ആലപ്പുഴ: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം കേരളതീരത്തേക്ക് മത്തിയുടെയും അയലയുടെയും ഒന്നൊന്നര തിരിച്ചുവരവ്. കടലിലെവിടെ വലവിരിച്ചാലും മത്തിയുടെയും അയലയുടെയും കോളാണ്- വലനിറയെ മീൻ. സമുദ്രോപരിതലത്തിലെ താപനില അനുകൂലമായതോടെയാണ് മത്തിയും അയലയും വർധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.താരതമ്യേന പ്രതിരോധശേഷി കുറഞ്ഞതും ഒരു വർഷത്തിലധികം ആയുസ്സില്ലാത്തതുമായ മത്തിക്ക് മുട്ടയിട്ടുപെരുകാൻ അനുകൂലസാഹചര്യം ലഭിച്ചതാണ് സമൃദ്ധിക്കുകാരണം.

ലഭ്യത കൂടിയതോടെ മത്തിക്കും അയലയ്ക്കും കിലോയ്ക്ക് 40 രൂപപോലും ലഭിക്കാതായതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതോടെ, മത്സ്യം സംസ്‌കരിക്കുന്നതിനായി തുച്ഛവിലയ്ക്ക് വൻകിട കച്ചവടക്കാർ വാങ്ങിക്കൊണ്ടുപ്പോകുകയാണ്.മത്സ്യപ്രിയരുടെ ഇഷ്ടമീനായ മത്തി കുറച്ചുകൊല്ലങ്ങളായി കിട്ടാക്കനിയായിരുന്നു. അതുകൊണ്ടുതന്നെ തീവിലയും.ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

മുമ്പ് 2012-ൽ ആണ് മത്തിയും അയലയും ധാരാളമായി ലഭിച്ചതെന്ന് സി.എം.എഫ്.ആർ.ഐ.യിലെ ശാസ്ത്രജ്ഞനായ ഇ.എം. അബ്ദുൾ സമദ് പറഞ്ഞു. എങ്കിലും, ഇത്രയധികം അന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, രണ്ടാഴ്ചയിലധികം ചാകര നീണ്ടുനിൽക്കുന്നതും അപൂർവമായിരുന്നു.നേരത്തേ ചുരുങ്ങിയ വിസ്തൃതിയിൽ മാത്രമാണു ചാകരയുണ്ടായിരുന്നത്.

എന്നാൽ, ഇപ്പോൾ സംസ്ഥാനാതിർത്തിയിലുള്ള കടലിൽ എല്ലാ ഭാഗത്തും മത്തിയും അയലയും സമൃദ്ധമാണ്. ഒരുമാസത്തിലേറെയി ഒരേനിലയിൽ ഇതു തുടരുകയാണ്.ഈ കാലാവസ്ഥ തുടർന്നാൽ മത്സ്യലഭ്യത കുറേക്കാലത്തേക്കു കൂടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.