പന്തളം: ഇടനാഴിയിൽ കൂട്ടിയിട്ടിരുന്ന ഇലക്ട്രോണിക്, പേപ്പർ മാലിന്യങ്ങളിൽ നിന്ന് പുകഞ്ഞു കത്തി ഫ്ളാറ്റിന്റെ മൂന്നാം നിലയിൽ തീപിടുത്തം. സ്ത്രീകളും കുട്ടികളുമടക്കം 15 പേരെ പ്രദേശവാസികൾ ചില്ലു തകർത്ത് രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ചില്ല് തറച്ച് പരിസരവാസികളായ അഞ്ചുപേർക്ക് പരുക്ക്.

എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രിക്ക് എതിർവശം ഉദയ സദനത്തിൽ ശശിധരന്റെ ഉടമസ്ഥതയിലുള്ള സുമി ആർക്കേഡ് എന്ന കെട്ടിടത്തിലാണ് തിങ്കളാഴ്ച രാത്രിഎട്ടുമണിയോടു കൂടി തീ പിടുത്തം ഉണ്ടായത്. തീ പടരുന്നതു കണ്ട പരിസരവാസികളും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും ഫ്ളാറ്റിന്റെ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ച് അകത്തു കടന്ന് താമസക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം പേർ ഫ്ളാറ്റിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ പരിസരവാസികളായ സുധീഷ് കുമാർ (30), മനു (45), അയ്യപ്പൻ (45), അഭിജിത്ത് (19), അനന്ദു (28)എന്നിവർക്ക് നിസാര പരുക്കേറ്റു. ചില്ല് തറച്ചാണ് പരുക്ക്.

ഉടൻതന്നെ നാട്ടുകാർ തീ പൂർണമായും അണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. അടൂരിൽ നിന്നും അഗ്നിരക്ഷാസേനയും പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധവും വിഛേദിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ മുറിയോട് ചേർന്നുള്ള ഇടനാഴിയിൽ കൂട്ടി ഇട്ടിരുന്ന ഇലക്ട്രോണിക്ക്, പേപ്പർ മാലിന്യങ്ങൾക്ക് ആണ് തീ പിടിച്ചത്. മാലിന്യം പുകഞ്ഞ് കത്തി മുറികൾക്കുള്ളിൽ ആകെ പുക നിറഞ്ഞത് പരിഭ്രാന്തി പരത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിയാസുദ്ദീന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ചത്.