- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റ് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചത് നൂറോളം പേരെ; തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ; ഒടുവിൽ തിരുവല്ലാക്കാരൻ സിപി ജോൺ കുടുങ്ങി; നടത്തിയത് കോടികളുടെ തട്ടിപ്പ്
തിരുവല്ല: ഫ്‌ളാറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് നൂറോളം പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി 11 വർഷത്തെ ഒളിവു ജീവിതത്തിന് ശേഷം പൊലീസ് പിടിയിൽ.
തിരുവല്ല സിവിപി ടവേഴ്സ് ഉടമ തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സി.പി ജോൺ (59) ആണ് പിടിയിലായത്. കുരിശു കവലയിലെ സിവിപി ടവറിലെ ഫ്ളാറ്റുകൾ വിദേശ മലയാളികൾ അടക്കം ഒന്നിലധികം പേർക്ക് വിൽപ്പന നടത്തി പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് അറസ്റ്റ്. നൂറോളം പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പറയുന്നു. സിവിപി ടവറിലെ ഒരേ ഫ്ളാറ്റുകൾ മൂന്നും നാലും പേർക്ക് വിറ്റതിനെ ചൊല്ലിയാണ് ബോബന് എതിരെ കേസുകൾ ഉടലെടുത്തത്. ഏതാണ്ട് 15 വർഷത്തിനു മുമ്പ് ആയിരുന്നു കേസുകൾക്ക് ആസ്പദമായ പരാതികൾ ഉയർന്നത്.
പരാതികളെ തുടർന്ന് ബോബൻ ഒളിവിൽ പോവുകയായിരുന്നു. ഇപ്പോൾ പൊലീസ് ഇൻസ്പെക്ടർ ബി.കെ സുനിൽ കൃഷ്ണൻ, സീനിയർ സിപിഒ ഹക്കീം എന്നിവർ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ ആണ് എറണാകുളം കളമശേരിയിലെ വാടക വീട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. വിദേശ രാജ്യങ്ങളിൽ വർഷങ്ങളോളം ജോലിചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം ഫ്ളാറ്റിന്റെ പേരിൽ ബോബൻ തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ പണം മടക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് ബോബൻ പരാതിക്കാരായ പലർക്കും നൽകിയ തുകയുടെ വണ്ടിച്ചെക്കും നൽകിയിരുന്നു. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ടെന്ന് ഇൻസ്പെക്ടർ പറഞ്ഞു.
പൊലീസ് സ്റ്റേഷനിലും പ്രതി ഇതേ അടവ് തന്നെ പ്രയോഗിച്ചു. വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഒത്തു തീർപ്പിന് ഇയാൾ ശ്രമിച്ചിരുന്നു. ആദ്യം പൊലീസും ഇതേ രീതിയിൽ പ്രതികരിച്ചെങ്കിലും പിന്നീട് പരാതിക്കാർ ഏറിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്