- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന; പരിശോധിച്ച 429 കടകളിൽ വൃത്തിഹീനമായി പ്രവർത്തിച്ച 43 എണ്ണം അടപ്പിച്ചു; 86 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി; മാംസവിതരണ മേഖലയിലും പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് ; വരും ദിവസങ്ങളിലും 'ഓപ്പറേഷൻ ഹോളിഡേ' വഴി പരിശോധനകൾ തുടരും
തിരുവനന്തപുരം:കോട്ടയം സംക്രാന്തിയിലെ കുഴിമന്തി ഹോട്ടലിൽ നിന്നുമുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന.കോട്ടയത്തെ നേഴ്സിന്റെ മരണത്തിന് പിന്നാലെ ഹോട്ടലുകളിൽ പരിശോധനകൾ കർശനമാക്കുമെന്ന ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധനയാണ് നടന്നത്.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43 ഹോട്ടലുകളാണ് അടച്ചു പൂട്ടിയത്.
സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജാണ് അറിയിച്ചത്. വൃത്തിഹീനമായി പ്രവർത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു.138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 44 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.
ഹോട്ടലുകളിലെ പരിശോധനകൾക്കൊപ്പം തന്നെ മാംസവിതരണ മേഖലയിലും പരിശോധനകൾ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റഷനിൽ നടന്ന പരിശോധനയിൽ ട്രെയിൻ വഴിയെത്തിച്ച മാസം പിടികൂടി.ദിണ്ടിഗലിൽ നിന്ന് മാംസം ട്രെയിൻ വഴിയെത്തിച്ച് വിതരണം ചെയ്യുന്ന ഡെയിലി ഫ്രഷ് എന്ന സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാവിഭാഗം നോട്ടീസ് നൽകി.ഇവരിൽ നിന്നും പിടിച്ചടുത്ത മാസം സാംപിൾ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങൾക്കു ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും ആരോഗ്യമന്ത്രി തന്നെ നിർദ്ദേശം നൽകിയിരിക്കുന്നത്.ലൈസൻസോ രജിസ്റ്റ്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.ലൈസൻസ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലർന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തിൽ മായം കലർത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നൽകുന്നതും ക്രിമിനൽ കുറ്റമാണ്. ഇതു സംബന്ധിച്ച് കർശനമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തിൽ ഇത്തരത്തിലുള്ള മായം കലർത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാൽ ആ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ അതു പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന കർശനമായ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്.
ഇക്കാര്യത്തിൽ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും പ്രത്യേകിച്ച് ആഹാരം തയാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടൽ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാര പരിധിയിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്റ്റ്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളിന്മേൽ കൃത്യമായി പെട്ടെന്നുള്ള നടപടികൾ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.
പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ചിട്ടുള്ള പരാതികൾ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോർട്ടൽ തയാറാക്കി വരുന്നു. പൊതുജനങ്ങൾക്ക് ഫോട്ടോയും വിഡിയോയും അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും.ഓരോ പരാതിയിന്മേലും പെട്ടെന്നു തന്നെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ