നീലേശ്വരം: കാസര്‍കോട് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടം. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചെന്നാണു സൂചന. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമെന്നാണു സൂചന. രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികള്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ പ്രകാശന്‍, മകന്‍ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റുന്നുണ്ട്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാന്‍ കാരണമെന്നാണ് നിഗമനം.

ഇന്നലെ രാത്രി 12.20ന് ആയിരുന്നു അപകടം. ജില്ലയിലെ ആംബുലന്‍സുകളോട് ജില്ലാ ആശുപത്രിയിലും സംഭവസ്ഥലത്തുമായി എത്തിച്ചേരാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു.

വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. വസ്ത്രങ്ങളും കത്തിപ്പോയി. ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണിത്. കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, ഉപാധ്യക്ഷന്‍ പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, കെ. പ്രീത, വിനയരാജ് തുടങ്ങിയവര്‍ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാട്ടുകാരും നീലേശ്വരം അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.കാസര്‍കോട്, വീരാര്‍ക്കാവ്, തെയ്യംകെട്ട് മഹോത്സവം, വെടിക്കെട്ട് പുര, തീപിടിത്തം, veerarkave temple, fire cracker romm, fired