മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ രാഷ്ട്രീയ കക്ഷികളുടെ ഫ്‌ളക്‌സ് പോര്. 'പോരാട്ടമാണ് ബദൽ പൊറോട്ടയല്ല' എന്നെഴുതിയ ഫ്‌ളക്‌സ് സ്ഥാപിച്ച് ഡിവൈഎഫ്‌ഐയാണ് ആദ്യം വെടിമരുന്നിന് തീകൊളുത്തിയത്. ഇതിന് മറുപടിയുമായി യൂത്ത് ലീഗും യൂത്ത് കോൺഗ്രസും രംഗത്തെത്തി.

തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ' എന്നായിരുന്നു യൂത്ത് ലീഗിന്റെ ഫ്‌ളക്‌സിലെ വരികൾ.  ഡിവൈഎഫ്‌ഐയുടെ ഫ്‌ളക്‌സിന് മുകളിൽ യൂത്ത് കോൺഗ്രസും ഫ്‌ളക്‌സ് വച്ചു. കാക്കിയും ചുവപ്പുമുള്ള നിക്കറിന്റെ ചിത്രം വച്ച ഫ്‌ളക്‌സിൽ ആരാധകരെ ശാന്തരാകുവിൻ പോരാട്ടം ആർഎസിനോടാണ് എന്നാണ് ഈ ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്.

ഇന്നലെ പെരിന്തൽമണ്ണ ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടത്തിൽ ഡിവൈഎഫ്‌ഐ കറുത്ത ബാനർ തൂക്കിയിരുന്നു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നായിരുന്നു എഴുതിയത്. ഫേസ്‌ബുക്കിലാണ് വി ടി ബൽറാം ഇതിന് മറുപടി നൽകിയത്. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ എന്നാണ് ബാനറിന്റെ ഫോട്ടോ പങ്കുവച്ച് ബൽറാമിന്റെ പോസ്റ്റ്. രാഹുലിന്റെ ശ്രദ്ധ തിരിക്കാൻ ഇത്തരം ഞാഞ്ഞൂലുകൾക്ക് കഴിയില്ല എന്നും ബൽറാം പ്രതികരിച്ചിരുന്നു.

ഡിവൈഎഫ്‌ഐയുടെ പരിഹാസത്തിന് മറുപടിയുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും രംഗത്തെത്തിയിരുന്നു. 'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' ബാനറിന് മറുപടിയായി 'പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക - ഡിവൈഎഫ്‌ഐ ഫുഡ് വ്ളോഗ്സ്''- ഡിവൈഎഫ്‌ഐയെ പരിഹസിച്ച് തഹ്ലിയ ഫേസ്‌ബുക്കിൽ കുറിച്ചു.