- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മീനുകള്‍ കഴിക്കുന്നതില്‍ ആശങ്ക വേണ്ട; മുങ്ങിയ കപ്പലിലെ കാല്‍സ്യം കാര്‍ബൈഡ് കടലില്‍ കലര്‍ന്നിട്ടില്ല; കടല്‍വെള്ളത്തില്‍ രാസവസ്തുക്കളില്ലെന്നും മീനുകളും മീന്‍മുട്ടയും നിലവില്‍ സുരക്ഷിതമെന്നും കുഫോസ് പഠനം
കടല്‍വെള്ളത്തില്‍ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം
കൊച്ചി: കൊച്ചി പുറംകടലില്‍ അപകടത്തില്‍പെട്ട എം.എസ്.സി എല്‍സ-3 കപ്പലില്‍ നിന്ന് രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നിട്ടില്ലെന്ന് കുഫോസ് പഠനം. മത്സ്യസമ്പത്ത് നിലവില്‍ സുരക്ഷിതമാണെന്നും മീനുകള്‍ കഴിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും കേരള മത്സ്യ, സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പ്രാഥമിക പഠനറിപ്പോര്‍ട്ട് പറയുന്നു. ഒരു കണ്ടെയ്നറില്‍ ഉണ്ടായിരുന്ന കാല്‍സ്യം കാര്‍ബൈഡ് കടലില്‍ കലര്‍ന്നിട്ടില്ലെന്നും മീനുകളും മീന്‍മുട്ടയും നിലവില്‍ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു.
എം എസ് സി എല്‍സ3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളില്‍ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്നില്‍ കാല്‍സ്യം കാര്‍ബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതില്‍ പൊതുജനങ്ങളില്‍ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.
അപകടം കടലിലെ വെള്ളത്തിന്റെ സ്വഭാവത്തെയും മത്സ്യസമ്പത്തിനെയും അതിന്റെ ആവാസ വ്യവസ്ഥയെയും ഏതെല്ലാം തരത്തില്‍ ബാധിച്ചെന്നറിയാനുള്ളതായിരുന്നു പഠനം. പഠനത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശപ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സര്‍വേഷനാണ് (സി.എ.ആര്.എം.സി) പഠനം നടത്തിയത്. സംഭവത്തിന്റെ റഫറല്‍ സ്റ്റേഷനായി പരിഗണിക്കപ്പെടുന്ന കൊച്ചി, അപകടത്തില്‍പെട്ട കപ്പലിന്റെ പരിസരം, ആലപ്പുഴ തോട്ടപ്പിള്ളി, കൊല്ലം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും സാമ്പിളുകള്‍ ശേഖരിച്ചത്.
തുടര്‍ന്ന് കാല്‍സ്യം കാര്‍ബൈഡ് വെള്ളത്തില്‍ ഇതുവരെ കലര്‍ന്നിട്ടില്ല എന്ന് കണ്ടെത്തി. കാല്‍സ്യം കാര്‍ബൈഡ് ക്രമാതീതമായി കലര്‍ന്നാല്‍ മീന്‍ മുട്ടകള്‍ നശിക്കും. അങ്ങനെ വന്നാല്‍ അടുത്ത വര്‍ഷം മത്സ്യലഭ്യത കുറയാന്‍ ഇടയാകും. അഞ്ചംഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് നാളെയാണ് ഫിഷറീസ് വകുപ്പിന് സമര്‍പ്പിക്കുക. അന്തിമ റിപ്പോര്‍ട്ട് ആറുമാസത്തിനുശേഷം നല്‍കും.
ഇക്കഴിഞ്ഞ മെയ് 25നായിരുന്നു കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ കപ്പല്‍ എംഎസ്സി എല്‍സ3 അപകടത്തില്‍പ്പെട്ടത്. കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അറുന്നൂറിലധികം കണ്ടെയ്നറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിലെ 24 ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് അപകടത്തില്‍ ഹൈക്കോടതി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. എംഎസ്സി എല്‍സ3യുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ മറ്റൊരു കപ്പല്‍ വിഴിഞ്ഞം തീരം വിടുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. കപ്പല്‍ മുങ്ങി ചരക്ക് നാശമുണ്ടായ സാഹചര്യത്തില്‍ അഞ്ചര കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എംഎസ്സി കപ്പല്‍ കമ്പനി കെട്ടിവെയ്ക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ചരക്കുടമകള്‍ നല്കിയ അഞ്ച് ഹര്‍ജികളിലായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഉണ്ടായത്.
പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കപ്പല്‍ അപകടങ്ങളില്‍ കര്‍ശന നടപടി വേണം. ഒരു തവണ നടപടി എടുക്കാതിരുന്നാല്‍ അക്കാര്യം ശീലമായി മാറും. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.