ധാക്ക: ഓരോ ദിവസം കഴിയുതോറും ഇപ്പോൾ വിമാനാപകടങ്ങൾ വർധിച്ചുവരുകയാണ്. വിമാനത്തിനുളളിൽ നിന്നും ചെറിയൊരു ശബ്ദം കേട്ടാൽ പോലും ഇപ്പോൾ യാത്രക്കാർക്ക് ഭയമാണ്. ഈ വർഷം തന്നെ അമേരിക്കയിലുള്ളവർ നാല് വിമാനാപകടങ്ങളാണ് അതിജീവിച്ചത്. ഇതൊക്കെ കൊണ്ട് തന്നെ ലോക ജനതയ്ക്ക് ഇപ്പോൾ വിമനങ്ങളിൽ യാത്ര ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് സംഭവിച്ചത്.

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട 'ബിമാന്‍' ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനത്തിനാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തേണ്ടി വന്നത്. 396 യാത്രക്കാരും 12 ജീവനക്കാരുമായി ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച അര്‍ധരാത്രിയോടെ അടിയന്തരമായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇറക്കുകയായിരുന്നു.

റൺവേയിൽ നിന്നും വിമാനം പുറപ്പെട്ട് ഏകദേശം 25,000 അടി ഉയരത്തിലെത്തിയപ്പോൾ തന്നെ പൈലറ്റിന് അപകടം മണത്തു. ഉടനെ തന്നെ യാത്രക്കാരെ പോലും പരിഭ്രാന്തിയിൽ ആക്കാതെ അടുത്തുള്ള എയർപോർട്ടിലെ എടിസി യുമായി കണക്ട് ചെയ്യുകയായിരുന്നു. തുടർന്ന് ലാൻഡ് ചെയ്യാൻ അനുമതി വാങ്ങിയശേഷം വിമാനം മഹാരാഷ്ട്രയിലെ നാഗ്പുർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറക്കുകയായിരുന്നു.

അതുപോലെ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയതെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ആ ദിവസം തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, ജനുവരിയില്‍ നാഗ്പൂര്‍ വിമാനത്താവളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ മോശം കാലാവസ്ഥ മൂലം വഴിതിരിച്ചു വിട്ടിരുന്നു. ധാക്കയിലേക്ക് പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥ മൂലം നാഗ്പൂരില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഡൽഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനവും മോശം കാലാവസ്ഥ മൂലം നാഗ്പൂരിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു.

ഇതിനിടെ, കാനഡയിലെ ടൊറന്റോയിലുണ്ടായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം യാത്രക്കാരുടെ അത്ഭുതരക്ഷപെടലിനെ കുറിച്ചുള്ള വീഡിയോകള്‍ വൈറലാണ്. പീറ്റ് കുക്കോവ് എന്ന യാത്രക്കാരി തന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് എക്‌സിലും ഇന്‍സ്റ്റഗ്രാമിലുമടക്കം വൈറലാകുന്നത്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോ ആണിത്. ഫയര്‍ എഞ്ചിന് പുറത്തേക്ക് വെള്ളം ശക്തമായി ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

'ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു' എന്നാണ് യാത്രക്കാരി പോസ്റ്റ് ചെയ്ത വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാന ജീവനക്കാര്‍ ഇടപെട്ട് വിമാനത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതും കാണാം. വിമാനം പൊട്ടിത്തെറിക്കാതിരിക്കാന്‍ വെള്ളം ശക്തമായി ചീറ്റുന്നുമുണ്ടായിരുന്നു.

'എന്റെ വിമാനം തകര്‍ന്നു, ഞാന്‍ തലകീഴായി മറിഞ്ഞു,' എന്നാണ് വീഡിയോക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. സ്തബ്ധരായ യാത്രക്കാര്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വിമാനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ നെട്ടോട്ടമോടുന്നത് വീഡിയോയില്‍ കാണാം. കാനഡയിലെ ടൊറോന്റോയില്‍ നടന്ന വിമാനാപകടത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസില്‍ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.