- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തോരാമഴയിൽ നിറഞ്ഞു കവിഞ്ഞു യമുന; വെള്ളക്കെട്ടിൽ ആകെ പകച്ച് രാജ്യ തലസ്ഥാനം; റോഡുകളിൽ പറന്നൊഴുകി നദീജലം; 10 മെട്രോ സ്‌റ്റേഷനുകൾ പൂട്ടി; ഹത്‌നി കുണ്ഡ് അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതും ഡൽഹിക്ക് തിരിച്ചടിയായി; നദീതീരത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയെ വിറപ്പിച്ചു കൊണ്ട് തോരാമഴയും വെള്ളപ്പൊക്കവും. മൂന്നു ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴ നഗരത്തെ വെള്ളക്കെട്ടിലാക്കി. യമുന നദികവിഞ്ഞ് ഒഴുകിയതോടെ വെള്ളക്കെട്ടിലായിരിക്കുകയാണ് രാജ്യതലസ്ഥാനം. പ്രളയഭീഷണിക്കു മുന്നിൽ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഡൽഹിയിപ്പോൾ.
റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാനദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുന്നു. റോഡികളിലും വെള്ളം കയറി മുങ്ങി. കാറുകൾ ഒലിച്ചു പോകുന്ന അവസ്ഥയും സംജാതമാണ്. അപകടപരിധിയായ 205 മീറ്റർ കവിഞ്ഞും യമുന നിറഞ്ഞൊഴുകുകയാണ്. വ്യാഴാഴ്ച രാവിലെ 8ന് 208.48 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് ഇനിയും ഉയരുമെന്നാണു മുന്നറിയിപ്പ്.
1978ലെ 207.59 എന്ന ജലനിരപ്പ് പരിധിയെയും മറികടന്നും വെള്ളം നിറയുന്നത് ആശങ്കയുണ്ടാക്കുന്നു. നദീതീരത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ പൊതുവേ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും പ്രളയഭീഷണി തുടരുകയാണ്. വെള്ളക്കെട്ടുയർന്ന താഴ്ന്ന പ്രദേശങ്ങളിൽനിന്നുള്ളവരെ മാറ്റിപാർപ്പിച്ചുതുടങ്ങി. യമുനയുടെ സമീപമുള്ള 10 മെട്രോ സ്‌റ്റേഷനുകൾ അടച്ചുപുട്ടി. അപകടസൂചികക്ക് മൂന്നുമീറ്റർ ഉയരത്തിലാണ് ജലനിരപ്പുള്ളത്. പ്രളയഭീതിയുയർന്നതോടെ ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളംപേർ താമസിക്കുന്നുണ്ടെന്നും ഇവരെ മാറ്റിപ്പാർപ്പിപ്പിച്ചു തുടങ്ങിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും .16 കൺട്രോൾ റൂമുകളും ഡൽഹി സർക്കാർ തുറന്നിട്ടുണ്ട്. ഹരിയാനയിലെ ഹത്‌നി കുണ്ഡ് അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതും ഡൽഹിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ കനത്ത മഴയുമാണു രാജ്യതലസ്ഥാനത്തെ വെള്ളക്കെട്ടിലാക്കിയത് എന്നാണു പ്രാഥമിക നിഗമനമെന്ന് അധികൃതർ പറയുന്നു.
എന്നാൽ മറ്റു കാരണങ്ങളുമുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നു ഡൽഹി സർക്കാർ പറയുന്നുണ്ടെങ്കിലും ജനങ്ങൾ ഭയത്തിലും പ്രതിഷേധത്തിലുമാണ്. ഹിമാചൽ പ്രദേശിലുൾപ്പെടെ ഉത്തരേന്ത്യയിൽ പെയ്ത കനത്ത മഴയാണ് അതിവേഗത്തിൽ ഹത്‌നി കുണ്ഡ് അണക്കെട്ട് നിറയാൻ കാരണം. ഹിമാചലിൽ ഉൾപ്പെടെ പേമാരിയിൽ വലിയ തോതിൽ നാശനഷ്ടങ്ങളുമുണ്ടായി. 180 കിലോമീറ്റർ ദൂരെയുള്ള ഹരിയാനയിലെ യമുനാഗർ അണക്കെട്ടിൽനിന്നുള്ള വെള്ളം ഡൽഹിയിൽ എത്താൻ രണ്ടുമൂന്നു ദിവസമെടുക്കും. ചുരുങ്ങിയ സമയത്തിൽ പെയ്ത മഴയുടെ അളവ് വളരെ കൂടുതലായതാണു യമുന നിറഞ്ഞൊഴുകാൻ കാരണമെന്നും അഭിപ്രായമുണ്ട്.

കനത്തമഴ ദുരിതവിതച്ച പഞ്ചാബിലും ഹരിയാനയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫിന് പുറമേ സൈന്യത്തിന്റെയും സഹായം ഹരിയാന സർക്കാർ ആവശ്യപ്പെട്ടു.പഞ്ചാബിലെ പട്യാല, രൂപ്‌നഗർ, മോഗ, ലുധിയാന, മൊഹാലി, എസ്ബിഎസ് നഗർ, ഫത്തേഗഡ് സാഹിബ് ജില്ലകളിലായി പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. ഇരു സംസ്ഥാനത്തുമായി ഇരുപതോളം പേരാണ് മരിച്ചത്.
കനത്ത മഴയിൽ തകർന്നടിഞ്ഞ ഹിമാചൽ പ്രദേശിൽ മഴ മാറിനിന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും ഗതാഗതയോഗ്യമല്ലാതായ റോഡുകൾ ഭാഗികമായി തുറന്നതോടെ പലയിടത്തായി കുടുങ്ങിയ അരലക്ഷത്തോളം വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചെന്ന് സർക്കാർ അറിയിച്ചു.





