. എന്നാല്‍ മനസ്സ് നിറയെ സങ്കടവും.

'വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. വീട്ടുകാരെ ഓര്‍ക്കാനൊന്നും നേരം ഉണ്ടായിരുന്നില്ല. അങ്ങോട്ടേക്ക് ഓടുകയായിരുന്നു. മുമ്പില്‍ പൊള്ളലേറ്റു കിടക്കുന്ന കുട്ടികളും സ്ത്രീകളും. തീ കണ്ടു, കുട്ടി പെട്ടുകിടക്കുന്നത് കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല. പടക്കം ഉണ്ടായോ എന്നൊന്നും നോക്കിയില്ല...'- നിധിന്‍ പണിക്കര്‍ പറയുന്നു.

തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് നൂറ്റമ്പതിലേറെപ്പേര്‍ക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട് ജില്ലാ ആസ്പത്രിയിലും മറ്റ് സ്വകാര്യ ആസ്പത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ പ്രകാശന്‍, മകന്‍ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.