- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം വനിതകൾ പിഴുതെറിഞ്ഞു
ആലപ്പുഴ: വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം ശരണം കെട്ട് ഒരുസംഘം വനിതകൾ പിഴുതെറിഞ്ഞു. വനിതകളുടെ ശ്രമത്തെ ചെറുക്കാൻ സിപിഎം വാർഡ് കൗൺസിലർ കൊടിമരത്തെ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചേർത്തല മരുത്തൂർവട്ടം സ്വദേശി അഞ്ജലിയും കുടുംബവും മാസങ്ങളായി മാറി മാറി ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് കടുംകൈക്ക് മുതിർന്നത്. ഇതിന് പിന്നാലെ സിപിഎം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136 പേർ സിപിഎം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. അഞ്ജലിയുടെ അമ്മാവൻ ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്.
പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ ഫലമുണ്ടായിരുന്നില്ല. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി മുടങ്ങിയതോടെ, അഞ്ജലിയും ബന്ധുക്കളായ സ്തീകളും ചേർന്ന് കൊടിമരം പിഴുത് മാറ്റുകയായിരുന്നു. എട്ട് മാസമായി വാർഡ് മെമ്പറുടെ ഈഗോ പ്രശ്‌നം മൂലം ഒരേ പാർട്ടി ആയിരുന്നിട്ടു പോലും വഴിക്കു കുറുകെ ഇട്ടിരുന്ന കൊടി മാറ്റുവാൻ സാധിക്കാതെ വന്നപ്പോൾ സ്ത്രീകൾ മുൻ കൈ എടുക്കുകയായിരുന്നു..
പുന്നപ്ര-വയലാർ രക്തസാക്ഷി വാർഷികാചരണത്തോട് അനുബന്ധിച്ചാണ് വീടിന് മുമ്പിൽ വഴിയോട് ചേർന്ന് കൊടിമരം സ്ഥാപിച്ചത്. വീടിന്റെ പുനർനിർമ്മാണത്തിനായി കൊടിമരം വശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അത് നിരസിച്ചെന്ന് വീട്ടമ്മയായ അഞ്ജലി പറഞ്ഞു. വീടിന്റെ ഗെയ്റ്റ് ഇറങ്ങുമ്പോൾ, നേരേ നടുവിലായിട്ടാണ് കൊടിമരം. അതുകൊണ്ട് തന്നെ വീട്ടിലേക്ക് സാധനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ല. കല്ല് അടക്കം സാധനങ്ങൾ കൊണ്ടുവരും മുമ്പ് തന്നെ കൊടിമരം മാറ്റി തരണമെന്ന് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ചേർത്തല മുൻസിപ്പാലിറ്റി 15 ാം വാർഡ് വാർഡ് കൗൺസിലർ അനൂപ് ചാക്കോയെ സമീപിച്ചപ്പോൾ താനറിഞ്ഞുകൊണ്ടല്ല ഇതെന്നും ബ്രാഞ്ച് സെക്രട്ടറിയെ വിളിക്കാനും പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി അടക്കം പല നേതാക്കളെയും കണ്ടപ്പോഴും, വാശിപ്പുറത്തുള്ള കാര്യമാണെന്നാണ് പറഞ്ഞത്. ഇതേ തുടർന്നാണ് അഞ്ജലിയുടെ മാമൻ പുരുഷോത്തമൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇത് വലിയ വാർത്തയായിരുന്നു.
തങ്ങൾ തന്നെ കൊടിമരം മാറ്റുമെന്നും തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നും ഉള്ള നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിച്ചത്. പിന്നീട് അഞ്ജലിയും കുടുംബവും, സിപിഎം നേതാക്കളെ സമീപിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കൊടിമരം മാറ്റാതെ വന്നതോടെ, സ്ത്രീകൾ മുൻകൈയെടുത്ത് മാറ്റി ഒരുവശത്തേക്ക് മാറ്റി സ്ഥാപിച്ചു. കൊടിമരം പൊളിക്കുന്നത് തടയാൻ സിപിഎം വാർഡ് കൗൺസിലർ എത്തിയതോടെ സംഘർഷാവസ്ഥയുണ്ടായിരുന്നു. എട്ടുമാസത്തോളം പരാതി നൽകി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. എന്നാൽ, കൊടിമരം നശിപ്പിക്കുകയുണ്ടായില്ല.
കൊടിമരം മാറ്റിയാൽ തങ്ങൾക്ക് നാണക്കേടാകും എന്ന ഈഗോയായിരുന്നു സിപിഎം വാർഡ് കൗൺസിലർക്കെന്നും, എന്നാൽ, തങ്ങൾക്ക് പ്രധാനം വീടുപണി നടക്കുക എന്നതായിരുന്നുവെന്നും അഞ്ജലി പറഞ്ഞു. പുന്നപ്ര-വയലാർ സമര വാർഷികാചരണത്തിന്റെ ഭാഗമായി പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിയിൽ താൽക്കാലികമായി സ്ഥാപിച്ച കൊടിമരം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ കൊടിമരം കോൺക്രീറ്റ് ഇട്ട് സ്ഥിരമാക്കി. കൊടിമരം സ്ഥാപിക്കുന്നതിന് മുൻപ് വീടിന്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു.
കൊടിമരം പ്രശ്‌നത്തിൽ വേണ്ട രീതിയിൽ ഇടപെടാതെ വന്നതോടെ 53 വർഷമായി സിപിഎം അനുഭാവികൾ ആയിരുന്ന ഈ കുടുംബവും ബന്ധുക്കളും അടക്കം 136 പേർ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുകയായിരുന്നു.ചേർത്തല പൊലിസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടത്തിയാണ് കൊടിമരം വഴിയരികിലേക്ക് നീക്കിയത്. വീട്ടുകാരുടെ ആവശ്യപ്രകാരം കൊടിമരം ഒരുഭാഗത്തേക്ക് നീക്കി സൗകര്യം ചെയ്തുകൊടുക്കാമായിരുന്നിട്ടും, ദുർവാശി കാട്ടി വെറുപ്പിക്കുകയായിരുന്നു വാർഡ് കൗൺസിലർ അനൂപ് ചാക്കോ അടക്കമുള്ളവർ. നിസ്സാരമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം വഷളാക്കിയതിന്റെ ഉത്തരവാദിത്വം സിപിഎമ്മിന് തന്നെയെന്നാണ് കുടുംബം ആരോപിക്കുന്നത്.