- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുഴുവരിച്ച ചിക്കൻ വിഭവങ്ങൾ'; കണ്ണൂരിലെ ജനപ്രിയ ഹോട്ടലുകളിൽ നിന്നടക്കം പഴകിയ ഭക്ഷണം പിടികൂടി; പൂപ്പൽ വന്നതും പുഴുവരിക്കുന്നതുമായി മാംസ വിഭവങ്ങൾ കണ്ട് ഓക്കാനം വിട്ട് ഉദ്യോഗസ്ഥരും; ഇത്രയധികം പഴയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതെന്ന് ആദ്യമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; സംസ്ഥാനത്തെ 6 ലക്ഷം സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് ഉള്ളത് 40000ൽ താഴെ മാത്രം സ്ഥാപനങ്ങൾക്കും; പരിശോധനകളും പ്രഹസനം
കണ്ണൂർ: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടവേളയ്ക്ക് ശേഷം ഉണർന്നു പരിശോധന നടത്തിയതോടെ റെസ്‌റ്റോറന്റുകളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച പശ്ചാത്തലത്തിൽ കണ്ണൂരിലെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ് നടത്തിയപ്പോൾ പുഴുവരിച്ച ചിക്കൻ വരെ കണ്ടെത്തി. കണ്ണൂർ കോർപറേഷൻ പരിധിയിൽ 58 ഹോട്ടൽ ടീ ഷോപ്പ്, ബേക്കറികൾ എന്നിവടങ്ങളിലും ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ വിവിധ ഭാഗങ്ങളിലുമാണ് ഒരേ സമയം ഇന്ന് പുലർച്ചെ മുതൽ റെയ്ഡു നടന്നത്.
ഇന്നലെ രാത്രി കണ്ണൂർ നഗരത്തിലെ തട്ടുകടകളിൽ റെയ്ഡു നടത്തുകയും ചില തു പൂട്ടിക്കുകയും ചെയ്തിരുന്നു. കണ്ണൂർ കോർപറേഷൻ പരിധിയിലെ ചില ഹോട്ടലുകളിൽ നിന്ന് പുഴു അരിക്കുന്ന രീതിയിൽ ചിക്കൻ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. 58 ഹോട്ടലുകളിലാണ് കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തിയത് ഇന്ന് രാവിലെ മുതൽ റെയ്ഡു നടത്തിയത്.
കണ്ണൂരിലെ പല ജനപ്രിയ ഹോട്ടലുകളിൽ നിന്നും ഇപ്പോൾ പഴയ ഭക്ഷണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ബോസ്‌കോ ഹോട്ടൽ, എംആർഎ ബേക്കറി, ഹംസ ടി ഷോപ്പ്, ബാർക, ഹോട്ടൽ സിത്താര, സിതാപാനി, തലശ്ശേരി റസ്റ്റോറന്റ്, ഫിൻലാൻഡ്, മലബാറി റസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.
പഴകിയ ബീഫ്, പച്ചക്കറികൾ, ചിക്കൻ, പഴവർഗ്ഗങ്ങൾ, പൊറോട്ട, ബിരിയാണി, പച്ചപ്പട്ടാണിയുടെ കറി, സ്വീറ്റ്‌സ്, തുടങ്ങി നിരവധി പഴകിയ ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. പൂപ്പൽ വന്ന രീതിയിലും പുഴുവരിക്കുന്ന രീതിയിലും വൃത്തിഹീനമായ നിലയിലായിരുന്നു മിക്ക ഹോട്ടലുകളുടെയും പ്രവർത്തനം. ഷവർമക്കായി വെട്ടിയെടുത്ത മാംസവും പഴകിയ രീതിയിൽ പിടിച്ചെടുത്തിട്ടുണ്ട്. മിന്നൽ റൈഡ് ആയിരുന്നു രാവിലെ മുതൽ നടന്നത് എന്നതിനാൽ പഴകിയ ഭക്ഷണം ഹോട്ടൽ അധികൃതർക്ക് മാറ്റുവാൻ ഉള്ള സമയം ലഭിച്ചില്ല.
പഴകിയ ഭക്ഷണം വിളമ്പുന്നതിനെതിരെയും മായം കലർത്തി വിൽക്കുന്നതിനെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും മേയർ ടി.ഒ മോഹനൻ അറിയിച്ചു. കണ്ണൂർ ജില്ലയിലെ എല്ലാ ഹോട്ടലുകളിലും ഒരാഴ്ച ഇടപെട്ട് ഇനി റെയ്ഡ് നടത്തുമെന്ന് മേയർ ടി ഓ മോഹനൻ പറഞ്ഞു. ജനങ്ങളുടെ ജീവിതം പന്താടുന്ന രീതിയിലുള്ള പ്രവർത്തനം ഹോട്ടലുകളിൽ ഇനി അനുവദിക്കില്ല എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. പഴകിയ ഭക്ഷണം ഹോട്ടലുകളിൽ വിൽക്കുവാനുള്ള എല്ലാ നടപടികളും ഇനി തടയും എന്നും മേയർ പറഞ്ഞു.
ഒരു അപകടം ഉണ്ടായാൽ മാത്രമേ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണർന്നു പ്രവർത്തിക്കുന്നു എന്നുള്ള വിമർശനം പല കോണുകളിൽ നിന്നും ശക്തമായ രീതിയിൽ ഉയരുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് കാസർകോട് ഷവർമ കഴിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആ സമയത്ത് ശക്തമായ റെയ്ഡുകൾ തുടർന്നിരുന്നു എങ്കിലും പിന്നീട് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. ഇതുതന്നെയാണ് കോട്ടയത്തുള്ള അപകടത്തിലേക്ക് വഴി വച്ചത്.
വരും ദിവസങ്ങളിലും കണ്ണൂർ ജില്ലയിൽ റെയ്ഡ് തുടരും. ഇനി ഏതു ഹോട്ടലുകളിൽ നിന്നാണോ പഴകിയ ഭക്ഷണങ്ങൾ കണ്ണൂർ ജില്ലയിൽ പിടിക്കുന്നത് ആ പിടിച്ച ഹോട്ടലിന്റെ പേരടക്കം പ്രസിദ്ധീകരിക്കുമെന്ന് മേയർ പറഞ്ഞു. മാത്രമല്ല ഇനി ജനങ്ങൾക്ക് കാണാനായി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പഴകിയ ഭക്ഷണങ്ങൾ പ്രദർശിപ്പിക്കും എന്നും മേയർ പറഞ്ഞു.
ആറ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്കെല്ലാം നോട്ടീസ് നൽകും. മറുപടി കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ടയത്ത് ഭക്ഷ്യവിധബാധയേറ്റ് യുവതി മരിക്കാനിടയായ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
അതേസമയം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വെറും വാക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരിച്ചപ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പിന്നീട് പാഴാകുകയാണ് ഉണ്ടായത്. ഭക്ഷണ പദാർത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം എന്നും അന്ന് തീരുമാനിച്ചിരുന്നു.
ഭക്ഷണം സംബന്ധിച്ച പരാതികൾ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാക്കും എന്നും സർക്കാർ പറഞ്ഞിരുന്നു.എന്നാൽ അന്ന് പ്രഖ്യാപിച്ച നടപടികൾ മിക്കതും കടലാസ്സിൽ ഒതുങ്ങി. അതിന്റെ ബാക്കിപത്രമാണ് കോട്ടയത്ത് യുവതിക്കുണ്ടായ ദാരുണാന്ത്യവും. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 6 ലക്ഷം സ്ഥാപനങ്ങളാണ്. ഇതിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് 40000 ൽ താഴെ എണ്ണത്തിന് മാത്രമാണ്. 6 ലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രം. പരിശോധനകൾ പ്രസഹനമാവുകയാണ്.
അതേസമയം സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയുള്ള ഹൈജീൻ ആപ്പ് ഉടനെ പ്രവർത്തന സജ്ജമാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വ്യക്തമാക്കുന്നത്. ശുചിത്വം, സൗകര്യങ്ങൾ, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിങ്. ആപ്പ് വഴി ഹോട്ടലുകളുടെ ഈ റേറ്റിങ് നോക്കി പൊതുജനത്തിന് കയറാൻ കഴിയുന്ന സംവിധാനം. ദേശീയ ഭക്ഷ്യ സുരക്ഷാ അഥോറിറ്റി അംഗീകരിച്ച ഏജൻസികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നൽകുക. മുഴുവൻ ഹോട്ടലുകളെയും ഇതിന് കീഴിൽ കൊണ്ടുവന്ന് ആപ്പ് സജീവമാവുന്നതോടെ ചിത്രം മാറുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇതിന് കീഴിൽ സംസ്ഥാനത്തെ 800 ഹോട്ടലുകളാണുള്ളത്.
പരിശോധനകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് ഏറെ നാളായി. പൊതുജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമായ പോർട്ടലായിരുന്നു ഇതിലൊന്ന്. ഇതും ഉടനെ പ്രവർത്തന സജ്ജമാകുമെന്നാണ് സർക്കാർ പറയുന്നത്. അതേസമയം തിരുവനന്തപുരം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 11 ഹോട്ടലുകൾ പൂട്ടിയിരുന്നു. അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ അടക്കമാണിത്. 46 ഹോട്ടലുകളിലായിരുന്നു പരിശോധന. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകൾ പരിശോധിച്ചതും തലസ്ഥാനത്താണ്. ഭക്ഷണ സാധനങ്ങളിൽ പാറ്റയെ കണ്ടെത്തിയതിനാലാണ് ബുഹാരി പൂട്ടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ അടുക്കളയിലെ പഴയ ഫ്രിഡ്ജിൽ പാറ്റകൾ പറ്റമായിരിക്കുന്നതാണ് കണ്ടത്. ഉപയോഗശൂന്യമായ ഫ്രിഡ്ജ് അലമാരയ്ക്ക് പകരമായി ഉപയോഗിക്കുകയായിരുന്നു. അടുക്കളയിൽ നനച്ച് വിരിച്ചിരുന്ന ചാക്കുകൾ മാറ്റാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പെസ്റ്റിസൈഡ് കൺട്രോൾ സർട്ടിഫിക്കറ്റ് നേടിയ ശേഷം കോർപ്പറേഷന്റെ അനുമതിയോടെ ഹോട്ടൽ തുറക്കാൻ ഉദ്യോഗസ്ഥർ ബുഹാരിയുടെ ഉടമസ്ഥരോട് നിർദ്ദേശിച്ചു.എന്നാൽ, പരിശോധനയിൽ അട്ടിമറി ആരോപിച്ച് ഹോട്ടൽ ഉടമയും ജീവനക്കാരും പ്രതിഷേധിച്ചു. ഉദ്യോഗസ്ഥർക്ക് പഴകിയ ഭക്ഷണം ഹോട്ടലിൽ നിന്ന് പിടിച്ചെടുക്കാനായില്ലെന്നും സമീപത്തെ ഹോട്ടലുകളിലും പരിശോധന നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ബുഹാരി ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയവരെ ജീവനക്കാരും ഉടമകളും ചേർന്ന് തടയാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ ആരോപിച്ചു.
എന്നാൽ, മനഃപൂർവം ഹോട്ടൽ പൂട്ടിച്ചതാണെന്നു ഉടമകൾ ആരോപിച്ചു. പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന പാറ്റയെ ഹോട്ടലിൽ ഉപയോഗിക്കാതെ വച്ചിരുന്ന ഫ്രിഡ്ജിൽ ഉദ്യോഗസ്ഥർ വച്ച ശേഷം ഫോട്ടോ എടുക്കുകയായിരുന്നെന്നും ആവർ ആരോപിച്ചു. രണ്ടാഴ്ചയിലൊരിക്കൽ ഇവിടെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഫോർട്ട് പൊലീസ് സ്ഥലത്തെത്തി. മാനദണ്ഡങ്ങൾ പാലിച്ചാണ് ഹോട്ടൽ തുറക്കുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ബുഹാരിയെ കൂടാതെ മെഡിക്കൽ കോളേജിലെ കീർത്തി ഹോട്ടൽ, നെയ്യാറ്റിൻകര ഇടിച്ചക്കപ്ലാമൂട് ആസാദ് ബി6, കുമാരപുരം മലബാർ ഫാമിലി റസ്റ്റോറന്റ്, പിരപ്പൻകോട് പുളിമൂട് ഹോട്ടൽ, പിരപ്പൻകോട് എന്റെ കൃഷ്ണ ബേക്കറി, ശ്രീകണ്ഠേശ്വരം വെട്ടുകാട്ട് ഹോംമീൽസ്, നെയ്യാറ്റിൻകര ഹോട്ടൽ ഉഡുപ്പി, പാറശാല ഹോട്ടൽ ദേവ, കടയ്ക്കാവൂർ മീനൂസ് റസ്റ്റോറന്റ്, വെമ്പായം മാണിക്കൽ റസ്റ്റോറന്റ് എന്നിവയാണ് പൂട്ടിയത്. ഇവിടങ്ങളിലെല്ലാംതന്നെ ഭക്ഷണസാധനങ്ങൾ വൃത്തിഹീനമായാണ് സൂക്ഷിച്ചിരുന്നത്. പലയിടത്തും മാലിന്യ ബിന്നുകൾക്ക് മൂടിയില്ലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ