- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി സൗത്ത് റെയില്‍വേ ട്രാക്കിന് സമീപം കത്തിനശിച്ചത് സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിന്; ഒരു മണിക്ക് തുടങ്ങിയ തീപിടിത്തം നിയന്ത്രിച്ചത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍; ട്രെയിന്‍ഗതാഗതം പുനഃസ്ഥാപിച്ചു; നെടുമ്പാശേരിയില്‍ ആപ്പിള്‍ റസിഡന്‍സിയിലും വന്‍ തീപിടിത്തം
നെടുമ്പാശേരിയില്‍ ആപ്പിള്‍ റസിഡന്‍സിയിലും വന്‍ തീപിടിത്തം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപത്തെ വന്‍ തീപിടിത്തത്തിന് പിന്നാലെ നെടുമ്പാശ്ശേരിയിലും വന്‍ അഗ്നിബാധ. നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തി നശിച്ചു. സൗത്ത് റെയില്‍വേ പാലത്തിന് സമീപത്തെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയതോടെയാണ് നെടുമ്പാശ്ശേരി ആപ്പിള്‍ റസിഡന്‍സിയിലെ തീപിടിത്ത വാര്‍ത്തയും പുറത്തുവന്നത്.
സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വന്‍ തീപ്പിടിത്തമാണ് ഉണ്ടായത്. സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ റെയില്‍വേ ട്രാക്കിന് സമീപത്തേക്കും പടരുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതമായിരുന്നു താത്ക്കാലികമായി നിര്‍ത്തിവെച്ചത്.
ഞായറാഴ്ച ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. അഗ്നിബാധയെത്തുടര്‍ന്ന്, ഗോഡൗണിലുണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ഗോഡൗണില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. വിവിധ ഫയര്‍ഫോഴ്സ് ഫോഴ്സ് യൂണിറ്റുകളും പോലീസുമെത്തി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപ പ്രദേശങ്ങളിലുള്ള ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായത് മൂലം വന്‍ ദുരന്തമൊഴിവാക്കാനായി.
വലിയ രീതിയില്‍ തീപിടിക്കുന്ന നിരവധി വസ്തുക്കള്‍ ആക്രി ഗോഡൗണിലുണ്ടായിരുന്നു. മാത്രമല്ല, സമീപത്തെല്ലാം ജനവാസ മേഖലയുമായിരുന്നു. വനിതാ ഹോസ്റ്റല്‍, അപ്പാര്‍ട്മെന്റുകള്‍, വീടുകള്‍ എന്നിവയെല്ലാം സമീപത്തു തന്നെയായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്സാണ് സംഭവം സ്ഥലത്തെത്തിയത്. സമീപത്തെ വൈദ്യുത ലൈനിലേക്കും തീപ്പടര്ന്നിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും അഗ്നിരക്ഷാ സേനയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിന്‍വശത്ത് നിന്നാണ് തീ പടര്‍ന്നതെന്ന് കൊച്ചി എസിപി രാജ്കുമാര് പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ അഗ്നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും 3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.