- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നംഗ സേർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിർദേശിച്ചതെന്നും ഒൻപത് പേരെ അഭിമുഖം നടത്തിയാണ് സേർച്ച് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കിയതെന്നും ഹൈക്കോടതിയിൽ ഗവർണ്ണർ വിശദീകരിച്ചത് 2021 നവംബറിൽ; ഒരു പ്രശ്നവും 11 മാസം മുമ്പ് കാണാത്ത നിയമനവും സുപ്രീംകോടതി വിധിയോടെ നിയമവിരുദ്ധമായി; ഫിഷറീസ് വിസിയിൽ രാജ്ഭവൻ മലക്കം മറിയുമ്പോൾ
കൊച്ചി: ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ റിജി ജോണിനോട് രാജിവയ്ക്കാൻ ഗവർണ്ണർ ആരിഫ് മുഹമമദ് ഖാൻ ആവശ്യപ്പെടുമ്പോൾ അത് നിയമ വൃത്തങ്ങളിൽ കൗതുകമാകുന്നു. റിജി ജോണിനെ നിയമിച്ചതിന് എതിരായ ഹൈക്കോടതിയിലെ കേസിൽ എല്ലാം സുതാര്യമാണെന്ന് ഗവർണ്ണർ വിശദീകരണം നൽകുന്നു. എന്നാൽ ഈ റിപ്പോർട്ട് നൽകി ഒരു വർഷം കഴിയുമ്പോൾ ഗവർണ്ണർ നിലപാട് മാറ്റുന്നു. ഹർജിക്കാരുടെ ആ വാദം ചൂണ്ടിക്കാട്ടി ഡോ റിജി ജോണിനോട് രാജി ആവശ്യപ്പെടുകയാണ് ഗവർണ്ണർ. ഈ കേസിലെ ഹൈക്കോടതി വിധി നിർണ്ണായകമാകും. രണ്ടു ദിവസത്തിനുള്ളിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരും.
യുജിസി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നല്ല നിയമനം നടത്തിയതെന്ന് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ, കേരളത്തിലെ വൈസ്ചാൻസലർ നിയമനങ്ങളിലെ അപാകതകൾ തിരുത്താനുള്ള അവസരം ഗവർണർക്ക് ലഭിക്കുകയാണ്. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണ്ണർ എല്ലാ വിസിമാർക്കെതിരേയും തിരിഞ്ഞു. ഇതോടെയാണ് മുമ്പ് പ്രശ്‌നമില്ലെന്ന് പറഞ്ഞ ഫിഷറീസ് വിസി നിമയനത്തിലും ഗവർണ്ണർ നിലപാട് മാറ്റിയത്.
ഫിഷറീസ് വി സി നിയമനത്തിൽ ചാൻസലറോടും സർക്കാരിനോടും വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ഡോ. റിജി ജോണിന്റെ നിയമനം സാധുവാണോയെന്നാണ് ഹൈക്കോടതി പരിശോധിക്കുന്നത്. യുജിസി, ഫിഷറീസ് സർവ്വകലാശാല ആക്ടുകളിൽ പാനൽ നിർബന്ധമാണെന്ന കാര്യം ഹർജിയിൽ ഉന്നയിച്ചിരുന്നു. ഗവർണർക്ക് സേർച്ച് കമ്മിറ്റി നൽകിയത് ഒരാളുടെ പേര് മാത്രമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഡോ. റിജി ജോണിന്റെ പേര് മാത്രമാണ് സേർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്. തിരഞ്ഞെടുപ്പിനുള്ള അവസരം ഗവർണർക്ക് ലഭിച്ചിരുന്നില്ലെന്ന ആക്ഷേപമാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്. ഫിഷറീസ് സർവ്വകലാശാലയിൽ ഡീൻ ആയിരുന്നു റിജി കെ ജോൺ.
എന്നാൽ ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. മൂന്നംഗ സേർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിർദേശിച്ചതെന്നും ഒൻപത് പേരെ അഭിമുഖം നടത്തിയാണ് സേർച്ച് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കിയതെന്നും ഗവർണർ വ്യക്തമാക്കി. വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു എന്നതാണ് വസ്തുത. എന്നാൽ ഇപ്പോൾ സുപ്രീംകോടതി വിധി വരുമ്പോൾ ഗവർണ്ണർ നിലപാട് മാറ്റുന്നു.
2021 ജനുവരി 22 ന് ഫിഷറീസ് സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട സേർച്ച് കമ്മിറ്റി യോഗം ചേർന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിർദ്ദേശം ചെയ്യുകയായിരുന്നു. ഫിഷറീസ് സർവകലാശാല ഡീൻ ആയിരുന്നു ഡോ. റിജി ജോൺ. 2021 നവംബർ 12-നാണ് ഇതുസംബന്ധിച്ചുള്ള സ്റ്റേറ്റ്മെന്റ് ഗവർണർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്. യുജിസി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി ഒന്നിൽ കൂടുൽ പേരുള്ള പാനലിനേയാണ് ഗവർണർക്ക് മുമ്പാകെ നൽകേണ്ടത്. ഏകകണ്ഠമായി ഒരാളെ തിരഞ്ഞെടുക്കുന്നത് ശരിയല്ലെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് ഗവർണർ ഹൈക്കോടതിയെ അറിയച്ചിരിക്കുന്നത്. കണ്ണൂർ വിസി നിയമനത്തിലും സമാനമായ നിലപാട് തന്നെയായിരുന്നു ഗവർണർ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹം നിയമനത്തിനെതിരെ രംഗത്തെത്തിയത്. സ്വന്തം നാട്ടുകാരനാണെന്ന് മുഖ്യമന്ത്രി ശുപാർശ ചെയ്തതിനാലാണ് കണ്ണൂർ സർവകലാശാലാ വി സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്നും അത് തെറ്റായിപ്പോയെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. സംസ്‌കൃത സർവകലാശാലാ വി സിയാക്കാൻ ഡോ.എം വിനാരായണന്റെ പേരുമാത്രം സെർച്ച് കമ്മിറ്റി നൽകിയപ്പോൾ രണ്ടുമാസത്തോളം ഫയൽ പിടിച്ചുവയ്ക്കുകയും സർക്കാരിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിട്ടും ഗവർണറെ സമ്മർദ്ദത്തിലാക്കി സർക്കാർ നിയമനം നടത്തിയെടുക്കുകയായിരുന്നു.
ഫിഷറീസ്, എം.ജി സർവകലാശാലകളിലെ വി സി നിയമനത്തിലും സർക്കാരിന് താത്പര്യമുള്ള ഒറ്റപ്പേരായിരുന്നു നിയമനത്തിനായി ഗവർണർക്ക് മുന്നിലെത്തിയത്. ഇതിൽ കണ്ണൂർ വി സി നിയമനം സുപ്രീംകോടതിയിലും ഫിഷറീസ് വി സി നിയമനം ഹൈക്കോടതിയിലും കേസായിട്ടുണ്ട്. ശേഷിക്കുന്ന വി സിമാരെ അയോഗ്യരാക്കണമെന്ന് ഗവർണർക്ക് പരാതി ലഭിക്കുകയും കോടതിയിൽ ക്വോ വാറന്റോ ഹർജിയെത്തുകയും ചെയ്യുന്ന സാഹചര്യം കൂടി തിരിച്ചറിഞ്ഞാണ് ഒൻപത് വിസിമാരേയും പുറത്താക്കാനുള്ള ഗവർണ്ണറുടെ നീക്കം. ഭരണഘടനയുടെ 141ാം വകുപ്പുപ്രകാരം, സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്. ഇന്ത്യയിലെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികൾക്കും സുപ്രീം കോടതിയെ സഹായിക്കാൻ ബാധ്യതയുണ്ട്. കേരളവും ഇന്ത്യയുടെ ഭാഗമായതിനാൽ ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ് എല്ലാ സർവകലാശാലകളിലും നടപ്പാക്കിയേ പറ്റൂ.
അതിനാൽ ഗവർണർക്ക് സ്വമേധയാ, അല്ലെങ്കിൽ ലഭിച്ചിട്ടുള്ള പരാതികൾ പരിഗണിച്ച് തെറ്റായ നടപടിക്രമത്തിലൂടെ നിയമനം നേടിയ വി സിമാർക്കെതിരേ നടപടിയെടുക്കാൻ ഗവർണ്ണർക്ക് കഴിയും. വിവിധ വി സിമാരുടെ നിയമനം സംബന്ധിച്ച് കോടതികളിലുള്ള കേസുകളിൽ ഗവർണർ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയുള്ള നിലപാട് സ്വീകരിച്ചാൽ എല്ലാവർക്കും അയോഗ്യതയാവും. സെർച്ച് കമ്മിറ്റി നൽകുന്ന മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നായിരിക്കണം വി സി നിയമനമെന്ന് 2010ലെ യുജിസി റഗുലേഷനിലുണ്ട്.
ആറുമാസത്തിനകം എല്ലാ സർവകലാശാലകളുടെയും നിയമവും ചട്ടവും ഇതിനനുസരിച്ച് ഭേദഗതി ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചെങ്കിലും വകവച്ചില്ലെന്നതാണ് മറ്റൊരു വസ്തുത.
മറുനാടന് മലയാളി ബ്യൂറോ