കോഴിക്കോട്: ഉത്സവകാലം വരുന്നതോടെ കേരളത്തിൽ പതിവായി കേൾക്കുന്ന വാർത്തകളാണ് പടക്കശാലകൾക്കും, വെടിമരുന്ന് പുരകൾക്കും തീപ്പിടിക്കുന്നത്. ഒപ്പം വെടിക്കെട്ട് അപകടങ്ങളുടെ ഞെട്ടിക്കുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി എറണാകുളം വാരാപ്പുഴയിൽ നിന്നാണ് വീണ്ടും പടക്കശാല ദുരന്തത്തിന്റെ വാർത്തകൾ വരുന്നത്. അപകടത്തിൽ ഒരാൾ മരിച്ചുവെന്നും നാലുപേർ ഗുരതരാവസ്ഥയിലുമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലാണ്. തൊട്ടടുത്തുള്ള വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലാണ്. പ്രദേശത്തെ മരങ്ങൾ കരിഞ്ഞുണങ്ങി. സംഭവ സ്ഥലത്തിന്റെ ഒന്നര കിലോമീറ്ററിലേറെ ദൂരത്തിൽ പ്രകമ്പനം ഉണ്ടായാതായാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. ധാരാളം വീടുകളുള്ള, ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. പടക്കം നിർമ്മിക്കാനും സൂക്ഷിക്കാനുമുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പടക്കം വിൽപ്പനയ്ക്കുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്.

പക്ഷേ നിയമം കർശനമാക്കിയതുകൊണ്ട് മാത്രം തടയാൻ കഴിയുന്ന കാര്യമല്ല ഇത്. ഇന്നും പഴയ രീതിയിൽ പടക്കങ്ങളും വെടിക്കെട്ടുകളുമാണ് നാം ഉപയോഗിക്കുന്നത്. എന്നാൽ അതിന് പകരം ലേസർ വെടിക്കെട്ടുകളും, ഡിജിറ്റൽ സ്ഫോടനങ്ങളും കൊണ്ടുവന്നാൽ ഈ അപകടം പുർണ്ണമായി ഒഴിവാക്കാം. ടി പി സെൻകുമാർ ഡിജിപി ആയിരിക്കുമ്പോൾ നൽകിയ ഈ റിപ്പോർട്ട് ഇനിയും നടപ്പാക്കിയില്ല.

ർ 

ലേസർ വെടിക്കെട്ട് വേണമെന്ന് സെൻകുമാർ

പുറ്റിങ്ങൽ ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 2016 എപ്രിലിൽ അവസാനം കോടതിയിൽ സമർച്ചിപ്പ റിപ്പോർട്ടിൽ അന്നത്തെ ഡിജിപി ടി പി സെൻകുമാർ ആണ്, വെടിക്കെട്ടുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടത്. പകരം ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവർ പരിഗണിക്കണമെന്നും അദ്ദേഹം തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പൊലീസ് ഈ നിലപാട് അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതിന്റെ മുന്നോടിയായാണ് എ.ജിയെ നിലപാട് അറിയിച്ചത്. വെടിക്കെട്ടുകൾ പൂർണമായി നിരോധിക്കുക മാത്രമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പോംവഴിയെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. തലശ്ശേരിയിലും കൊല്ലത്തെ മലനടയിലും മുമ്പ് വലിയ വെടിക്കെട്ട് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനാകുന്നില്ല. വെടിക്കെട്ടിന് അനധികൃത വസ്തുക്കൾ ഉപയോഗിക്കുന്നുവോയെന്ന് പരിശോധിക്കാൻ പൊലീസിന് പരിമിതിയുണ്ട്. അതിനാൽ ഇത്തരം സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം പൊലീസിനുമേൽ കെട്ടിവെക്കുന്നതിൽ കാര്യമില്ലെന്നും സെൻകുമാർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

എന്താണ് ഡിജിറ്റൽ വെടിക്കെട്ട്?

നിലവിൽ നാം ഉപയോഗിക്കുന്ന പടക്കങ്ങളുടെ അതേ ഇഫക്റ്റ് നൽകുന്ന ലേസർ സംവിധാനമാണ് ഡിജിറ്റിൽ വെടിക്കെട്ട്. ആകാശത്ത് വിരിയിക്കുന്ന കല കണ്ടാൽ സാധാരണ വെടിക്കെട്ടുമായി യാതൊരു വ്യത്യാസവും കണ്ടെത്താൻ കഴിയില്ല. മാത്രമല്ല, കുറേക്കൂടി അദ്ഭുതങ്ങൾ ലേസർ വെടിക്കെട്ടിന് കാണിക്കാൻ കഴിയും. ഇപ്പോൾ ലോകത്ത് എമ്പാടും പുതുവത്സര ആഘോഷങ്ങൾക്കും മറ്റ് ഫെസ്റ്റിവലിനും ഈ രീതി ഉപയോഗിക്കുന്നുണ്ട്. ചെലവും കുറവാണ്. ഒരു വലിയ വെടിക്കെട്ടിന് 25 മുതൽ 50ലക്ഷംവരെ മിനിമം ചെലവാകുമ്പോൾ അതിന്റെ പകുതിയേ ലേസർ വെടിക്കെട്ടിന് ചെലവാകൂ. ചൈനയിലും, ജപ്പാനിലും, ദുബൈയിലുമുള്ള നിരവധി കമ്പനികൾ ഇപ്പോൾ ഇവ നടത്തുന്നുണ്ട്. ഇന്ത്യയിൽ മുംബൈയിലും മദ്രാസിലും ഇവ വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. പക്ഷേ കേരളത്തിൽ ഈ രീതി അത്ര വ്യാപകം ആയിട്ടില്ല.

കഴിഞ്ഞ പുതുവത്സര ദിനത്തിൽ ബുർജ് ഖലീഫയെ ഞെട്ടിച്ചത് ഇതേ ലേസർ വെടിക്കെട്ട് ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളടക്കം 10 ലക്ഷത്തോളം പേരാണ് ദുബായിലെ പുതുവൽസരാഘോഷത്തിൽ പങ്കെടുത്തത്. നഗരത്തിലെ മുപ്പതോളം കേന്ദ്രങ്ങളിൽ നടക്കുന്ന ആഘോഷപരിപാടികളുടെ ഏറ്റവും വലിയ ആകർഷണം ആകാശത്ത് വർണമഴ പെയ്യിക്കുന്ന കരിമരുന്ന് പ്രയോഗമായിരുന്നു. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം, ബ്ലൂ വാട്ടേഴ്സ്, പാം അറ്റ്ലാന്റിസ്, ദ് ബീച്ച്, ജെ.ബി.ആർ, ജുമെയ്റ ബീച്ച്, ഗ്ലോബൽ വില്ലേജ്, ദുബായ് ക്രീക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ തുടങ്ങി മുപ്പതിടങ്ങളിലാണ് വെടിക്കെട്ട് നടന്നത്. എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു ഈ പ്രകടനം. അതുപോലെ ചൈനയും ജപ്പാനും അടക്കമുള്ള നിരവധി രാജ്യങ്ങൾ ഈ രീതിയിലേക്ക് മാറിയിട്ടുണ്ട്.

കേരളത്തിൽ ആവട്ടെ റോബോർട്ട് ആനയെ വരെ തിടമ്പേറ്റി നാം നടയിരുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആചാര ലംഘനം എന്ന വിഷയം ഇവിടെ വരുമെന്ന് തോന്നുന്നില്ല. ക്ഷേത്ര പ്രതിഷ്ഠയുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇവയൊക്കെ എന്നാണ് പല താന്ത്രിക വിദഗ്ധരും പറയുന്നത്. അപൂർവ ക്ഷേത്രങ്ങളിൽ മാത്രമെ വെടിക്കെട്ട് ക്ഷേത്രാചാരമായി വരുന്നത്. അത്തരം ക്ഷേത്രങ്ങൾക്ക് ഡിജിറ്റൽ ഫയർവർക്ക്സിൽ നിന്ന് ഇളവും നൽകാവുന്നതാണ്.

ദുരന്തങ്ങളുടെ തനിയാവർത്തനം

അതിനിടെ കേരളത്തിൽ വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കയാണ്. കഴിഞ്ഞ 25 വർഷത്തെ വെടിക്കെട്ട് ദുരന്തങ്ങളുടെ കണക്കെടുത്താൽ മരണസംഖ്യ ആയിരത്തിന് മേൽ വരും. ഇതുവരെയായി ചെറുതും വലുതുമായുള്ള നാന്നൂറോളം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 1978ൽ തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരണത്തിന് കീഴടങ്ങി. 1984ൽ തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടത്തിൽ 20 പേർ മരിച്ചു. 1987ൽ തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്ന 27 പേർ ട്രെയിനിടിച്ച് മരിച്ചു. 1988 ൽ തൃപ്പൂണിത്തുറയിൽ വെടിമരുന്ന് പുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാരായ പത്ത് പേർ മരിച്ചു. 1989 ൽ തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിയിൽ വെടിക്കെട്ടിനിടെ 12 പേർ മരിച്ചു. 1990 ൽ കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തിൽ 26 പേരാണ് ദാരുണമായി മരിച്ചത്.

1997ൽ ചിയ്യാരം പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേരും 1998 ൽ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ 13 പേരും 1999 ൽ പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ എട്ട് പേരും മരിച്ചു. 2006 ൽ തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. 2013 ൽ പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു.

2016 ഏപ്രിൽ 10ന് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തം രാജ്യത്തിലെ ജനങ്ങളെ മൊത്തത്തിൽ ഞെട്ടിപ്പിക്കുന്നതായി മാറി. ദുരന്തത്തിൽ 105 പേർ ആണ് മരിച്ചത്. ഇപ്പോഴിതാ വാരാപ്പുഴയിലും പടക്കനിർമ്മാണ ശാല ദുരന്തവും. ഇതിനുള്ള ശ്വശ്വത പരിഹാരം ഡിജിറ്റൽ വെടിക്കെട്ട് തന്നെയാണെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.