വാരണസി (ഉത്തർപ്രദേശ്) : ശനിയാഴ്ചയോടെ ഗംഗയിലെ ജലനിരപ്പ് ഉയർന്നതോടെ നദിയുടെയും പോഷകനദികളുടെയും തീരത്തുള്ള നിരവധി കാർഷിക, പാർപ്പിട മേഖലകളിൽ വെള്ളം കയറി.ഗംഗയിലും അതിന്റെ കൈവഴിയായ വരുണയിലും വെള്ളപ്പൊക്കം ബാധിച്ചതായും ജില്ലയിൽ 228.69 ഹെക്ടർ കൃഷിനാശമുണ്ടായതായും ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു.

ജില്ലയിലെ 18 മുനിസിപ്പൽ വാർഡുകളെ 80 ലധികം ഗ്രാമങ്ങളെയുമാണ് പ്രളയം ബാധിച്ചിരിക്കുന്നത്.വാരാണസി എംപിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലാ മജിസ്ട്രേട്ടുമായി ബന്ധപ്പെട്ട് പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

ശനിയാഴ്ച രാവിലെ 10 മണിയോടെ ഗംഗയുടെ ജലനിരപ്പ് 71.26 മീറ്ററും 71.50 മീറ്ററും കടന്നതായി സെൻട്രൽ വാട്ടർ കമ്മീഷൻ അറിയിച്ചു. വാരണാസി സദറിലെ 68 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും 10,104 പ്രളയബാധിതരെ 18 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും സുഡ് ഡിവിഷണൽ മജിസ്ട്രേറ്റ് (സദർ) ഹൻസിക ദീക്ഷിത് പറഞ്ഞു.

തീർത്ഥ ഘട്ടങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ നിർവ്വാഹമില്ലാത്ത ആവസ്ഥയാണ്. അസിഘട്ട് മുതൽ നമോഘട്ട് വരെയുള്ള പ്രദേശം പൂർണമായി വെള്ളത്തിലായിരിക്കുന്നു. ഹരിശ്ചന്ദ്രഘട്ടിലും മണികർണിക ഘട്ടിലും മൃതദേഹങ്ങൾ സമീപത്തെ തെരുവുകളിലോ വീടിന്റെ ടെറസുകളിലോ ദഹിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും നൽകുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്, കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ടീമുകൾ തുടർച്ചയായി ബാധിത പ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നുണ്ടെന്ന് എസ്ഡിഎം പറഞ്ഞു.

ദുരിതാശ്വാസ സാമഗ്രികൾക്കും മെഡിക്കൽ സൗകര്യങ്ങൾക്കുമൊപ്പം സാനിറ്ററി കിറ്റുകളും സോപ്പും അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്യുന്നുണ്ടെന്നും എസ്ഡിഎം പറഞ്ഞു. ജില്ലയിൽ പ്രളയബാധിതർക്കായി 40 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പ്രളയബാധിത പ്രദേശങ്ങളിൽ വൈദ്യസഹായം നൽകുന്നതിനായി 40 മെഡിക്കൽ ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ സന്ദീപ് ചൗധരി പറഞ്ഞു. അവശ്യമരുന്നുകൾക്കൊപ്പം ഒആർഎസ് പാക്കറ്റുകളും ക്ലോറിൻ ഗുളികകളും ടീമുകൾക്ക് നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും മതിയായ അളവിൽ മരുന്നുകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.