കൊച്ചി: വിഷപ്പുകയിൽ പതിനൊന്നാം ദിനവും വിറങ്ങലിച്ച കൊച്ചിയിൽ നിന്നും ജനങ്ങളുടെ പലായനം. ആരോഗ്യപ്രശ്‌നങ്ങളടക്കമുണ്ടായതോടെ കുഞ്ഞുങ്ങളുമായി പലരും ബന്ധു വീടുകളിലും ഹോട്ടലുകളിലും അഭയം തേടി യാത്രതുടങ്ങി. കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാർ വർക്ക് ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് മടങ്ങി. കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിഷപ്പുക ഉയർന്നിട്ടും പരിഹാരം കാണാതെ അധികൃതർ നോക്കുകുത്തികളായി മാറിയെന്നാണ് ആക്ഷേപം ഉയരുന്നത്. ബ്രഹ്‌മപുരത്ത് നടന്ന അഴിമതിയും ക്രമക്കേടും ഉത്തരവാദപ്പെട്ടവർ അറിഞ്ഞില്ല. അതല്ലെങ്കിൽ അറിഞ്ഞിട്ടും മറച്ചുവെച്ചു. രണ്ടും വലിയ വീഴ്ചയാണ്. തീപിടുത്തം ഉണ്ടായപ്പോൾ പ്രാദേശിക സംവിധാനങ്ങളെ മാത്രം എല്ലാം ഏൽപ്പിച്ചു സർക്കാർ കാഴ്ചക്കാരായി മാറിനിന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.

സർക്കാർ അനാസ്ഥക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഒരു നിർമ്മാർജന സംവിധാനവും ഇല്ലാതെ ഇത്രയധികം മാലിന്യം കുന്നുകൂട്ടിയ സർക്കാർ ദുരന്തം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന വിമർശനവുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രമുഖർ അടക്കം രംഗത്തെത്തി.

കൊച്ചിയിലേത് ലജ്ജാകരമായ അവസ്ഥയെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പ്രതികരിച്ചു. ശുദ്ധവായു പൗരന്റെ അടിസ്ഥാന ആവശ്യമാണ്. കൊച്ചിയിലെ സ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ വലിയ പരാജയമാണുണ്ടായതെന്ന് നിർമ്മാതാവ് സാന്ദ്രാ തോമസും തുറന്നടിച്ചു. മന്ത്രിമാരടക്കം എല്ലാവരും വിഷയം കൈകാര്യം ചെയ്യുന്നതിൽ പരാജയമായി. കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെ താൻ വീട് മാറുകയായിരുന്നുവെന്നും കൊച്ചിയിലേക്ക് തിരികെ വരാൻ തന്നെ പേടിയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

ബ്രഹ്‌മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സംവിധായകൻ വിനയനും രംഗത്തെത്തി. പ്രശ്‌നപരിഹാരത്തിന് ഗൗരവമുള്ള ചർച്ചകളുണ്ടാകുന്നില്ലെന്നും കൊച്ചിയെ ഈ അവസ്ഥയിലെത്തിച്ചവർ മാപ്പ് അർഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബ്രഹ്‌മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പ്രതികരിച്ചു.

ഇത്രയധികം മാലിന്യം സംസ്‌ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്‌മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു. തീപിടിത്തമുണ്ടായ ശേഷം പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലും അധികൃതർക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളിൽ അധികൃതർക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്‌മപുരത്ത് എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ അന്വേഷണം വേണം. ഉത്തരവാദികൾ ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടക്കത്തിൽ പ്രശ്‌നത്തെ ലാഘവത്തോടെ കൈകാര്യം ചെയ്ത സംസ്ഥാന സർക്കാരിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമർശനം കനക്കുകയാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്തെന്നതിലോ ആരോഗ്യ പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ ഇപ്പോഴും സർക്കാരിന് ഒരു വ്യക്തതയുമില്ലെന്നതാണ് യാഥാർത്ഥ്യം.

അതേ സമയം ബ്രഹ്‌മപുരം വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കെ അഷ്റഫ് രംഗത്തെത്തി. വീഴ്ച പറ്റിയില്ല എന്ന് പറഞ്ഞാൽ ന്യായീകരണമായിപ്പോകുമെന്നും കൊച്ചി നിവാസികളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ടി.കെ അഷ്റഫിന്റെ വാക്കുകൾ. സാധാരണ രണ്ട് ദിവസം കൊണ്ട് തീ കെടുന്നതാണെന്നും എന്നാൽ ഇത്തവണ കാലാവസ്ഥയും കൂടി പ്രതികൂലമായതോടെ കാര്യങ്ങൾ വിചാരിച്ചിടത്ത് നിന്നില്ലെന്നും ടി.കെ അഷ്റഫ് പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്റെ തുറന്നുപറച്ചിൽ.

അതേ സമയം കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ മൂന്നു ദിവസം എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് അവധി പ്രഖ്യാപിച്ചു. എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു. അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും.

ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധിയായിരിക്കും.

അതേസമയം കൊച്ചിയിൽ പ്രത്യേക ആരോഗ്യ സർവ്വേ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആശാപ്രവർത്തകരെ മൂന്ന് ബാച്ചുകളായി തിരിച്ച് നാളെ മുതൽ ഇതിനായുള്ള പ്രത്യേക പരിശീലനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ നാളെ മുതൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാകും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയെന്നും വീണാ ജോർജ് വ്യക്തമാക്കി.

സാധ്യമായ എല്ലാ രീതിയിലും ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നുണ്ട്, വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിവിധ സൗകര്യങ്ങളോട് കൂടി അഞ്ച് മെഡിക്കൽ മൊബൈൽ യൂണിറ്റുകൾ നാളെ മുതൽ സജ്ജമാക്കും. ആശുപത്രികളിൽ എത്താൻ സാധിക്കാത്തവരെ മൊബൈൽ യൂണിറ്റുകൾ വീടുകളിൽ എത്തി പരിശോധിക്കും. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നവർ ഇത്തരം കാര്യങ്ങളിൽ നിന്ന് പിന്തിരിയണം. വീണാ ജോർജ് കൂട്ടിച്ചേർത്തു.

ബ്രഹ്‌മപുരത്തുകൊച്ചി കോർപ്പറേഷൻ പിന്തുടർന്നുവന്നത് എല്ലാ മാലിന്യങ്ങളും ഒരിടത്ത് നിക്ഷേപിക്കുകയെന്ന അശാസ്ത്രീയ രീതിയാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ആ രീതി മാറ്റാൻ തീരുമാനിച്ചത് ഈ സർക്കാറാണെന്നും ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരത്തുള്ളത് പെട്ടെന്നുണ്ടായ മാലിന്യങ്ങളല്ല, വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട മാലിന്യമലയാണ്. വിവാദങ്ങൾക്കിടെ ആ വസ്തുത കാണാതിരിക്കരുത്.

തീപിടിത്തം ആദ്യമായിട്ടല്ല ഇവിടെ സംഭവിക്കുന്നതെന്നും പക്ഷേ ഇത്തവണ അതിന്റെ വ്യാപ്തി കൂടിയതാണ് പ്രശ്‌നങ്ങൾ ഇത്രയും ഗുരുതരമാക്കിയതെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി. ഇനി ഒരു തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയെടുക്കുമെന്നും മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നലെ ബ്രഹ്‌മപുരത്തെത്തിയിരുന്നു. ശുചിത്വമിഷൻ ഡയറക്ടർ, ജില്ലാ കലക്ടർ, തദ്ദേശവകുപ്പ് ചീഫ് എഞ്ചിനീയർ, പിസിബി ചെയർമാൻ എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലത്തെത്തിയത്. അതേസമയം ബ്രഹ്‌മപുരത്തെ തീയണക്കൽ 95 ശതമാനം പൂർത്തിയായെന്ന് ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു.