- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ചയ്ക്കിടെ രണ്ട് മരണം; എന്നിട്ടും വിഷം വിളമ്പുന്നു! സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; പത്തനംതിട്ടയിൽ സ്‌കൂളിൽ നിന്നും ചിക്കൻ ബിരിയാണി കഴിച്ച വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിത്സയിൽ; പരിശോധനകൾ പ്രഹസനമെന്ന് ആക്ഷേപം
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ടയിൽ ഭക്ഷ്യവിഷബാധയേറ്റ് പതിമൂന്ന് വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും ചികിത്സയിൽ. ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്‌കൂളിൽ നിന്നും ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.
സ്‌കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാർഷികാഘോഷം നടന്നത്. കൊടുവള്ളിയിലെ ഹോട്ടലിൽ നിന്നാണ് ബിരിയാണി എത്തിച്ചത്. ഭക്ഷണം കഴിച്ച ദിവസം ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ല. പിറ്റേ ദിവസം മുതലാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടികളെ പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.
ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയ്ക്കിടെ രണ്ട് മരണം നടന്നതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ കർശന പരിശോധന നടന്നുവരികയാണ്. അതിനിടെയാണ് സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നത്.
അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് കുടുംബത്തിന് ഷവർമ്മയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. രജിസ്‌ട്രേഷൻ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തൽ.
ഷവർമ വില്പന നടത്താൻ ലൈസൻസ് നിർബന്ധമാണ്. നെടുംകണ്ടം ക്യാമൽ റെസ്റ്റോ ഹോട്ടലിലെ ജീവനക്കാരിൽ ആറ് പേറുടെ ഹെൽത്ത് കാർഡ് കാലാവധി അവസാനിച്ചതാണെന്നും ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. പോരായ്മകൾ പരിഹരിച്ച ശേഷം ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തും. അതിന് ശേഷമേ ഹോട്ടൽ തുറക്കാവൂ എന്ന് നിർദ്ദേശം നൽകി. ഹോട്ടൽ ആരോഗ്യ വിഭാഗം ഇന്നലെ തന്നെ അടപ്പിച്ചിരുന്നു.
ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴ് വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛർദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടർന്ന് മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.
കാസർകോട് ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം രണ്ടിനാണ് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് മരിച്ചത്. കാസർകോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി എന്ന 19 വയസുകാരി ഇന്നലെയാണ് മരിച്ചത് . കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റ് അഞ്ജുശ്രീ പാർവ്വതി മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ