പത്തനംതിട്ട: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന എല്ലാ നടപടി ക്രമങ്ങളും വഴിയോരത്തെ ചെറുകടികളും ചായയും വിൽക്കുന്നവർക്കും തട്ടുകടകൾക്കും ബാധകം. ഇവിടെ ഭക്ഷ്യസുരക്ഷാ ലൈസൻസും ഹെൽത്ത് കാർഡും നിർബന്ധമാണ്. ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും മാത്രമല്ല, ഭക്ഷണം വിൽക്കുന്ന ഏത് സ്ഥാപനങ്ങൾക്കും ഇതെല്ലാം ബാധകമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.

എഫ്എസ്എസ് ആക്ട് 2006 പ്രകാരമാണ് തട്ടുകടകൾ അടക്കം പ്രവർത്തിക്കാൻ. ഈ വിവരം ഇപ്പോഴാണ് പുറത്തു വരുന്നതെന്ന് മാത്രം. വിവരാവകാശ പ്രവർത്തകൻ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് നൽകിയ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മറുപടി നൽകിയിരിക്കുന്നത്. ഇങ്ങനെ ഒരു നിയമം ഇവിടെ നിലവിലുണ്ടായിരുന്നിട്ടും ജനത്തിന് വൃത്തിയുള്ള ഭക്ഷണം ലഭിക്കാതെ പോകുന്നതിന്റെ ഉത്തരവാദികൾ ഭക്ഷ്യസുരക്ഷാ വകുപ്പാണെന്ന് മനോജ് പറയുന്നു.

തട്ടുകടകൾക്കും വീട്ടിൽ ഊണിനും ചെറുകടികൾ വിൽക്കുന്ന കടകൾക്കുമെല്ലാം എഫ്എസ്എസ് ആക്ട് ബാധകമാണ്. പക്ഷേ, എത്ര സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട് എന്നതാണ് പരിശോധിക്കേണ്ടത്. വിഷഭക്ഷണം കഴിച്ച് ആരെങ്കിലും മരിക്കുമ്പോൾ മാത്രം കുറേ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനയും നടപടിയുമുണ്ടാകും. അതു ഏതാനും ദിവത്തേക്ക് മാത്രം. അപ്പോഴും തട്ടുകടകളും മറ്റ് ചെറിയ ഭക്ഷണ വിതരണ കടകളും പ്രവർത്തിക്കും.

അന്തരീക്ഷത്തിൽ തുറന്നു വച്ചാണ് ഇവയുടെ പ്രവർത്തനം. നാറ്റം വമിക്കുന്ന ഓടയുടെ മുകളിലാകും മിക്ക തട്ടുകടകളുടെയും സ്ഥാനം. മലിനജലം റോഡിലേക്കും തോട്ടിലേക്കും ഒഴുക്കും. ഇവർ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ആരാണ് പരിശോധിക്കുന്നത്? എത്ര തട്ടുകടകൾക്ക് സംസ്ഥാനത്ത് എഫ്എസ്എസ് രജിസ്ട്രേഷനുണ്ടെന്ന കണക്കു പോലും ഇല്ലെന്ന് മനോജ് പറയുന്നു.