സോഫിയ: ബള്‍ഗേറിയയില്‍ തീ കൊളുത്തിയതിന് പിടിക്കപ്പെട്ട 33 കാരന് എതിരെ തീവ്രവാദ കുറ്റം ചുമത്തി. യൂറോപ്യന്‍ രാജ്യങ്ങല്‍ പലയിടത്തും 50 ഡിഗ്രി വരെ താപനില ഉയരുമ്പോള്‍ നിരവധി സ്ഥലങ്ങളില്‍ തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബള്‍ഗേറിയയില്‍ ഇന്നലെ മാത്രം 160 ഓളം തീപിടുത്തങ്ങള്‍ നടന്നിരുന്നു. ഇയാള്‍ തീവെയ്ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. ഉയര്‍ന്ന താപനില കാരണം രാജ്യത്തെ 11 പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാള്‍ ഒരു നടപ്പാതയ്ക്ക് സമീപമുള്ള പുല്ലിന് തീയിടുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

തുടര്‍ന്ന് തീജ്വാലകള്‍ അടുത്തുള്ള ബാങ്കിലേക്ക് വേഗത്തില്‍ പടരുകയായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ ഉദ്യോഗസ്ഥര്‍ തീ കൊളുത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യുകയും അയാള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുകയും ചെയ്തു. യൂറോപ്പില്‍ പല സ്ഥലങ്ങളിലും കാട്ടുതീയും കൊടുങ്കാറ്റും പടരുന്ന സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും ആളുകളെ ഒഴിപ്പിച്ചിരുന്നു. ബള്‍ഗേറിയയിലെ തീപിടുത്തങ്ങളില്‍ ഏതാണ്ട് 90 ശതമാനവും മനുഷ്യ പിഴവും അശ്രദ്ധയും മൂലമാണെന്ന് ആഭ്യന്തര മന്ത്രാലയ മേധാവി മിറോസ്ലാവ് റാഷ്‌കോവ് വ്യക്തമാക്കി.

തീപിടുത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തേയും പലരേയും പോലീസ് പിടികൂടിയിരുന്നു. അയല്‍രാജ്യമായ തുര്‍ക്കിയില്‍, കഴിഞ്ഞ ആഴ്ചയുണ്ടായ കാട്ടുതീയില്‍ 14 പേര്‍ മരിച്ചിരുന്നു. 19 ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ആളുകളെയാണ് അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയുടെ ഏറ്റവും പുതിയ ഉഷ്ണതരംഗം കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില രേഖപ്പെടുത്തി. ഇറാഖ്, സിറിയന്‍ അതിര്‍ത്തികള്‍ക്ക് സമീപമുള്ള സിലോപിയില്‍ വെള്ളിയാഴ്ച ചൂട് 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.

ഇവിടങ്ങളില്‍ ഉണ്ടായ തീയണയ്ക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരും എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഗ്രീസിലും ഇറ്റലിയിലും എല്ലാം ഇപ്പോള്‍ കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. ശക്തമായ കാറ്റാണ് പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മാറുന്നത്.

സൈപ്രസ്, സ്പെയിന്‍, അല്‍ബേനിയ, മോണ്ടിനെഗ്രോ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കഴിഞ്ഞ ഒരു മാസത്തിനിടെ വന്‍ തീപിടുത്തങ്ങളാണ് നേരിട്ടത്.